ന്യൂദല്‍ഹി: ദല്‍ഹി തുഗ്ലക്ക് റോഡിന് ഗുരു ഗോവിന്ദ് സിങ്ങിന്‍റെ പേരിടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ആദേശ് ഗുപ്ത. രാജ്യതലസ്ഥാനത്തെ ആറ് റോഡുകളുടെ പേര് പുനര്‍നാമകരണം ചെയ്യണമെന്ന് അദ്ദേഹം ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിനോട്(എന്‍ഡിഎംസി) ആവശ്യപ്പെട്ടു.
അക്ബര്‍ റോഡ് എന്നത് മഹാറാണാപ്രതാപ് എന്നാക്കണമെന്നും അത് യുവാക്കള്‍ക്കും ഭാവി തലമുറയ്ക്കും പ്രചോദനമാകുമെന്നും ആദേശ് ഗുപ്ത എന്‍ഡിഎംസി ചെയര്‍മാനുള്ള കത്തില്‍ എഴുതി. ഔറംഗസേബ് ലെയ്ന്‍, ഹുമയൂണ്‍ റോഡ്, ഷാജഹാന്‍ റോഡ്, ബാബര്‍ ലെയ്ന്‍ എന്നിവയുടെയും പേര് മാറ്റണം.
ഔറംഗസേബ് പാതയെ എപിജെ അബ്ദുള്‍ കലാം ലെയ്ന്‍ എന്നും ഹുമയൂണ്‍ റോഡിനെ മഹര്‍ഷി വാത്മീകി റോഡ് എന്നും ഷാജഹാന്‍ റോഡിനെ ബിപിന്‍ റാവത്ത് റോഡ് എന്നും ബാബര്‍ ലെയ്‌നെ ഖുദിറാം ബോസ് ലെയിന്‍ എന്നും വിളിക്കണമെന്ന് ഗുപ്ത നിര്‍ദ്ദേശിച്ചു.
കേന്ദ്രമന്ത്രിയും എന്‍ഡിഎംസി അംഗവുമായ മീനാക്ഷി ലേഖി, മുഖ്യമന്ത്രിയും കൗണ്‍സില്‍ അംഗവുമായ അരവിന്ദ് കെജ്‌രിവാള്‍, വൈസ് ചെയര്‍മാന്‍ സതീഷ് ഉപാധ്യായ എന്നിവര്‍ക്കും ഗുപ്ത കത്ത് നല്‍കി.
ഹുമയൂന്‍പൂര്‍, യൂസഫ് സരായ്, ബേഗംപൂര്‍, ഹൗസ് ഖാസ് എന്നിവയുള്‍പ്പെടെ 40 ഗ്രാമങ്ങളുടെ പേര് സ്വാതന്ത്ര്യ സമര സേനാനികള്‍, രക്തസാക്ഷികള്‍, ദല്‍ഹി കലാപബാധിതര്‍, സാംസ്‌കാരികപ്രവര്‍ത്തകര്‍ എന്നിവരുടെ പേരുകളിലേക്ക് മാറ്റണമെന്ന് ഗുപ്ത നേരത്തെ മുഖ്യമന്ത്രി കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ദക്ഷിണ ദല്‍ഹിയിലെ മുഹമ്മദ്പൂര്‍ ഗ്രാമത്തിന്റെ പേര് മാധവപുരം എന്നാക്കി ബോര്‍ഡ് സ്ഥാപിച്ചിരുന്നു.
Discussion about this post