ലഖ്‌നൗ: ജനങ്ങളും സര്‍ക്കാരും കൈകോര്‍ത്തു. പട്‌വായിയിലെ മലിന ജലാശയം അമൃത് സരോവരമായി. അമൃതവര്‍ഷത്തില്‍ എഴുപത്തഞ്ച് പഞ്ചായത്തില്‍ അമൃതസരോവരങ്ങള്‍ എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് യുപി സര്‍ക്കാരും ഗ്രാമീണരും നാടിന് ശാപമായിരുന്ന പട്‌വായിയിലെ വിശാലമായ കുളം നവീകരിച്ചത്. ഗ്രാമസഭയുടെ സ്വന്തം ഭൂമിയിലെ ഈ കുളത്തിലാണ് ഇക്കാലമത്രയും നാട്ടുകാര്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നത്. രോഗവാഹിയായി മാറി ജലാശയത്തെ അമൃതവാഹിനിയാക്കാനുള്ള പ്രതിജ്ഞ എടുക്കുകയായിരുന്നു ബിജെപി നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്ത്.
അതിന് അവര്‍ കഠിനാധ്വാനം ചെയ്തു. സ്‌കൂള്‍ കുട്ടികളും ഒപ്പം കൂടി. തടാകം വൃത്തിയായി. തീരത്ത് സംരക്ഷണഭിത്തി ഉയര്‍ന്നു, ഫുഡ് കോര്‍ട്ടും ജലധാരകളും അലങ്കാര വിളക്കുകളുമൊരുങ്ങി. പുല്‍ത്തകിടിയും പൂന്തോട്ടവും സജ്ജമായി. ഒരു കാലത്ത് മൂക്കുപൊത്തി നടന്ന ജനം പട്‌വായി ജലാശയത്തിന്റെ അമൃതസുഗന്ധം ശ്വസിക്കാന്‍ വൈകുന്നേരങ്ങളിലെത്തിത്തുടങ്ങി. ഈ ശ്രമത്തിന് പട്വായ് ഗ്രാമപഞ്ചായത്തിനെയും ഗ്രാമത്തിലെ ജനങ്ങളെയും അവിടെയുള്ള കുട്ടികളെയും പ്രധാനമന്ത്രി കഴിഞ്ഞമാസത്തെ മന്‍ കി ബാത്തിലൂടെ അഭിനന്ദിച്ചിരുന്നു.
രാജ്യത്തെ ആദ്യത്തെ ‘അമൃത് സരോവര്‍’ ആയി ഇന്നലെ ഇത് നാടിന് സമര്‍പ്പിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയും ഉത്തര്‍പ്രദേശ് ജലശക്തി മന്ത്രി സ്വതന്ത്ര ദേവ് സിംഗും ചേര്‍ന്നാണ് അമൃത് സരോവര്‍ നാടിന് സമര്‍പ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രേരണയിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാര്‍ഗനിര്‍ദേശത്തിലുമാണ് പദ്ധതി പൂര്‍ത്തീകരിച്ചതെന്ന് നഖ്വി പറഞ്ഞു. ഗ്രാമീണരുടെയും ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സമ്പൂര്‍ണസഹകരണത്തിലാണ് അമൃത് സരോവര്‍ നടപ്പായത്. അമൃത് സരോവര്‍പരിസ്ഥിതി, ജല സംരക്ഷണത്തിിനും സഹായിക്കുമെന്നും ജനങ്ങള്‍ക്ക് വിശ്രമവേളകള്‍ ഉല്ലാസപ്രദമാക്കാന്‍ ഉപകരിക്കുമെന്നും നഖ്‌വി പറഞ്ഞു.
ഉത്തര്‍പ്രദേശ് സഹമന്ത്രി ബല്‍ദേവ് സിങ് ഔലാഖ്, രാംപൂര്‍ ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ ഖയാലിറാം ലോധി, മിലാക് എംഎല്‍എ രാജ്ബാല, മൊറാദാബാദ് കമ്മിഷണര്‍ ആഞ്ജനേയ കുമാര്‍ സിങ്, ജില്ലാ മജിസ്ട്രേറ്റ് രാംപൂര്‍ രവീന്ദ്ര കുമാര്‍ മന്ദര്‍, ചീഫ് ഡെവലപ്മെന്റ് ഓഫീസര്‍ ഗസല്‍ ഭരദ്വാജ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post