തിരുവനന്തപുരം: ആലപ്പുഴ നെഹ്രുട്രോഫി വള്ളംകളി മത്സര ഉദ്ഘാടനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുക്കില്ല. കേരളത്തില്‍ കേന്ദ്രമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ വള്ളംകളി ഉള്‍പ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് അമിത് ഷായോട് വള്ളംകളിയിലും ഓണാഘോഷങ്ങളിലും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടി ഔദ്യോഗികമായി കത്തു നൽകി . എന്നാല്‍, കേന്ദ്രമന്ത്രിയുടെ പരിപാടികളില്‍ വള്ളംകളി ഉള്‍പ്പെടുത്തിയിട്ടില്ല. വന്‍ജനക്കൂട്ടമുള്ള പരിപാടിയില്‍ സുരക്ഷ കാരണങ്ങളാലാണ് അമിത് ഷാ പങ്കെടുക്കാത്തതെന്നാണ് സൂചന. ശനിയാഴ്ച കോവളത്തു നടക്കുന്ന സതേണ്‍സോണല്‍ കൗണ്‍സില്‍ യോഗമാണ് അമിത്ഷായുടെ പ്രധാന പരിപാടി. രണ്ടിന് വൈകീട്ട് തിരുവനന്തപുരത്ത് എത്തുന്ന അമിത്ഷായ്ക്ക് വിമാനത്താവളത്തില്‍ ബി.ജെ.പി. സ്വീകരണമൊരുക്കും.
കോവളത്തെ ഹോട്ടല്‍ റാവീസില്‍ സതേണ്‍ കൗണ്‍സില്‍ യോഗത്തില്‍ സംബന്ധിക്കുന്ന വിശിഷ്ടാതിഥികള്‍ക്കുള്ള സാംസ്‌കാരികപരിപാടികളില്‍ സംബന്ധിക്കും. മൂന്നിന് 11ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ലക്ഷദ്വീപ്, അന്തമാന്‍ നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍നിന്നുള്ള ഭരണാധികാരികളും പങ്കെടുക്കുന്ന സതേണ്‍ കൗണ്‍സില്‍ യോഗം അമിത്ഷാ ഉദ്ഘാടനം ചെയ്യും. ഉച്ചഭക്ഷണത്തിനുശേഷം സര്‍ക്കാര്‍തലത്തിലുള്ള യോഗത്തില്‍ സംബന്ധിക്കും. മൂന്നുമണിക്ക് കഴക്കൂട്ടം അല്‍സാജില്‍ നടക്കുന്ന പട്ടികജാതിസംഗമം ഉദ്ഘാടനംചെയ്യും. രാത്രി അമിത് ഷാ ദല്‍ഹിക്ക് മടങ്ങും.
Discussion about this post