കണ്ണൂര്‍: കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനായ ചെറിയ ബാലന് നേരെ യുവാവിന്‍റെ അതിക്രമം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജസ്ഥാന്‍ സ്വദേശികളുടെ മകനായ ഗണേഷിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാക്കുറ്റങ്ങള്‍ ചുമത്തിയാണ് തലശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വാഹനവും പിടിച്ചെടുത്തു.
കുട്ടിയുടെ നടുവിന് നേരെ ഇയാള്‍ ചവിട്ടുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. തലശ്ശേരിയില്‍ തിരക്കേറിയ റോഡില്‍ റോംഗ്‌സൈഡായി വണ്ടി നിര്‍ത്തിയിട്ട ശേഷമാണ് ഇയാള്‍ അക്രമം നടത്തിയത്. ഒരു വിവാഹ ആവശ്യത്തിനായി കുടുംബത്തോടൊപ്പം എത്തിയ ശിഹ്‌ഷാദ് വണ്ടി നിര്‍ത്തിയ സമയം രാജസ്ഥാന്‍ സ്വദേശികളുടെ മകനായ ഗണേഷ് എന്ന ആറുവയസുകാരന്‍ കാറില്‍ ചാരിനിന്നു. ഇത് ഇഷ്‌ടപ്പെടാതെയാണ് ശിഹ്‌ഷാദ് കുട്ടിയെ ചവിട്ടിയത്. സംഭവമുണ്ടായ ഉടന്‍ കണ്ടുനിന്നവരില്‍ ചിലരെത്തി ഇയാളെ എതിര്‍ത്തു. എന്നാല്‍ ഇവരോട് തര്‍ക്കിച്ച ശേഷം സ്ഥലംവിട്ട ഇയാള്‍ക്കെതിരെ പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല.
സിസിടിവി ദൃശ്യങ്ങള്‍ വൈറലായതോടെയാണ് നടപടിയ്‌ക്ക് പോലീസ് തയ്യാറായത്. ബാലന് നടുവിന് ഗുരുതര പരിക്കുണ്ട്. സംഭവം ശ്രദ്ധയില്‍പെട്ടതായും പ്രശ്‌നത്തില്‍ ഇടപെടുമെന്നും ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പ്രതികരിച്ചു.
Discussion about this post