കായംകുളം: ഇന്നലെ അന്തരിച്ച കായംകുളം വിഠോബാ വാര്‍ഡില്‍ കനകഭവനത്തില്‍ ജയകുമാറിന്‍റെ ജീവിതം ജൈവകൃഷി പ്രചാരത്തിനും നാടന്‍ പശു പരിപാലനത്തിനും സമര്‍പ്പിതമായിരുന്നു.
2010 ല്‍ നടന്ന അഖില ഭാരതീയ ഗോഗ്രാമയാത്രയില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ടാണ് ജയകുമാര്‍ ഗോസേവയിലേക്ക് തിരിഞ്ഞത്. കാസര്‍കോട് കുള്ളന്‍, കൃഷ്ണ, വെച്ചൂര്‍, കപില, സാഹൃവാള്‍, കാങ്കയം തുടങ്ങി നിരവധി നാടന്‍ ജനുസുകളില്‍പ്പെട്ട പശുക്കളെ അദ്ദേഹം ഓണാട്ടുകരയിലെ കര്‍ഷകര്‍ക്ക് നല്‍കി.
ജൈവകൃഷിയെ ജയകുമാര്‍ പ്രോത്സാഹിപ്പിച്ചു. ഗോസേവയുടെ പ്രശിക്ഷണത്തിനായി കേരളം മുഴുവന്‍ യാത്ര ചെയ്തുകൊണ്ടിരുന്നു.
നിലവില്‍ ഏവൂര്‍ ബ്രാഞ്ച് പോസ്റ്റുമാസ്റ്ററായിരുന്നു. ഭാര്യ: ജ്യോതിലക്ഷ്മി കായംകുളം ഹെഡ്‌പോസ്റ്റോഫീസില്‍ ജീവനക്കാരിയാണ്. ഏകമകള്‍ കനക മഹാലക്ഷ്മി കൃഷ്ണപുരം ബ്രാഞ്ച് പോസ്റ്റ് വുമണും.
1980 ല്‍ പത്തൊമ്പതാം വയസ്സില്‍ ആര്‍എസ്എസ് കായംകുളം താലൂക്ക് കാര്യവാഹ് ചുമതല വഹിച്ചു. കുറെക്കാലം മാവേലിക്കര വിദ്യാധിരാജ നഴ്‌സിങ് സ്‌കൂള്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കേരളാക്ഷേത്രസംരക്ഷണസമിതിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി, ആലപ്പുഴ ജില്ലാ ദേവസ്വംസെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ക്ഷേത്രശക്തി മാസികയുടെ പ്രവര്‍ത്തകന്‍ എന്നീ നിലയിലും പ്രവര്‍ത്തിച്ചു.
പല കുടുംബക്ഷേത്രങ്ങളേയും ഏറ്റെടുത്ത് സംരക്ഷിച്ചു. ഹരിപ്പാട് പിത്തംബില്‍ ക്ഷേത്രത്തില്‍ നടന്ന ആദൃ അന്തര്‍ദേശീയ സമ്മേളനം
ജയകുമാറിന്റെ ആശയവും സംഘടനാമികവുമായിരുന്നു. ശ്രീനാരായണഗുരുദേവചരിതം എന്ന പുസ്തകം രചിച്ചു. ചെങ്ങന്നൂര്‍ പേരിശ്ശേരി ക്ഷേത്ര പൂജാരിയായും പ്രവര്‍ത്തിച്ചു. അറുപതാമത്തെ വയസ്സില്‍ സംഭവിച്ച അകാല വേര്‍പാട് ആധ്യാത്മിക മേഖലയ്ക്കും ഗോആധാരിത ജൈവകൃഷി വികാസത്തിനും ഓണാട്ടുകര പ്രദേശത്തെ ജനങ്ങള്‍ക്കും, തീരാനഷ്ടമാണ്. സമൂഹത്തിലെ പ്രമുഖ വൃക്തികള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.














