കോഴിക്കോട്: ഭാരതം ജീവിക്കുന്നത് മാനവരാശിക്കുവേണ്ടിയാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിക്കു മുന്നോടിയായി കേസരി വാരിക സംഘടിപ്പിച്ച ‘അമൃതശതം’ പ്രഭാഷണപരമ്പര കേസരി ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക മൂല്യങ്ങള്‍കൊണ്ടും തനതായ ജീവിതദര്‍ശനം കൊണ്ടും ലോകത്തിനു പ്രകാശഗോപുരമായി വെളിച്ചം പകരുകയാണ് ഭാരതത്തിന്റെ ദൗത്യം. ഇതിനായി ഭാരതീയരില്‍ ഉല്‍ക്കടമായ ദേശീയഭാവം ശക്തമാവേണ്ടത് ആവശ്യമാണ്. ഇതാണ് സംഘസ്ഥാപനത്തിലൂടെ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ യാഥാര്‍ത്ഥ്യമാക്കിയത്. സ്വാതന്ത്ര്യസമരകാലത്ത് ഉദയം ചെയ്യുകയും സ്വാതന്ത്ര്യാനന്തരം ദേശീയ സംഘടനാ ശക്തിയായി രൂപാന്തരം പ്രാപിക്കുകയും ചെയ്ത ചരിത്രമാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റേത്. സംഘസ്ഥാപകന്റെ ജീവിതം മനസ്സിലാക്കാതെ സംഘത്തിന്റെ ചരിത്രം മനസ്സിലാക്കാനാവില്ല. രാഷ്ട്ര ഋണത്തെ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹം ജീവന്റെ ഓരോ അണുവും ബലികഴിച്ചു. ജന്മജാതദേശഭക്തനായിരുന്നു ഡോക്ടര്‍ ഹെഡ്‌ഗേവാര്‍. വിദ്യാഭ്യാസകാലഘട്ടം മുതല്‍ സ്വാതന്ത്ര്യപോരാട്ടങ്ങളില്‍ അദ്ദേഹം വ്യാപൃതനാവുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു.
ബാലഗംഗാധര തിലകന്റെ സ്വാതന്ത്ര്യസമര പരമ്പരയില്‍ നിന്ന് പ്രേരണ നേടിയ അദ്ദേഹം വിവിധങ്ങളായ വിപ്ലവ പ്രവര്‍ത്തനങ്ങളുമായും സഹകരിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യ സമരങ്ങളുടെ ചരിത്രം പഠിക്കുകയും ഭാരതത്തില്‍ നടന്നുകൊണ്ടിരുന്ന വ്യത്യസ്ത സ്വാതന്ത്ര്യ സമര ധാരകളെയും വിലയിരുത്തിയതിന് ശേഷമാണ് അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപിച്ചത്. സാംസ്‌കാരിക അടിത്തറയുള്ള സംഘടിത രാഷ്ട്രമായി മാറാതെ സ്വാതന്ത്ര്യപ്രാപ്തി സാധ്യമല്ലെന്നും സ്വാതന്ത്ര്യ സംരക്ഷണം സാധ്യമാവണമെങ്കില്‍ രാഷ്ട്രഭാവനയുടെ സ്ഫുരണങ്ങള്‍ ഓരോ വ്യക്തിയും ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കരുതി. സംഘസ്ഥാപനത്തിലൂടെ രാഷ്ട്ര വൈഭവമാണ് ലക്ഷ്യം വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ ഇന്‍കംടാക്‌സ് ചീഫ് കമ്മീഷണര്‍ പി.എന്‍. ദേവദാസ് അദ്ധ്യക്ഷനായി. ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അഡ്വ.പി.കെ. ശ്രീകുമാര്‍, കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു എന്നിവര്‍ സംസാരിച്ചു.
പി. പരമേശ്വരന്‍ രചിച്ച ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന ഗ്രന്ഥത്തിന്റെ ഒമ്പതാം പതിപ്പിൻ്റെ പ്രീപബ്ലിക്കേഷന്‍ ഉദ്ഘാടനം ആദ്യ രശീതി പി.എന്‍. ദേവദാസിന് നല്‍കി ദത്താത്രേയ ഹൊസബാളെ നിര്‍വ്വഹിച്ചു. കേസരി ഓണപ്പതിപ്പ്, ബാലഗോകുലം മലയാളം കലണ്ടര്‍ എന്നിവയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.
അമൃതശതത്തിന്റെ അടുത്ത പ്രഭാഷണം ആഗസ്ത് 26 ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാര്യ സദസ്യനും ഇന്ത്യാ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ രാംമാധവ് നിര്‍വ്വഹിക്കും. ജമ്മുകശ്മീര്‍ ചരിത്രം, വര്‍ത്തമാനം എന്നതാണ് വിഷയം.




Discussion about this post