വൃശ്ചികമാസത്തിൽ വ്രതം നോറ്റ് അയ്യനെ കാണാനായി ശബരിമലയിലേക്ക് വിവിധ ദേശങ്ങളിൽ നിന്ന് ഭക്തർ എത്താറുണ്ട്. മുതിർന്നവരും കുട്ടികളുമായി അയ്യനെ തൊഴാനായി കോടിക്കണക്കിന് ഭക്തരാണ് എല്ലാവർഷവും പതിനെട്ടാം പടി ചവിട്ടുന്നത്. എന്നാൽ ആദ്യമായി മല കയറാൻ പോകുന്ന കുട്ടികൾക്കിടയിൽ കന്നിമലയായി ഒരു മുത്തശ്ശി കൂടെയുണ്ട്. നൂറ് വയസുകാരി പാറുക്കുട്ടിയമ്മയാണ് കുട്ടികൾക്കൊപ്പം മലചവിട്ടാനൊരുങ്ങുന്നത്.
നാല് തലമുറയ്‌ക്കൊപ്പമാണ് അയ്യനെ കാണാനായി മുത്തശ്ശി യാത്രതിരിക്കുന്നത്. മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെയാണ് ഈ മുത്തശ്ശിക്കൊപ്പം മലചവിട്ടുന്നത്. മക്കളൊക്കെ മുമ്പും പതിനെട്ടാംപടി ചവിട്ടിയിട്ടുണ്ട്. അപ്പോഴും മുത്തശ്ശി കാത്തിരുന്നു. അയ്യനെ കാണാൻ പോരുന്നുണ്ടോ എന്ന് മക്കൾ ചോദിക്കുമ്പോഴും നന്നേ പ്രായമായിട്ട് പോകാനായിരുന്നു പാറുക്കുട്ടിയമ്മയുടെ തീരുമാനം. എന്നാൽ നൂറുവയസ്സു കഴിഞ്ഞപ്പോഴായിരുന്നു തന്റെ വഴിപാട് കഴിക്കാൻ സമയമായാതെന്ന് തോന്നിയതെന്നാണ് മുത്തശ്ശി പറഞ്ഞത്.
ഇസ്രായേലിലാണ് പാറുക്കുട്ടിയമ്മയുടെ മരുമകൾ. യുദ്ധങ്ങൾ അവസാനിച്ച് എല്ലായിടത്തും ശാന്തിയും സമാധാനവും മാത്രം ഉണ്ടാകണമെന്ന പ്രാർത്ഥനയാണ് അയ്യനു മുന്നിൽ പാറുക്കുട്ടിയമ്മയ്‌ക്ക് വയ്‌ക്കാമുള്ളത്. ഡിസംബർ രണ്ടിനാണ് കൊച്ചുമക്കളുടെ കൈപിടിച്ച് മുത്തശ്ശി മല കയറുന്നത്. കഴിയുന്നിടത്തോളം നടന്നു തന്നെ മല കയറണമെന്നാണ് മുത്തശ്ശിയുടെ ആഗ്രഹം.
Discussion about this post