കല്‍പ്പറ്റ: കേന്ദ്ര വനം സംരക്ഷണ നിയമപ്രകാരം (1972) സംരക്ഷിത വനപ്രദേശവും അവിടുത്തെ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാനുള്ള പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് വ്യക്തമായി. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്രവിഹിതമാണ്. ആക്രമണ സ്വഭാവമുള്ള വന്യമൃഗങ്ങളെ പിടികൂടാന്‍ നിയമ ഭേദഗതി ആവശ്യവുമില്ല.
കേന്ദ്ര വന നിയമ പ്രകാരം സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ആക്രമണകാരികളായ വന്യമൃഗങ്ങളെ ചട്ടങ്ങള്‍ അനുസരിച്ച് വേട്ടയാടാനും കാടുകയറ്റാനും പിടികൂടാനും അതിനായി മയക്കുവെടിവയ്‌ക്കാനും അധികാരമുണ്ട്. ഇതിനൊ
ന്നും കേന്ദ്രത്തിന്റെ അനുമതി തേടേണ്ടതില്ല. വിവരം അറിയിക്കുകയേ വേണ്ടൂ, അതിന് ലളിതമായ പല സംവിധാനങ്ങളുണ്ട്. വന്യജീവി ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലയിലെത്തിയ കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് ഇന്നലെ കല്‍പ്പറ്റയില്‍ മാധ്യമങ്ങളോടു വിശദീകരിച്ചതാണ് ഇക്കാര്യങ്ങള്‍.
വനം നിയമ പ്രകാരം മൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്കാം. അതു നല്‌കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇത് ലഭ്യമാക്കാന്‍ താമസം വരരുതെന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. കേന്ദ്ര വനം സംരക്ഷണ നിയമപ്രകാരം അതാണ് വ്യവസ്ഥ. സംസ്ഥാന സര്‍ക്കാരിന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കാനും മറ്റുമായി 15.8 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
പണം ആവശ്യമെങ്കില്‍ കൃത്യമായ വിവരങ്ങള്‍ സഹിതം ആവശ്യപ്പെട്ടാല്‍ നല്കാന്‍ തയാറാണ്, മന്ത്രി പറഞ്ഞു. നഷ്ടപരിഹാര വിതരണം കൂടുതല്‍ സുതാര്യമായി സംസ്ഥാന സര്‍ക്കാര്‍ നടത്തേണ്ടതുണ്ട്.
വയനാട്ടില്‍ മനുഷ്യ-മൃഗ സംഘര്‍ഷം അതിരൂക്ഷമാണെന്നു മനസിലായി. ബോധ്യപ്പെട്ട വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടു കണ്ട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനായാലും മൃഗമായാലും ജീവന് പരിരക്ഷ നല്‌കേണ്ടതുണ്ട്. മനുഷ്യ, വന്യമൃഗ സംരക്ഷണം സംബന്ധിച്ച് പഠനം നടത്താന്‍ കോയമ്പത്തൂര്‍ സലീം അലി ഇന്‍സ്റ്റിറ്റിയൂട്ടിന് ചുമതല നല്കും.
വന്യമൃഗ ശല്യം കൂടുതലായുള്ള പ്രദേശങ്ങളില്‍ ഫെന്‍സിങ് സംവിധാനം വ്യാപിപ്പിക്കേണ്ടതുണ്ടെങ്കില്‍, അത് എവിടെയെന്നൊക്കെയുള്ള വിശദാംശങ്ങളോടെ കേന്ദ്ര സര്‍ക്കാരിന് പദ്ധതി സമര്‍പ്പിച്ചാല്‍ പരിഗണിക്കും. കേന്ദ്ര വനം വകുപ്പ് ഡയറക്ടര്‍ ജനറല്‍ ജിതേന്ദ്രകുമാര്‍, അഡീ. ഡയറക്ടര്‍ ജനറല്‍ എസ്.പി. യാദവ്, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post