കൊച്ചി: ആത്മീയരംഗത്തെ വിപ്ലവകാരിയായിരുന്നു സ്വാമി ചിന്മയാനന്ദനെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. അറിവും ആത്മവിശ്വാസവും പകര്‍ന്ന് ജനങ്ങളെ നിവര്‍ന്നുനില്‍ക്കാന്‍ പ്രാപ്തരാക്കിയ ആചാര്യനാണ് അദ്ദേഹം. ഒരു ലോക ഹിന്ദു സംഘടനയുണ്ടാകണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. രാമജന്മഭൂമി പ്രക്ഷോഭത്തെ പിന്തുണച്ചു. ഹിന്ദു വോട്ട് ബാങ്ക് ഉണ്ടാകണം എന്ന് പറഞ്ഞു. പലരും അദ്ദേഹത്തെ പരിഹസിച്ചു. സ്വാമിജിയുടെ വലിയ രണ്ടു സ്വപ്നങ്ങള്‍, ഹിന്ദു സംഘടനയും മഹത്തായ രാമക്ഷേത്ര രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ സാക്ഷാത്കരിച്ചു, സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ ആഗോള ചിന്മയ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചിന്മയശങ്കരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹം ഉപഭോഗസംസ്‌കാരത്തിലേക്ക് കൂപ്പുകുത്തുകയും സംസ്‌കാരശൂന്യതയിലേക്ക് തിരിയുകയും ചെയ്തപ്പോള്‍, ജാതി, സമൂഹ, വര്‍ഗ ചിന്തകള്‍ക്കതീതമായി സമൂഹത്തെ ശരിയായ വഴിയിലേക്ക് നയിച്ചത് കാലാകാലങ്ങളില്‍ ഉയര്‍ന്നുവന്ന ആചാര്യന്മാരായിരുന്നു. ആ ഗണത്തില്‍ സമുദ്രത്തിന്റെ ആഴവും ഹിമാലയപ്പൊക്കവുമുള്ള ജീവിതം മുന്നോട്ടുവച്ച ആചാര്യനാണ് സ്വാമി ചിന്മയാനന്ദന്‍. അദ്ദേഹം ആത്മീയ ഗുരുവായിരുന്നു. ശങ്കരാചാര്യര്‍, നാരായണഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യന്‍കാളി തുടങ്ങി അനേകം ആത്മീയഗുരുക്കന്മാരുടെ നാടാണ് കേരളം. ആ ശ്രേണിയില്‍ ഏറ്റവും തിളങ്ങുന്ന നക്ഷത്രമായിരുന്നു, സ്വാമി ചിന്മയാനന്ദന്‍.
പരമ്പരാഗത ചിന്താധാരകളില്‍നിന്നു പ്രചോദനം ഉള്‍ക്കൊള്ളുന്നതോടൊപ്പം തന്നെ, അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ചോദ്യം ചെയ്യുന്ന ചെറുപ്പകാലം സ്വാമി വിവേകാനന്ദനെ ഓര്‍മ്മിപ്പിക്കുന്നതാണ്. ചെറുപ്പത്തില്‍ തന്നെ സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെട്ടു. ”മോചി” എന്ന തൂലിക നാമത്തില്‍ എഴുതി. പാവങ്ങളെക്കുറിച്ച് സംസാരിച്ചു. ഓരോ മനുഷ്യനിലും ദൈവമുണ്ടെന്നും അവരെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിനു തുല്യമാണെന്നും സ്വാമിജി ചിന്തിച്ചു. അത് പ്രചരിപ്പിച്ചു. ”മോചി” എന്നാല്‍ ചെരുപ്പ് കുത്തുന്നവരാണ്. അവര്‍ കാരണമാണ് മറ്റുള്ളവര്‍ കാലില്‍ മുള്ളുകൊള്ളാതെയും ചെളി പറ്റാതെയും നടക്കുന്നത്. സ്വാമി ചിന്മയാനന്ദന്‍ പിന്നീട് ആത്മീയതയുടെ ചെരുപ്പുണ്ടാക്കി നമ്മയൊക്കെ അതിലൂടെ നടത്തി, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
സ്വാമിജിയുടെ ഏറ്റവും വലിയ സംഭാവനയായിരുന്നു ഗീതാജ്ഞാന യജ്ഞങ്ങള്‍. ഉപനിഷത്തുകളെയും ഗീതയേയും മറ്റും പൊതുവേദികളില്‍ എത്തിച്ചത് അദ്ദേഹമാണ്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തില്‍ കുരുക്ഷേത്രത്തില്‍ എങ്ങിനെയാണോ ഗീതയുപദേശിച്ചത് കലിയുഗത്തില്‍ അതേകാര്യം ചെയ്തയാളായിരുന്നു സ്വാമിജി. അദ്ദേഹം മുഴുവന്‍ ഹിന്ദുസമൂഹത്തോടും ‘ക്ലൈബ്യം മാസ്മ ഗമ:’ എന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു. സംസ്‌കൃതത്തിന് പകരം അദ്ദേഹം ഇംഗ്ലീഷില്‍ ഗീതാപ്രഭാഷണം നടത്തി. പലരും കുറ്റം പറഞ്ഞു. പക്ഷെ ധര്‍മ്മപ്രചാരണത്തിനു ഏതു മാധ്യമവും ഉപയോഗിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഭാരതത്തിന്റെ ജ്ഞാനം മുഴുവന്‍ ലോകത്തിലേക്കും എത്തിക്കുക എന്നതിനാണ് പ്രാധാന്യം. ധര്‍മ്മം പ്രവര്‍ത്തിക്കാനുള്ളതാണ്. പ്രവര്‍ത്തനത്തിലെ ആ പൂര്‍ണതയായിരുന്നു സ്വാമി ചിന്മയാനന്ദന്‍, ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ചിന്മയ മിഷന്‍ ആഗോള അധ്യക്ഷന്‍ സ്വരൂപാനന്ദ സരസ്വതി സര്‍കാര്യവാഹിന് ഉപഹാര സമര്‍പ്പണം നടത്തി.
Discussion about this post