വൈക്കം: ജാതിക്കോട്ടയുടെ മതിലുകള്‍ ഭേദിച്ച് ഹിന്ദുക്കള്‍ ഒന്നാണ് എന്ന ആശയം പ്രാവര്‍ത്തികമാക്കാനാണ് ഹിന്ദു ഐക്യവേദിയുടെ ശ്രമമെന്ന് ആര്‍എസ്എസ് ദക്ഷിണക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍. ഹിന്ദു ഐക്യവേദിയുടെ 21-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈക്കം ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏത് ജാതിയില്‍പ്പെട്ട ഹിന്ദുവും നമ്മുടെ സ്വന്തമാണെന്ന് ഉള്‍ക്കൊണ്ടാവണം പ്രവര്‍ത്തനം. ഹിന്ദുക്കള്‍ ഭിന്നിച്ചു നില്‍ക്കണമെന്ന് ആഗ്രഹിച്ചവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയക്കാരാണ്. ഹിന്ദു സമൂഹത്തിന്റെ സുരക്ഷിതത്വത്തിന് വെല്ലുവിളി നേരിട്ടപ്പോഴാണ് എല്ലാ സമുദായ സംഘടനകളും ഒറ്റക്കെട്ടായി നിന്നത്. കേരളത്തിലെ ഹിന്ദു സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നം സാംസ്‌കാരിക ആക്രമണം ആണ്. ഹിന്ദുവിനെ ഹിന്ദുവായി നിലനിര്‍ത്തുന്ന ക്ഷേത്രങ്ങള്‍ പോലുള്ള കേന്ദ്രങ്ങളെ ഇല്ലാതാക്കുകയെന്നതാണ് അതില്‍ പ്രധാനം.ക്ഷേത്രങ്ങളെ മതേതര സ്ഥാപനങ്ങളാക്കാനുള്ള ശ്രമങ്ങളാണ് കമ്യൂണിസ്റ്റ് ഹിന്ദുക്കള്‍ നടത്തുന്നത്. ഈ നീക്കം ചെറുക്കണം, ശക്തിശാലിയായ ഹിന്ദു സമൂഹത്തെ രൂപപ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ അധ്യക്ഷയായി.
Discussion about this post