പാലക്കാട്: കലോത്സവത്തില്‍ കണ്ണീര്‍ വീഴാതെ കാത്തു സേവാഭാരതി. എമക്ക് പണം തന്തതക്ക് ഒരുപാട് സന്തോശം… നിറകണ്ണുകളോടെ നന്ദി പറഞ്ഞ് അട്ടപ്പാടിയുടെ മക്കള്‍…
തിരുവനന്തപുരത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനാവശ്യമായ പണമില്ലാതെ വിഷമിച്ച അട്ടപ്പാടി ഷോളയൂര്‍ ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി സേവാഭാരതി. ആദ്യമായി സ്‌കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയ ഗോത്രകലയായ ഇരുള നൃത്തത്തില്‍ മത്സരിക്കുന്ന ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളെപ്പറ്റി കഴിഞ്ഞ ദിവസം ജന്മഭൂമി വാര്‍ത്ത നല്കിയിരുന്നു. രക്ഷിതാക്കളും ചില അഭ്യുദയകാംക്ഷികളും കൊടുത്ത തുക കൊണ്ടു ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും വസ്ത്രം, മറ്റു ചെലവുകള്‍, വാഹനം എന്നിവയ്‌ക്കു പണമില്ലാതെ വിഷമത്തിലായിരുന്നു. ഇതേ തുടര്‍ന്നാണ് സേവാഭാരതി പാലക്കാട് ജില്ലാ സമിതി സഹായിച്ചത്.
സ്‌കൂളിലെ പ്രൈമറി അധ്യാപക ദമ്പതികളായ ഇരുള വിഭാഗത്തിലെ വി.കെ. രംഗസ്വാമിയുടെയും മല്ലികയുടെയും പരിശീലനത്തില്‍ 24 കുട്ടികളാണ് അട്ടപ്പാടിയുടെ തനതായ ഇരുള നൃത്തത്തില്‍ പാലക്കാടിനായി മത്സരിക്കുന്നത്. കഴിഞ്ഞ രാത്രി തിരുവനന്തപുരത്തേക്കു പോകാന്‍ ഒലവക്കോട് റെയില്‍വെ സ്റ്റേഷനിലെത്തിയ ഇവര്‍ക്ക് സേവാഭാരതി പാലക്കാട് യൂണിറ്റ് സെക്രട്ടറി സി. അജിത്കുമാര്‍ സഹായം കൈമാറി.
മത്സരിക്കുന്നവരും പരിശീലിപ്പിച്ചവരും അടക്കം സംഘത്തിലുള്ളവരെല്ലാം ഇരുള വിഭാഗത്തിലുള്ളവരാണ്. കുഞ്ഞുനാള്‍ മുതല്‍ കണ്ടു കളിച്ചു വളര്‍ന്ന നൃത്തമായതിനാല്‍ എ ഗ്രേഡ് കിട്ടിയതിന്റെ സന്തോഷത്തിലാണ് ഈ മിടുക്കര്‍.
Discussion about this post