കോഴിക്കോട്: അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക വിഷയമാകണമെന്നും അത് രാജ്യത്ത് എല്ലാവരും പഠിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ അഡ്വ. സി.കെ. സജിനാരായണന്‍ പറഞ്ഞു. അടിയന്തരാവസ്ഥയെ കുറിച്ച് അന്വേഷിച്ച ഷാ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ വീണ്ടും അധികാരത്തിലേറിയ ഇന്ദിരാസര്‍ക്കാര്‍ അത് പൂഴ്ത്തിവെക്കുകയും അതിന്റെ മുഴുവന്‍ പ്രതികളും നശിപ്പിക്കുകയും ചെയ്തു. പിന്നീട് ഡിഎംകെ നേതാവായ ഏറാ ചേഴിയന്‍ ആണ് ആസ്‌ട്രേലിയയില്‍ നിന്ന് റിപ്പോര്‍ട്ട് കണ്ടെത്തിയത്. ആ റിപ്പോര്‍ട്ട് എല്ലാ ഭാഷകളിലും വിവര്‍ത്തനം ചെയ്ത് പ്രചരിപ്പിക്കേണ്ടതുണ്ട്. ഭാരതത്തില്‍ ആര്‍എസ്എസ് എന്ന പ്രസ്ഥാനം ഉള്ളടത്തോളം കാലം വീണ്ടും ഒരു അടിയന്തരാവസ്ഥ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും ജനാധിപത്യം ഭാരതത്തിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന സംസ്‌കാരമായതിനാല്‍ ആ സംസ്‌കാരത്തിലധിഷ്ഠിതമായ ആര്‍എസ്എസ് ജനാധിപത്യവിരുദ്ധമായ ഒന്നിനെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ അതിപ്രസരവും രാഷ്ട്രീയ നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥ മേധാവിത്വവും ഇന്ത്യയില്‍ ഉടലെടുത്തത് അടിയന്തരാവസ്ഥയുടെ ഫലമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റിട്ട. ജില്ല പോലീസ് മേധാവി എന്‍. സുഭാഷ്ബാബു പറഞ്ഞു. ബിജെപി മേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ സംസാരിച്ചു. സി. ഗംഗാധരന്‍ സ്വാഗതവും കെ. സച്ചിദാനന്ദന്‍ നന്ദിയും പറഞ്ഞു.













