കോഴിക്കോട്: അദ്ധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ നിവേദനം നല്‍കി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ പിടിച്ചുകുലുക്കിയേക്കാവുന്ന ഗുരുതരമായ പ്രതിസന്ധിക്ക് വഴിയൊരുക്കുന്നതാണ് സുപ്രീംകോടതിയുടെ പുതിയ വിധിയെന്നും ലക്ഷക്കണക്കിന് സീനിയര്‍ അദ്ധ്യാപകരുടെ തൊഴില്‍ അപകടത്തിലായിരിക്കുകയാണെന്നും നിവേദനത്തില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.
വിധി പ്രകാരം, നിയമന തീയതി പരിഗണിക്കാതെ, നിലവില്‍ സര്‍വീസിലുള്ള എല്ലാ അദ്ധ്യാപകര്‍ക്കും ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കിയിരിക്കുകയാണ്. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ബാക്കിയുള്ള അദ്ധ്യാപകര്‍ 2027 ഓഗസ്റ്റ് 31നകം ടെറ്റ് യോഗ്യത നേടിയിരിക്കണം. അല്ലാത്തപക്ഷം, അവര്‍ക്ക് സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടി വരുമെന്ന് വിധിയില്‍ വ്യക്തമാക്കുന്നു. അഞ്ചുവര്‍ഷത്തില്‍ താഴെ സര്‍വീസ് ഉള്ളവര്‍ക്ക് വിരമിക്കല്‍ വരെ തുടരാമെങ്കിലും, സ്ഥാനക്കയറ്റത്തിന് ടെറ്റ് യോഗ്യത നിര്‍ബന്ധമാണ്. 2009ല്‍ പാസായ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായിട്ടാണ് ടെറ്റ് നിലവില്‍ വന്നത്. 2012ന് ശേഷം സര്‍വീസില്‍ ഉള്ളവര്‍ക്ക് മാത്രമേ കേരളത്തില്‍ ഈ പരീക്ഷ ബാധകമാക്കിയിരുന്നുള്ളൂ. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ സര്‍വീസില്‍ കയറിയ എല്ലാ അധ്യാപകരും പരീക്ഷ പാസാകണം. ഇത് പ്രൈമറി എച്ച്എസ് അദ്ധ്യാപകരെയാണ് കൂടുതല്‍ ബാധിക്കുക. അദ്ധ്യാപക യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍വീസില്‍ കയറിയ അദ്ധ്യാപകര്‍ പുതുതായി വീണ്ടും പരീക്ഷകള്‍ക്ക് വിധേയരാവുകയെന്നത് ആശങ്കപ്പെടുത്തുന്നതാണ്. വിധി പുനഃപരിശോധിക്കുന്നതിന് സംസ്ഥാന-കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുകള്‍ ഉണ്ടാവണം.
2010 ഓഗസ്റ്റ് 23ലെ ദേശീയ അധ്യാപക വിദ്യാഭ്യാസ കൗണ്‍സിലിന്റെ അടിസ്ഥാന വിജ്ഞാപനത്തിലെ ഒരു സുപ്രധാന വ്യവസ്ഥ ഈ വിധിയില്‍ പരിഗണിക്കപ്പെട്ടില്ലെന്ന് എന്‍ടിയു സമര്‍പ്പിച്ച വിശദമായ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ടെറ്റ് ആദ്യമായി നടപ്പിലാക്കിയ ആ വിജ്ഞാപനത്തില്‍, 2010 ഓഗസ്റ്റ് 23ന് മുമ്പ് നിയമനം ലഭിച്ച അദ്ധ്യാപകരെ പുതിയ നിബന്ധനയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിരുന്നു. നിയമപരമായി ഒഴിവാക്കപ്പെട്ടവരും യോഗ്യരുമായ ഒരു വിഭാഗത്തെ ഈ വിജ്ഞാപനം സംരക്ഷിച്ചിരുന്നു. സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുക, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വ്യക്തത വരുത്തുന്ന വിജ്ഞാപനം പുറപ്പെടുവിക്കുക, രാജ്യവ്യാപകമായി അദ്ധ്യാപകരുടെ ഓഡിറ്റ് നടത്തുക, വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഭേദഗതി പരിഗണിക്കുക എന്നീ നിര്‍ദേശങ്ങള്‍ എന്‍ടിയു നിവേദനത്തില്‍ മുന്നോട്ടു വച്ചിട്ടുണ്ടെന്ന് അനൂപ്കുമാര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍, രാജ്യവ്യാപകമായി കൂട്ടപ്പിരിച്ചുവിടലിനും ഭരണപരമായ സ്തംഭനത്തിനും നിയമയുദ്ധങ്ങള്‍ക്കും ഇത് കാരണമാകുമെന്നും, അത് പ്രാഥമിക വിദ്യാഭ്യാസ സമ്പ്രദായത്തെ വര്‍ഷങ്ങളോളം പിന്നോട്ടടിക്കുമെന്നും എന്‍ടിയു നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post