തൃശൂർ: കമ്മ്യൂണിസത്തിനും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോക്കും എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ് ഭാരതത്തിൽ എഴുതപ്പെട്ട ഈശാവാസ്യ ഉപനിഷത്ത് സമൂഹ താത്പര്യത്തെക്കരുതി ജീവിക്കണമെന്ന് പഠിപ്പിച്ചതായി പ്രശസ്ത എഴുത്തുകാരൻ സി. രാധാകൃഷ്ണൻ.
ആവശ്യമുള്ളത് മാത്രമെടുത്ത് ബാക്കി സമൂഹത്തിന് നല്കി ത്യാഗബുദ്ധിയോടെ ജീവിക്കാനാണ് ഉപനിഷത്ത് പഠിപ്പിച്ചത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും മൂലധനത്തിലും ഉപനിഷത്തുകളിൽ പറഞ്ഞ അതേ ലക്ഷ്യം ഉണ്ടായിരുന്നു. പക്ഷേ കമ്യൂണിസത്തിന്റെ മാർഗം പിഴച്ചു പോയി. അതുകൊണ്ടാണ് പരീക്ഷിച്ച എല്ലായിടത്തും അത് പരാജയപ്പെട്ടതും പ്രശ്‌നങ്ങൾ മാത്രം സൃഷ്ടിച്ചതും. ലക്ഷ്യം മാത്രമല്ല മാർഗവും ശരിയാകണം. ആധ്യാത്മികതയിലുറച്ച നൈതികബോധമാണ് ലോകത്തെ മുന്നോട്ടു നയിക്കാനുള്ള ഏകമാർഗം. ശ്രീകൃഷ്ണ വിചാരങ്ങൾ പ്രചരിപ്പിക്കുന്ന ബാലഗോകുലത്തോട് എന്നും മമതയുണ്ടെന്നും സി. രാധാകൃഷ്ണൻ പറഞ്ഞു. ബാലഗോകുലം ബാലസംസ്‌കാര കേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം തൃശൂർ ടൗൺഹാളിൽ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശസ്ത കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പി ജന്മാഷ്ടമി പുരസ്‌കാരം സി. രാധാകൃഷ്ണന് സമ്മാനിച്ചു. എല്ലാ കഥാപാത്രങ്ങളെയും ജീവിത സന്ദർഭങ്ങളെയും അങ്ങേയറ്റത്തെ കാരുണ്യത്തോടെയാണ് സി. രാധാകൃഷ്ണൻ സമീപിച്ചതെന്നും അദ്ദേഹത്തിന്റെ രചനകളുടെ ഏറ്റവും വലിയ സവിശേഷത ഈ കാരുണ്യ ദർശനമാണെന്നും ശ്രീകുമാരൻ തമ്പി ചൂണ്ടിക്കാട്ടി. എഴുത്തച്ഛനെ വ്യക്തി എന്ന നിലയിൽ പരിചയപ്പെടുത്തിയ അപൂർവ രചനയാണ് രാധാകൃഷ്ണന്റെ തീക്കടൽ കടഞ്ഞ് തിരുമധുരം. അതിന് മുൻപോ ശേഷമോ അത്തരമൊരു രചന മലയാളത്തിൽ ഉണ്ടായിട്ടില്ല, ശ്രീകുമാരൻ തമ്പി പറഞ്ഞു.
ധർമം എന്ന പ്രപഞ്ചതാളത്തെ എഴുത്തിൽ സന്നിവേശിപ്പിച്ച സാഹിത്യകാരനാണ് സി. രാധാകൃഷ്ണനെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഡോ. എം ലക്ഷ്മികുമാരി അധ്യക്ഷയായിരുന്നു. ബാലസംസ്‌കാര കേന്ദ്രം ചെയർമാൻ പി.കെ. വിജയരാഘവൻ, ബാലഗോകുലം അധ്യക്ഷൻ ആർ. പ്രസന്നകുമാർ, സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ഡോ. പി.വി. കൃഷ്ണൻ നായർ, എൻ. ഹരീന്ദ്രൻ മാസ്റ്റർ, എം.പി. സുബ്രഹ്മണ്യ ശർമ, വി.എൻ. ഹരി എന്നിവർ സംസാരിച്ചു.
Discussion about this post