തൃശ്ശൂർ : സമൂഹത്തിൽ വർധിച്ചുവരുന്ന മാനസിക സംഘർഷങ്ങൾക്ക് സ്നേഹപൂർവ്വം ആശ്വാസമേകാൻ ദേശീയ സേവാഭാരതി കേരളത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന “പുനർജ്ജനി” മാനസികാരോഗ്യ പദ്ധതിയുടെ സർട്ടിഫിക്കറ്റ് വിതരണം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരേദിവസം നടന്നു. രാജ്യത്തെ പ്രശസ്ത മാനസികാരോഗ്യ ഗവേഷണ കേന്ദ്രമായ നിംഹാൻസിന്റെ (NIMHANS) സഹകരണത്തോടെ സംഘടിപ്പിച്ച പ്രത്യേക ‘ലേ കൗൺസിലിംഗ്’ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 78 പേർക്കാണ് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ കൈമാറിയത്.
മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സാധാരണക്കാർക്ക് തൊട്ടരികിൽ നിന്ന് പ്രാഥമിക മാനസിക പിന്തുണയും പ്രഥമശുശ്രൂഷയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സേവാഭാരതി ‘പുനർജ്ജനി’ പദ്ധതിക്ക് രൂപം നൽകിയത്. കുടുംബങ്ങൾ, വിദ്യാർത്ഥികൾ, വയോജനങ്ങൾ, സ്ത്രീകൾ, ലഹരിക്ക് അടിമപ്പെട്ടവർ തുടങ്ങി സമൂഹത്തിൽ മാനസിക സംഘർഷം നേരിടുന്ന വിവിധ വിഭാഗങ്ങൾക്ക് ആവശ്യമായ കൗൺസിലിംഗ് സേവനങ്ങളും അവബോധവും നൽകാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു.
പ്രാർത്ഥനയോടെ ആരംഭിച്ച് ഭദ്രദീപം തെളിയിച്ച ചടങ്ങിൽ, സേവാഭാരതി ജനറൽ സെക്രട്ടറി ഡോ. ശ്രീറാം ശങ്കർ വീഡിയോ സന്ദേശത്തിലൂടെ ‘പുനർജ്ജനി’ പദ്ധതിയുടെ അവതരണം നടത്തി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സജീവമായി ഇടപെടുന്ന സേവാഭാരതി പ്രവർത്തകർക്ക്, നിംഹാൻസ് നൽകിയ ഈ വിദഗ്ദ്ധ പരിശീലനം വരുംദിവസങ്ങളിൽ കേരളത്തിലെ മാനസികാരോഗ്യ രംഗത്തെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരും.

















Discussion about this post