കൊച്ചി: എബിവിപിയുടെ മെഡിക്കൽ വിദ്യാർത്ഥി വേദിയായ മെഡിവിഷന്റെ കേരള സംസ്ഥാന സമ്മേളനം നവംബർ 29ന് (ഞായർ) കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടക്കും. സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളിൽനിന്നായി അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും. രാവിലെ എട്ടിന് രജിസ്ട്രേഷൻ ആരംഭിക്കും.
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ‘ടെക് ട്രാവൽ ഈറ്റ്’ യൂട്യൂബ് ചാനലിലൂടെ പ്രശസ്തനായ ട്രാവൽ വ്ലോഗർ സുജിത് ഭക്തൻ മുഖ്യാതിഥിയാകും.
‘ലൈഫ് ആഫ്റ്റർ എംബിബിഎസ്: വാട്സ് നെക്സ്റ്റ്?’ എന്ന വിഷയത്തിലുള്ള പാനൽ ചർച്ച, സ്യൂച്ചറിങ്, എൻഡോട്രാക്കിയൽ ഇൻട്യൂബേഷൻ, ഐസിഡി ഇൻസർഷൻ എന്നിവയിലെ പ്രായോഗിക ശിൽപശാലകൾ, ഡോ. ആൻഡ്രൂസ് എം. എ. നയിക്കുന്ന സിഎൻഎസ് എക്സാമിനേഷൻ ക്ലാസ്, ഡോ. ഗിരീഷ് കുമാർ കെ. പി. നയിക്കുന്ന ഇസിജി വ്യാഖ്യാന ക്ലാസ് എന്നിവയാണ് പ്രധാന പരിപാടികൾ. സാന്ത്വന പരിചരണ രംഗത്തെ ഡോ. സഞ്ജീവ് വാസുദേവൻ, ഡോ. അജിത കുമാരി എന്നിവർ പങ്കെടുക്കുന്ന റോൾ മോഡൽ സെഷനും ഉണ്ടാകും.
അന്തർകലാലയ നൃത്തമത്സരമായ ‘റിഥമിക്സി’ന്റെ സമ്മാനത്തുക 40,000 രൂപയാണ്. കേസ് ഇ-പോസ്റ്റർ മത്സരവും നടക്കും. പങ്കെടുക്കുന്ന എല്ലാ പ്രതിനിധികൾക്കും സർട്ടിഫിക്കറ്റ് നൽകുമെന്ന് സംഘാടകർ അറിയിച്ചു.

















