കൊച്ചി: ആശയപരമായിട്ടുള്ള അതിതീവ്രഭ്രമം വ്യക്തികളെയും സമൂഹത്തെയും നിഷേധാത്മക ചിന്തകളിലേക്കും നയങ്ങളിലേക്കും നയിക്കുമെന്ന് മുന്‍ സംസ്ഥാന റിട്ട. ഡിജിപി ഡോ. ജേക്കബ് തോമസ്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഭാരതീയ വിചാരകേന്ദ്രം എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച ‘സ്വാശ്രയ ഭാരതം’ സംവാദ പരമ്പരയില്‍ വൈചാരിക സ്വാശ്രയത്വം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില ആശയങ്ങളോടുള്ള അതിയായ ആശ്രയസമീപനമാണ് നാട്ടിലെ പല പ്രശ്‌നങ്ങള്‍ക്കും കാരണം. ആശയ ആശ്രയത്വം എന്നത് ഒരു തരം ആസക്തിയാണ്. ഇത്തരത്തിലുള്ള ആശ്രയത്വം നമ്മുടെ സമൂഹത്തെ സാരമായി ബാധിക്കുന്നുണ്ട്. ജിഹാദിസം, തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇതിന്റെ ഫലമായിട്ടാണ് മതത്തിന്റെ പേരില്‍ കലാപങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മാനസിക അടിമത്തവും സംഘടിതമായ ആശയപ്രചാരണങ്ങളെല്ലാം ജനതയെ വല്ലാതെ സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാനവകുലത്തിന്റെ മുന്നോട്ടുള്ള ഗതിയില്‍ അവരുടെ നാഗരികമായ ചരിത്രത്തിനും ആശയങ്ങള്‍ക്കും വളരെ പ്രാധാന്യമുണ്ടെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. അയ്യായിരം വര്‍ഷം പഴക്കമുള്ള നമ്മുടെ സംസ്‌കാരം ലോകത്തിന് തന്നെ മാതൃകയാണ്. മാറിമാറി ഭരിച്ച വൈദേശിക ശക്തികള്‍ നമ്മുടെ മൂല്യസങ്കല്‍പ്പങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ലാതാക്കാന്‍ അവര്‍ ശ്രമിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് നമ്മുടെ ജീവിത ശൈലിയെ മാറ്റിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അവര്‍ സ്ഥാപിച്ച പാശ്ചാത്യ വിദ്യാഭ്യാസ ശൈലി തന്നെയാണ് ഇപ്പോഴും നമ്മള്‍ പിന്തുടരുന്നത്. ഇതിന് മാറ്റം വരണം. പുതിയ വിദ്യാഭ്യാസ നയമാണ് നമുക്ക് വേണ്ടത്. എന്നാല്‍ ഭാരതത്തിന്റെ സംസ്‌കാരം സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്ന് പറയുമ്പോള്‍ കാവിവത്കരണമെന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ് പലരും. അരവിന്ദ മഹര്‍ഷി, രവീന്ദ്രനാഥ ടാഗോര്‍, സ്വാമി വിവേകാനന്ദന്‍ എന്നിവരെല്ലാം ഉത്‌ഘോഷിച്ച വിദ്യാഭ്യാസമാണ് നമുക്ക് ആവശ്യം. ധര്‍മ്മമാണ് മൂല്യം. ധര്‍മ്മത്തിലൂടെ നമ്മള്‍ സത്യത്തിലേക്ക് എത്തുന്നു. ഈ രണ്ട് മൂല്യങ്ങളും ഒരിക്കലും വിസ്മരിക്കപ്പെടരുത്.
മാര്‍ക്‌സിസ്റ്റ് വിചാരധാരയും ഭാരത വിരുദ്ധത പുലര്‍ത്തുന്നതാണ്. ഇത്തരത്തിലുള്ളവര്‍ പല ഭരണ സംവിധാനങ്ങളിലും കയറിക്കൂടിയിട്ടുണ്ട്. തെറ്റായ ആശയങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊളോണിയല്‍ വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ നിന്ന് നമ്മള്‍ മുക്തരാകണമെന്ന് കേരള കലാമണ്ഡലം റിട്ട. ഡെപ്യൂട്ടി റെജിസ്ട്രാര്‍ കലാധരന്‍ പറഞ്ഞു. വൈചാരികമായ അടിമത്തം നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇത് പരിപോഷിപ്പിക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. വിചാരകേന്ദ്രം എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ.സി.എം.ജോയ് അധ്യക്ഷനായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി പി. എസ്. അരവിന്ദാക്ഷന്‍ നായര്‍ സ്വാഗതം ആശംസിച്ചു.
Discussion about this post