നാഗ്പൂര്‍: നവജാത ശിശുക്കളിലെ കേള്‍വിക്കുറവ് അടക്കമുള്ള വിഷയങ്ങളില്‍ സമൂഹത്തില്‍ ബോധവത്കരണം ആവശ്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്നത് നോക്കിയിരിക്കലല്ല സമാജത്തിന്റെ ധര്‍മ്മം. കുട്ടികള്‍ എന്നത് അച്ഛനമ്മമാരുടെ മാത്രമല്ല, നാടിന്റെ തന്നെ ഭാവിയാണ്. അതുകൊണ്ട് എല്ലാ കുറവുകളുടെ കാരണത്തെക്കുറിച്ച് മനസിലാക്കുകയും അതിന് പരിഹാരം കാണുകയും വേണം, അദ്ദേഹം പറഞ്ഞു. സ്പീക് ഹിയര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ നാഗ്പൂരിലെ കിങ്‌സ് വേ ആശുപത്രിയില്‍ സംഘടിപ്പിച്ച ബധിര ബോധവത്കരണ പരിപാടി- ഉഡാന്‍ 23ല്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
കുട്ടികളുടെ ആരോഗ്യപരിപാലനത്തില്‍ കാര്യമായ ശ്രദ്ധയുണ്ടാകണം. ഇത്തരം ബോധവത്കരണ പരിപാടികളിലും പരിഹാര പരിശ്രമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തകരും പങ്കാളികളാകും. സേവാഭാരതി, ലോക് കല്യാണ്‍ സമിതി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കാനാവുമെന്ന് അദ്ദേഹം സംഘാടകരോട് പറഞ്ഞു.
ആരോഗ്യപരിപാലനത്തിന് നമുക്ക് പരമ്പരാഗതമായ രീതികളുണ്ട്. ശ്രുതം എന്നത് നമ്മളെ സംബന്ധിച്ച് കേള്‍ക്കുന്നത് മാത്രമല്ല, അത് ബോധമാണ്, അറിവാണ്. കുഞ്ഞിനെ ഗര്‍ഭാവസ്ഥ മുതല്‍ തന്നെ കരുതലോടെ കാക്കണം. വാക്കുദിക്കുന്നത് മനസിലാണ്. ബുദ്ധിയുടെയും മനസിന്റെയും ഒക്കെ വികാസവും പരിഗണിക്കണം. കേള്‍വിക്കുറവ് എന്നത് കാതിന്റെ മാത്രം പ്രശ്‌നമാണെന്ന രീതിയിലല്ല പരിഗണിക്കേണ്ടത്, സമഗ്രമായ ആരോഗ്യ അവലോകനം തന്നെ അതിന് ആവശ്യമാണ്, അദ്ദേഹം പറഞ്ഞു.
ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് ഡോ. മിലിന്ദ് കീര്‍ത്തനെ അദ്ധ്യക്ഷത വഹിച്ചു.
Discussion about this post