സിഡ്‌നി: ഇരുപതോവര്‍ ക്രിക്കറ്റിന്‍റെ ഉന്മാദത്തിലേക്ക് ലോകം… കങ്കാരുക്കളുടെ നാട്ടില്‍ ട്വന്റി 20 ആവേശത്തിന് നാളെ കൊടിയേറ്റം. ഏഴ് നഗരങ്ങള്‍, 45 മത്സരങ്ങള്‍… ഗാലറിയിലും പുറത്തും ആരവം നിറയുന്ന രാപകലുകള്‍.
എട്ടാമത് ട്വന്റി20 ലോകക്കപ്പിന്‍റെ ആദ്യഘട്ട മത്സരങ്ങളുടെ തുടക്കം കുറിച്ച് വിക്‌ടോറിയയിലെ ഗീലോങ് കാര്‍ദിനപാര്‍ക്കിലെ മൈതാനത്ത് ആദ്യ പന്തെറിയുമ്പോള്‍ കളത്തിലുണ്ടാവുക ശ്രീലങ്കയും നമീബിയയും. വാംഅപ്പ് മത്സരങ്ങളില്‍ അനായാസ വിജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇരുടീമുകളും. ലങ്ക സിംബാബ്‌വെയെയും നമീബിയ അയര്‍ലന്‍ഡിനെയുമാണ് വാംഅപ്പ് മത്സരത്തില്‍ തോല്‍പ്പിച്ചത്. ഏഷ്യാകപ്പ് നേടിയതിന്‍റെ അധികക്കരുത്തില്‍ മുന്‍ ചാമ്പ്യന്മാര്‍ കൂടിയായ സൂപ്പര്‍ 12ലേക്കുള്ള കുതിപ്പിന് നാളെ തുടക്കമിടാനാകുമെന്ന പ്രതീക്ഷയിലാണ് ലങ്കന്‍ ആരാധകലോകം.
കുശാല്‍ മെന്‍ഡിസ്, പാത്തും നിസ്സാങ്ക, ദസൂന്‍ ഷനക, ധനഞ്ജയ ഡി സില്‍വ, ഭാനുക രാജപക്സെ എന്നിവര്‍ ബാറ്റിങ്ങിലും മഹേഷ് തീക്ഷണ, വനിന്ദു ഹസരങ്ക, ചാമിക കരുണരത്നെ എന്നിവര്‍ ബൗളിങ്ങിലും ലങ്കയെ നയിക്കും.
നമീബിയന്‍ ബാറ്റിങ്ങില്‍ ജെറാര്‍ഡ് ഇറാസ്മസ്, സ്റ്റീഫന്‍ ബാര്‍ഡ് എന്നിവരും ബൗളിങ്ങില്‍ ബെര്‍ണാഡ് ഷോള്‍ട്ട്‌സ്, ജെജെ സ്മിറ്റ്, ഡേവിഡ് വീസ് എന്നിവരും കരുത്ത് പകരും.
നമീബിയ, നെതര്‍ലന്‍ഡ്സ്, ശ്രീലങ്ക, യുഎഇ, അയര്‍ലന്‍ഡ്, സ്‌കോട്ട്ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വെ എന്നിവരാണ് സൂപ്പര്‍ 12ലേക്കുള്ള പോരാട്ടത്തില്‍ അണിനിരക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ സൂപ്പര്‍ 12 ഉറപ്പിച്ചവരാണ്.
22ന് ഓസ്ട്രേലിയ ന്യൂസിലന്‍ഡിനെ നേരിടുന്നതോടെ സൂപ്പര്‍ 12 ആരംഭിക്കും. 23ന് ഇന്ത്യ ആദ്യമത്സരത്തില്‍ മെല്‍ബണില്‍ പാകിസ്ഥാനെ നേരിടും. നവംബര്‍ 13 ന് മെല്‍ബണിലാണ് കലാശപ്പോരാട്ടം.
Discussion about this post