വാഷിങ്ടണ്‍ ഡിസി: ഹിന്ദുദര്‍ശനവും സംസ്കാരവും മേധാവിത്വത്തില്‍ വിശ്വസിക്കുകയോ അത് അനുവദിക്കുകയോ ചെയ്യുന്നില്ലെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ലോകം മുഴുവന്‍ ഒരു കുടുംബമാണെന്നതാണ് ഹിന്ദു തത്വചിന്ത ഉദ്ഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും സഹോദരീസഹോദരന്മാരാണ്. കുടുംബഭാവത്തില്‍ ആരും ആരുടെ മേലും ആധിപത്യം ചെലുത്തുന്നില്ല. ആധിപത്യമെന്ന ചോദ്യമേ ഉദിക്കുന്നില്ല. എല്ലാവരിലും ഒരേ ആത്മസത്തയാണുള്ളത്. അടിസ്ഥാന ആശയം തന്നെ അതായിരിക്കുമ്പോള്‍, ഹിന്ദുക്കള്‍ക്ക് മേധാവിത്വസ്വഭാവം ഉണ്ടാവുക സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. വാഷിങ്ടണ്‍ ഡിസിയിലെ ഹഡ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ന്യൂ ഇന്ത്യ കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്ന ഫയര്‍ സെഡ് ചാറ്റില്‍ വിഖ്യാത മാധ്യമപ്രവര്‍ത്തകനും അക്കാദമിക് വിദഗ്ധനുമായ വാള്‍ട്ടര്‍ റസ്സല്‍ മീഡിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സര്‍കാര്യവാഹ്.
എല്ലാവരെയും ഒന്നായി കാണുന്ന ഹിന്ദുദര്‍ശനവും സംസ്കാരവുമാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രേരണ. ഇത് തീര്‍ത്തും ജനങ്ങളുടെ സന്നദ്ധ പ്രസ്ഥാനമാണ്. പുരാതനഭാരതത്തിന്റെ സാംസ്കാരിക ധാര്‍മ്മികതയില്‍ നിന്നും മൂല്യങ്ങളില്‍ നിന്നുമാണ് സംഘം പ്രചോദനം നേടിയിട്ടുള്ളത്.

ആധുനികതയും പാരമ്പര്യവും വ്യത്യസ്ത ദിശകളിലേക്ക് നീങ്ങുന്നതിന്റെ ആശയക്കുഴപ്പങ്ങളും പിരിമുറുക്കങ്ങളും സ്വാഭാവികമാണ്. എന്നാല്‍ ആധുനികവല്‍ക്കരണവും സാംസ്കാരിക മൂല്യങ്ങളും ഒരുമിച്ച് നിലനില്‍ക്കുമെന്നതാണ് സംഘത്തിന്റെ നിലപാട്. അതിന് പൊരുത്തപ്പെടല്‍ ആവശ്യമാണ്. ആല്മരത്തിന് ആഴത്തില്‍ അതിശക്തമായ വേരുകളുണ്ട്. എന്നാല്‍ അതോടൊപ്പം ഓരോ സീസണിലും പുതിയ പുതിയ വേരുകളെ അത് വളര്‍ത്തുകയും ചെയ്യും. അതുപോലെയാണ് ആധുനികതയെ പാരമ്പര്യ ജീവിത രീതി സ്വാംശീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നത്. രണ്ടും ആല്‍മരത്തെ വലിയ തണല്‍ മരമാക്കും. ഭാരതം, ജപ്പാന്, ചൈന എന്നീ രാജ്യങ്ങള്‍ അവയുടെ തായ് വേരുകളിലൂന്നിനിന്നുകൊണ്ടുതന്നെ വലിയ തോതില്‍ ആധുനികവല്‍ക്കരിക്കപ്പെട്ടിട്ടുണ്ടെന്ന് ദത്താത്രേയ ഹൊസബാളെ ചൂണ്ടിക്കാട്ടി.
അമേരിക്കന്‍ വംശീയ സംഘടനയായ കു ക്ലക്സ് ക്ലാന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍എസ്എസ് എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി, അറിഞ്ഞോ അറിയാതെയോ ഒരു അജണ്ടയുടെ ഭാഗമായി നിര്‍മിച്ചെടുത്ത ആഖ്യാനമാണത്. ക്രിസ്ത്യന്‍ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവും വികസന വിരുദ്ധവും ആധുനികവല്‍ക്കരണ വിരുദ്ധവുമെന്നൊക്കെ അത്തരക്കാര്‍ സംഘത്തെ വിശേഷിപ്പിക്കുന്നു. അതെല്ലാം തെറ്റാണ്. ഒരു തരത്തിലുള്ള മേധാവിത്വവും സംഘത്തിന്റെ ദര്‍ശനത്തിലില്ല. അത് സംഘത്തിന്റെ സ്വഭാവമല്ല, അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളുടെ ആവശ്യമില്ലെന്ന് സര്‍കാര്യവാഹ് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എല്ലാവരും ഭാരതീയരാണ്. എല്ലാവരും ഹിന്ദുക്കളാണ്. ഒരമ്മയുടെ മക്കളാണ്. ന്യൂനപക്ഷം എന്ന് പൊതുവേ വിളിക്കപ്പെടുന്നവരുടെ ഇടയില്‍ പല കാരണങ്ങള്‍ കൊണ്ട് സംഘത്തെക്കുറിച്ച് തെറ്റിദ്ധാരണയും സംശയങ്ങളുമുണ്ട്. സംഘം തുടര്‍ച്ചയായ സമ്പര്‍ക്കത്തിലും സംഭാഷണത്തിലുമാണ് പരിഹാരം കാണുന്നത്. അവരുടെ തെറ്റിദ്ധാരണകള്‍, സംശയങ്ങള്‍, ഇനി ഭയം ഇതൊക്കെയുണ്ടെങ്കില്‍ തുറന്ന സംഭാഷണത്തിലൂടെ അതെല്ലാം ഇല്ലാതാകുമെന്ന് സംഘം ഉറച്ച് വിശ്വസിക്കുന്നു. അത്തരം സംഭാഷണങ്ങള്‍ ജനങ്ങളുമായും നേതൃത്വവുമായും സംഘം തുടര്‍ച്ചയായി നടത്തി വരുന്നുണ്ട്, സര്‍കാര്യവാഹ് പറഞ്ഞു.




















Discussion about this post