ന്യൂയോര്‍ക്ക്: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വരവേറ്റ് ന്യൂയോര്‍ക്ക് ഈസ്റ്റിലെ ഹരേ കൃഷ്ണ പ്രസ്ഥാനം. ന്യൂയോര്‍ക്ക് ഈസ്റ്റ് ഭക്തി സെന്ററില്‍ ഇസ്‌കോണ്‍ ഭക്തസമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്തു. ലോകമാകെ കൃഷ്ണരൂപമാണെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങളും പോരാട്ടങ്ങളും വ്യത്യസ്ത സാഹചര്യങ്ങളും നിറഞ്ഞതാണ് ലോകം. എന്നാല്‍ അവയെ കോര്‍ത്തിണക്കാന്‍ ധര്‍മ്മചിന്തയ്ക്ക് കഴിയും. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ധര്‍മ്മരക്ഷയുടെ പ്രതിനിധിയാണ്. അതുകൊണ്ടുതന്നെ ലോകജീവിതത്തിന്റെ കാതലായി കൃഷ്ണദര്‍ശനം ഉണ്ടാകുമെന്ന് സര്‍സംഘചാലക് പറഞ്ഞു.

ജീവിതത്തെ ഭയന്ന് ഒളിച്ചോടുന്നതല്ല മുന്നേറ്റത്തിന്റെ പാതയെന്ന് ഭഗവദ്ഗീത പറയുന്നു. സ്വന്തം കടമയില്‍ ഉറച്ചുനിന്ന്, ഏത് പ്രതിസന്ധിയിലും അത് നിറവേറ്റുക തന്നെ വേണം. എല്ലാറ്റിലും അടങ്ങിയിരിക്കുന്ന ഈശ്വരാംശത്തെ തിരിച്ചറിയണം. ഈ സന്ദേശം എല്ലാവരും ഹൃദയത്തില്‍ സ്വീകരിച്ചാല്‍ ലോകം ഒരു സുന്ദരമായ ഇടമായി മാറും. ഭൗതികമായ അതിരുകള്‍ക്കപ്പുറത്ത് അതിന് സ്വര്‍ഗസമാനമായ ഭാവം കൈവരും അതുകൊണ്ട് നാം കൃഷ്ണ ബോധത്തിലേക്ക് ഉണരണം, മോഹന്‍ ഭാഗവത് പറഞ്ഞു.

















