ഇന്ന് ഹിന്ദു സാമ്രാജ്യ ദിനം. ഹിന്ദു ഹൃദയ സാമ്രാട്ട് ഛത്രപതി ശിവാജിയുടെ സിംഹാസനാരോഹണത്തിന്റെ 349-ാം വാർഷികം. അടിമത്തം ദീര്‍ഘകാലം പേറേണ്ടി വന്നവരാണ് നാം ഭാരതീയര്‍. വൈദേശിക അധിനിവേശ ശക്തികള്‍ ഭാരതം പിടിച്ചെടുക്കാൻ ശ്രമിക്കുകയും ഭാരതീയരുടെ ആത്മാഭിമാനം കവര്‍ന്നെടുക്കുകയും ചെയ്തു. ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ അടിവേരുകള്‍ അറുക്കാനായിരുന്നു അവരുടെ പ്രധാന ശ്രമം. എന്നാൽ, എപ്പോഴൊക്കെ വൈദേശിക ശക്തികൾ ഭാരതത്തിന് മേൽ പിടിമുറുക്കാൻ ശ്രമിച്ചോ, അപ്പോഴൊക്കയും ശക്തമായ പ്രതിരോധങ്ങൾ സൃഷ്ടിക്കാൻ ചില അവതാരങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. അത്തരത്തിലൊരു യുഗ പുരുഷനാണ് ഹിന്ദു ഹൃദയ സാമ്രാട്ട് ഛത്രപതി ശിവാജി.
1674-ലെ ജ്യേഷ്ഠ മാസത്തിലെ വെളുത്തപക്ഷത്തിലെ ത്രയോദശിയിലാണ് ഹിന്ദു സ്വാഭിമാനത്തിന്റെ സിംഹഗർജ്ജനം മുഴങ്ങിയത്. ഹിന്ദു സാമ്രാജ്യ ദിനം ശുഭകരമായ ഒരു ഓർമപ്പെടുത്തലാണ്. മുഗളരുടെ ധിക്കാരത്തെ വെല്ലുവിളിച്ച്, ഹൈന്ദവ സ്വാഭിമാനം വാനോളം ഉയർത്തിയ മഹദ് ദിനം. ഒന്നുമില്ലായ്മയിൽ നിന്നൊരു മഹാസാമ്രാജ്യം കെട്ടിപ്പടുക്കാൻ ഛത്രപതി ശിവാജി നടത്തിയ ധീരോദാത്തമായ ജൈത്രയാത്ര ഒരോ രാഷ്‌ട്ര സ്നേഹിക്കും ഊർജ്ജം പകരുന്നു. ശിവാജിയുടെ ഹൈന്ദവ സാമ്രാജ്യം മതാധിഷ്ഠിതമായ ഒരു സങ്കൽപ്പമായിരുന്നില്ല. സനാതനമായ ഒരു പരമ സത്യത്തെ ഉദ്ഘോഷിക്കുന്ന രാഷ്‌ട്ര മാതൃകയായിരുന്നു അദ്ദേഹത്തിന്റെ ഹൈന്ദവ സാമ്രാജ്യം.
റായ്ഗഢിന്റെ ഉന്നത ഗിരിയിൽ നിന്നുയർന്ന നാദം ദിഗന്തങ്ങൾ ഭേദിച്ച് വിശ്വമെങ്ങും മാറ്റൊലി കൊണ്ടു. സാധാരണക്കാരിലൂടെയും കൃഷിക്കാരിലൂടെയും തൊഴിലാളികളിലൂടെയുമെല്ലാം നേടിയെടുത്ത ഹിന്ദു സാമ്രാജ്യം ധർമ്മത്തിന്റെ അടിത്തറയിലാണ് ശിവാജി പടുത്തുയർത്തിയത്. സുതാര്യത, പങ്കാളിത്തം, ഉത്തരവാദിത്വം, നിയമവാഴ്ച എന്നീ ഘടകങ്ങളിൽ അധിഷ്ഠിതമാണ് സദ്ഭരണമെന്ന് ശിവാജി പ്രഖ്യാപിച്ചു. കേവലം ഒരു രാഷ്‌ട്രതന്ത്രജ്ഞന്‍ എന്നതിലുപരി രാഷ്‌ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന രാഷ്‌ട്രമീമാംസകനായിരുന്നു ശിവാജി.
Discussion about this post