ഒരു ദേശത്തിന്റെ കഥയിലൂടെ ജ്ഞാനപീഠപുരസ്‌കാരം നേടിയ മലയാള നോവലിസ്റ്റും സഞ്ചാരസാഹിത്യകാരനും കവിയുമാണ് എസ്.കെ. പൊറ്റെക്കാട്ട് എന്ന ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട് . 1913 മാര്‍ച്ച് 14ന് കോഴിക്കോട്ട് ജനനം. ചാലപ്പുറം ഗണപത് സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. സാമൂതിരി കോളേജില്‍ നിന്നും ഇന്റര്‍മീഡിയറ്റ്. കോഴിക്കോട്ടെ ഗുജറാത്തി വിദ്യാലയത്തില്‍ അദ്ധ്യാപകനായി.
പഠിച്ചും പഠിപ്പിച്ചും യാത്രകളെ പ്രണയിച്ചും
മലയാളിയുടെ മനസിലേക്ക് ലോകത്തെ കുടിയിരുത്തി. 1939ല്‍ ബോംബേയിലേക്കുള്ള യാത്രയില്‍ നിന്നാണ് ലോകസഞ്ചാരത്തിന്റെ തുടക്കം.
ഓരോ യാത്രയും കഥയായി, കവിതയായി, നോവലായി , സഞ്ചാരസാഹിത്യമായി. ഭൂഖണ്ഡാന്തരങ്ങളിൽ, വിദേശ ഭൂമികളിൽ തനി മലയാളിയായി അദ്ദേഹം കണ്ടും കേട്ടും അറിഞ്ഞും അലഞ്ഞു.
1949ല്‍ കപ്പല്‍മാര്‍ഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വേഷ്യ…. മിക്ക രാജ്യങ്ങളും പല തവണ പോയി. സാധാരണ ജീവിതങ്ങളുമായി ഇടപഴകി … മലയാളം അന്നേ വരെ വായിച്ചിട്ടില്ലാത്ത ലോകം മലയാളിക്ക് മുന്നിൽ അവതരിച്ചു.
1928 ൽ സാമൂതിരി കോളേജ് മാഗസിനില്‍ വന്ന ‘രാജനീതി’ ആണ് ആദ്യ കഥ. 1929ല്‍ കോഴിക്കോട്ടുനിന്നുള്ള ആത്മവിദ്യാകാഹളത്തില്‍ മകനെ കൊന്ന മദ്യം എന്ന കവിത പ്രസിദ്ധപ്പെടുത്തി. 1931ല്‍ എറണാകുളത്തുനിന്നു മൂര്‍ക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള ദീപം എന്ന മാസികയില്‍ ഹിന്ദു-മുസ്ലിം മൈത്രി എന്ന കഥ. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ തുടര്‍ച്ചയായി കഥകള്‍…
ആദ്യത്തെ നോവല്‍ 1939 ൽ ബോംബെയിൽ വച്ചെഴുതിയ നാടന്‍പ്രേമമാണ്. ബോംബേയിലായിരുന്നപ്പോള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത പൊറ്റെക്കാട്ട് നാട്ടിലും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി.
1940ല്‍ മലബാറിലേക്കുള്ള തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന്റെ കഥ പറയുന്ന വിഷകന്യക ഏറെ ശ്രദ്ധിക്കപ്പെട്ടു.
1957ല്‍ തലശ്ശേരിയില്‍ നിന്നും ലോകസഭയിലേക്കു മല്‍സരിച്ചെങ്കിലും 1000 വോട്ടിനു പരാജയപ്പെട്ടു. 1962ല്‍ തലശ്ശേരിയില്‍ നിന്നു തന്നെ സുകുമാര്‍ അഴീക്കോടിനെ 66,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇലക്ഷനിലൂടെ ലോക്‌സഭയിലെത്തിയ അപൂര്‍വ്വം സാഹിത്യകാരന്മാരില്‍ ഒരാളാണ് പൊറ്റെക്കാട്ട്. 1982 ഓഗസ്റ്റ് 6ന് അന്തരിച്ചു.
Discussion about this post