“ലളിത ഇന്ന് രാത്രി നീ ഭക്ഷണം പാകം ചെയ്യരുത്!”
ആകാംക്ഷയോടെ കാരണം തിരക്കിയ ഭാര്യയോട് ആ കുറിയ മനുഷ്യൻ പറഞ്ഞൂ –
“ഒരു അർദ്ധ ദിവസം പട്ടിണി കിടക്കാൻ എന്റെ കുടുംബത്തിന് സാധിക്കുന്നുണ്ടോ എന്ന ഉറപ്പ് കിട്ടിയിട്ട് വേണം എനിക്ക് എന്റെ രാജ്യത്തെ ജനങ്ങളോട് വരാൻ പോകുന്ന സാഹചര്യത്തെ നേരിടാൻ ഒരു നേരത്തെ ആഹാരം ത്യജിക്കാൻ ആവശ്യപ്പെടാൻ.”
പിറ്റേ ദിവസം രാവിലെ അദ്ദേഹം ഓൾ ഇന്ത്യ റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു ഒരു നേരത്തെ ആഹാരം ഉപേക്ഷിക്കുക. “നമ്മൾ പട്ടിണി ആയേക്കാം എന്നാലും അമേരിക്കക്ക് മുന്നിൽ നമ്മൾ തല കുനിക്കില്ല”
1965 ഭാരത പാകിസ്‌താൻ യുദ്ധ സമയം. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ലിന്റൺ ബി ജോൺസൺ ശക്തമായ താക്കീത് നൽകി കൊണ്ട് ഭാരതത്തിനു കത്തെഴുതി, യുദ്ധത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ PL 480 കരാർ പ്രകാരമുള്ള ഗോതമ്പ് ഇറക്കുമതി അമേരിക്ക നിറുത്തി വെക്കുമെന്നായിരുന്നു അത്. ആ കാലത്ത് ഇന്ത്യയിലെ ആഭ്യന്തര ആവശ്യങ്ങൾക്ക് ആ ഇറക്കുമതി അനിവാര്യമായിരുന്നു. അമേരിക്കയുടെ ആ ഭീഷണിയെ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി നേരിട്ട രീതി ആയിരുന്നു മുകളിൽ നമ്മൾ കണ്ടത്.
അതായിരുന്നു ലാൽ ബഹദൂർ ശാസ്ത്രി എന്ന ഭാരത പ്രധാനമന്ത്രി!
‘ ജയ് ജവാൻ ജയ് കിസാൻ ‘എന്ന മുദ്രാവാക്യം ഭാരതത്തിന് നൽകിയ മഹാൻ.
1964 ൽ പ്രധാനമന്ത്രിയായി അധികാരമേൽക്കുമ്പോൾ അദ്ദേഹത്തിന് സ്വന്തമായി ഒരു കാർ ഉണ്ടായിരുന്നില്ല. ഔദ്യോഗിക ആവശ്യങ്ങൾക്ക് അല്ലാതെ പ്രധാനമന്ത്രിയുടെ കാർ ഉപയോഗിക്കരുത് എന്ന് നിർബന്ധം ഉണ്ടായിരുന്ന ശാസ്ത്രി ജി കുടുംബത്തിന് വേണ്ടി പുതിയ ഒരു കാർ വാങ്ങാൻ തീരുമാനിച്ചു.
പുതിയ ഫിയറ്റിനു 12,000 രൂപയാകും. അദ്ദേഹത്തിന്റെ കൈവശം 7,000 രൂപയേ ഉള്ളൂ. അത് കൊണ്ട് 5,000 രൂപ വായ്പയ്ക്കു പഞ്ചാബ് നാഷണൽ ബാങ്കിൽ അപേക്ഷ നൽകി. അന്നുതന്നെ വായ്പ അനുവദിച്ചു. വിദേശത്ത് ആയിരിക്കുമ്പോൾ തിരിച്ചടവ് തുകയെ കുറിച്ചു അദ്ദേഹം ഭാര്യയെ ഓർമ്മിപ്പിക്കുമായിരുന്നത്രെ. അദ്ദേഹത്തിന്റെ മരണ ശേഷം പെൻഷൻ തുകയിൽ നിന്നാണ് ഭാര്യ ലോൺ തിരിച്ചടച്ചു തീർത്തത്. ഡിഎൽഇ–6 എന്ന നമ്പരുള്ള കാർ ഡൽഹിയിലെ ലാൽ ബഹാദൂർ ശാസ്ത്രി സ്മാരകത്തിൽ ഇപ്പോഴും പ്രദർശിപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ 60 ശതമാനം ജനങ്ങൾ പ്രതിദിനം മൂന്നണ കൊണ്ട് ജീവിക്കുമ്പോൾ പ്രധാനമന്ത്രിയുടെ പട്ടിക്ക് മാത്രം മുന്നൂറ് രൂപ മാസം ചിലവാക്കുന്നു. 25000 മുതൽ 30000 വരെയാണ് ഒരു മാസത്തെ ദുർചിലവ് എന്ന് വസ്തുതകൾ നിരത്തി രാംമനോഹർ ലോഹ്യ പ്രധാനമന്ത്രി നെഹ്രുവിന്റെ രാജകീയ ജീവിതത്തെ വിമർശിച്ച കാലഘട്ടത്തിൽ നിന്നാണ് ശാസ്ത്രിജിയിലൂടെ ലളിത ജീവിതം നയിക്കുന്ന നിസ്വാർത്ഥനായ ഒരു പ്രധാനമന്ത്രിയെ ഭാരതത്തിന് ലഭിച്ചത്.
നിഷ്കളങ്കതയും സൗമ്യതയും നിറഞ്ഞ മുഖഭാവം പക്ഷെ നിലപാടുകളിൽ കർക്കശക്കാരനും ശക്തനും ആയ ഒരു പ്രധാനമന്ത്രി അതായിരുന്നു ലാൽ ബഹദൂർ ശാസ്ത്രി.
ഇന്ത്യ ചീനി ഭായി ഭായി എന്നു പറഞ്ഞു കൊണ്ട് സമാധാനപ്രേമി എന്ന പേര് ലഭിക്കാനും മണ്ടൻ നയങ്ങളുമായി നെഹ്റു മുന്നോട്ട് പോയതിന്റെ ഫലമായി 1962 ലെ ഭാരത ചൈന യുദ്ധത്തിൽ പരാജയപെട്ട് ആത്മവിശ്വാസം തകർന്നുപോയ സൈന്യത്തെയും രാജ്യത്തെ ജനങ്ങളെയും അതിൽ നിന്ന് തിരിച്ചു കൊണ്ടു വന്നത് എല്ലാ പ്രതിഷേധങ്ങളെയും, ദുർഘടസാഹചര്യങ്ങളെയും വക വെയ്ക്കാതെ 1965 ൽ അതിർത്തി തുരക്കാൻ വന്ന പാകിസ്ഥാനെ തകർത്തത് വഴി ശാസ്ത്രി ജി ആയിരുന്നു.
1965 ൽ ഇന്ത്യൻ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ പട്ടാളത്തിന്റെ വലിയ തോതിൽ ഉള്ള അധിനിവേശം ഉണ്ടായി. കശ്മീർ അതിർത്തിയിലെ വെടിനിർത്തൽ രേഖയിൽ യുദ്ധസമാനമായ സാഹചര്യമുണ്ടായി.. അമേരിക്കയിൽ നിന്ന് പുതുതായി ലഭിച്ച ആയുധങ്ങളിൽ ഉള്ള ആത്മവിശ്വാസവും, ചൈനയുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ട ഭാരതത്തിന്റെ ആത്മാവിശ്വാസമില്ലായ്മയും മുതലെടുത്ത് കൊണ്ടായിരുന്നു ശത്രുരാജ്യത്തിന്റെ പ്രകോപനം.
ലാൽ ബഹദൂർ ശാസ്ത്രി എന്ന ഉരുക്കുമനുഷ്യന്റെ നിശ്ചയദാർഢ്യവും മഹത്വവും ആണ് ലോകം പിന്നീട് കണ്ടത്. സൈന്യത്തിന് എല്ലാ സ്വാതന്ത്ര്യവും നൽകി കൊണ്ട് അദ്ദേഹം പറഞ്ഞു, “മുന്നോട്ട് പോവുക ആക്രമിക്കുക”
1965 ആഗസ്റ്റ് 13 ന് രാജ്യത്തെ അഭിസംബോധന ചെയ്യവേ പാകിസ്ഥാൻ ഭീഷണിയെ പറ്റി അദ്ദേഹം പറഞ്ഞു ഫോഴ്‌സ് വിൽ ബി മെറ്റ് വിത് ഫോഴ്‌സ് ”
രണ്ടു ദിവസം കഴിഞ്ഞു സ്വാതന്ത്യ ദിനത്തിൽ ചെങ്കോട്ടയിൽ വെച്ചു അദ്ദേഹം പ്രഖ്യാപിച്ചു.
” നമ്മൾ തകർക്കപ്പെടുമോ എന്നത് വിഷയമല്ല, ഈ ദേശത്തിന്റെയും ത്രിവർണ്ണ പതാകയുടെയും അഭിമാനം സംരക്ഷിക്കാൻ അവസാന നിമിഷം വരെ നമ്മൾ പോരാടും”
അതേ സമയം മറ്റൊരു ഭീഷണി കൂടി ഇന്ത്യക്ക് നേരെ തിരിഞ്ഞു. “തങ്ങളുടെ അതിർത്തിയിൽ ഭാരതം സൈനിക ഉപകരണങ്ങൾ വിന്യാസിക്കുന്നു എന്നും അത് ഉടൻ പിൻവലിക്കുന്നില്ല എങ്കിൽ തിരിച്ചടി നേരിടേണ്ടി വരും ” എന്നറിയിച്ചുള്ള ചൈനയുടെ കത്ത് ഭാരതത്തിനു ലഭിച്ചു. ഒരു ഭാഗത്തു സർവ സന്നാഹങ്ങൾ ആയി ശത്രുരാജ്യത്തെ നേരിടുന്ന സമയം മറ്റൊരു അതിർത്തിയിൽ പ്രശ്‌നം. വലിയ രാജ്യങ്ങൾ പോലും ഇന്ത്യ എന്ത് ചെയ്യും, ശാസ്ത്രി എന്ത് മറുപടി നൽകും എന്ന് ഉറ്റു നോക്കുന്നു.
അദ്ദേഹം ഒരുപാട് സമയം ഒന്നും കാത്തു നിന്നില്ല, 1965 സെപ്റ്റംബർ17ന് ആണ് ചൈനയുടെ കത്ത് ഇന്ത്യക്ക് ലഭിക്കുന്നത്.അന്ന് ഉച്ചക്ക് തന്നെ പാർലിമെന്റിൽ അദ്ദേഹത്തിന്റെ പ്രസ്താവന വന്നു.
” ചൈനയുടെ ആരോപണം തികച്ചും അസത്യമാണ്, ഇന്ത്യയെ ആക്രമിക്കാൻ ആണ് ഉദ്ദേശം എങ്കിൽ തിരിച്ചടിക്കും എന്നത് ഞങ്ങളുടെ ദൃഢനിശ്ചയം ആണ്.ചൈനയുടെ ശക്തിക്ക് സ്വന്തം പ്രദേശം സംരക്ഷിക്കാൻ ഉള്ള ഞങ്ങളുടെ സത്യസന്ധമായ പോരാട്ടത്തെ തടയാൻ ആവില്ല”
അതോടെ ചൈന പിൻവലിഞ്ഞു.
ഇന്ത്യൻ സൈനികർക്ക് മരണഭയം എന്നൊന്ന് ഇല്ലായിരുന്നു, ധീരമായി അവർ പോരാടി. നമ്മുടെ കരസേനയും വ്യോമസേനയും ഒരു ശരീരത്തിലെ രണ്ട് കൈകൾ എന്ന പോലെ ചേർന്ന് ശത്രുവിനെ ആക്രമിച്ചു. പിടിച്ചു നിൽക്കാൻ ആവാതെ പാകിസ്ഥാൻ സൈന്യം തോൽവി സമ്മതിച്ചു. എന്താണ് ഇന്ത്യൻ സൈന്യത്തിന്റെ ശക്തി എന്ന് ലോകം ദൃക്‌സാക്ഷി ആയത് അന്ന് മുതൽ ആയിരുന്നു. അതിന് കാരണം ആയതോ മഹാനായ, ധീരൻ ആയ ആ ഭാരത പുത്രനും.. ചാരത്തിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തുക ആയിരുന്നു ഒരു രാഷ്ട്രത്തെ അദ്ദേഹം.
ഇന്ത്യയുടെ ആത്മാഭിമാനം ഉയർത്തിയ ഒരു കരാറിൽ ഒപ്പുവെച്ചതിന് ശേഷം വിദേശരാജ്യത്തു വെച്ചു ദുരൂഹ സാഹചര്യത്തിൽ ഉള്ള ആ മരണം സംഭവിച്ചില്ലായിരുന്നു എങ്കിൽ ഒരുപക്ഷേ ചൈനയും കൊറിയയുമൊക്കെ 70 കളിൽ നേടിയ പുരോഗതി അവർക്ക് മുന്നേ തന്നെ കൈ വരിക്കുമായിരുന്നു ഇന്ത്യ. എല്ലാ കാലവും അദൃശ്യമായി പ്രവർത്തിച്ചു ഇന്ത്യയെ നിയന്ത്രിക്കുന്ന ആ അജ്ഞാത ശത്രുവിന്റെ കരങ്ങൾ ഇവിടെയും പ്രവർത്തിച്ചു എന്ന് ദേശസ്നേഹിയായ ഓരോ ഭാരതീയനും ഉറച്ചു വിശ്വസിക്കുന്നു. അത്രയും പ്രാധാന്യമുള്ള ഒരു വിഷയം ആയിരുന്നിട്ടു കൂടി പിൻഗാമികളുടെ നിസ്സംഗതയിലും വലിയ വേറെ എന്ത് തെളിവ് വേണം അങ്ങനെ വിശ്വസിക്കാൻ.
എന്ത് തന്നെ ആയാലും ആ നഷ്ടത്തിന്റെ വിലയായി നമ്മൾ നൽകേണ്ടി വന്നത് പതിറ്റാണ്ടുകൾ ആയിരുന്നു.
ധീരതയുടെയും, ആത്മാഭിമാനത്തിന്റെയും, ദേശസ്നേഹത്തിന്റെയും, ലളിതജീവിതത്തിന്റെയും എല്ലാം പ്രതീകമായിരുന്ന മഹാത്മാവിന്റെ സ്മൃതി ദിനത്തിൽ ആ പാദങ്ങളിൽ അർപ്പിക്കാം ഒരു പിടി ഓർമ്മപൂക്കൾ.
Discussion about this post