ഇരുട്ടായിരുന്നു ചുറ്റിനും.
ലോകം വെളിച്ചത്തിനായി പ്രാര്‍ത്ഥനയിലായിരുന്നു.
പെരുമഴയില്‍, പാതിരയില്‍, തുറുങ്കറയില്‍
അവര്‍ക്കായാണ് മയില്‍പ്പീലിക്കണ്ണ് തുറന്നത്….
ആ പാതിര പിന്നിടുമ്പോഴേക്കും
അസുരന്മാര്‍ ഭയാനകമായ പുറംകണ്ണ് പൂട്ടി,
ഭീതിയുടെ അകംകണ്ണ് തുറന്ന്
ആഴമറിയാത്ത നിദ്രയിലേക്ക് ആണ്ടുപോവുകയും
ലോകം അതിരില്ലാത്ത ഉല്ലാസകാലത്തേക്ക്
ഉണര്‍ന്നേല്‍ക്കുകയും ചെയ്തു.
ജയിലറ തുറന്ന്, പേമാരി കടന്ന്,
യമുനയെ വകഞ്ഞുമാറ്റി
പ്രപഞ്ചനാഥന്റെ എഴുന്നെള്ളത്ത്.
കൂരിരുട്ടിന്റെ മേഘപടലങ്ങള്‍ക്കപ്പുറം
നക്ഷത്രങ്ങള്‍ തിരി തെളിക്കുന്ന തിരക്കിലായിരുന്നു.
കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ മുളങ്കാടുകളുതിര്‍ത്ത
ഓടപ്പുല്‍നാദങ്ങള്‍ അവന് അകമ്പടിയായി.
ആയിരം പത്തികളുയര്‍ത്തി അനന്തനാഗന്‍
അവന് കുടയായി, പ്രളയമായൊഴുകിയ
യമുനയപ്പോള്‍ ശാന്തമാവുകയും
ഉല്ലാസത്തിരത്തള്ളലാല്‍ ദേവകീബാലകന്റെ
പദതാരുകളെ പിന്നെയും പിന്നെയും
ചുംബിക്കാനുയരുകയും ചെയ്തു….
മഥുരയിലെ തടവറയില്‍ നിന്ന് ആമ്പാടിയിലേക്ക്….
അതായിരുന്നു യുഗപരിവര്‍ത്തനത്തിന്റെ തുടക്കം.
സര്‍വഭക്ഷകനായ കാലത്തിനുമീതെ അവന്‍
പിഞ്ചുകാല്‍കളാല്‍ നൃത്തമാടി…
അറിഞ്ഞുമറിയാതെയും ഗോകുലം
അവന്റെ ലീലകളില്‍ അലിഞ്ഞുചേര്‍ന്നു.
ഒരുവേള വെണ്ണയുണ്ടും കവര്‍ന്നും…
പിന്നൊരുവേള കാലിമേച്ചും കോലക്കുഴല്‍ വിളിച്ചും….
അങ്ങനെയുമൊരു ഈശ്വരന്‍…
‘ഞങ്ങളില്‍ നിന്നൊരാള്‍ ഞങ്ങള്‍ തന്നെ..’
കാളിയദര്‍പ്പമടക്കിയവന്‍,
കായാമ്പൂവില്‍ നീലിമയായവന്‍
പൂതനയ്ക്കും പുത്രനായവന്‍
കുബ്ജയുടെ കൂനു നിവര്‍ത്തവന്‍
ഗിരിഗോവര്‍ധനത്തെ വിരലിലുയര്‍ത്തിയവന്‍
കംസന്മാര്‍ക്കാകെ അന്തകനായവന്‍….
കൃഷ്ണമാര്‍ക്കൊക്കെയും ചേലയായവന്‍….
ധര്‍മ്മരക്ഷയ്ക്ക് ശംഖമൂതിയോന്‍…
ലോകത്തിന് ഗീത പകര്‍ന്നവന്‍…
അവനീ മുറ്റത്തിപ്പോഴുമുണ്ട്
മണ്ണ് വാരിത്തിന്നും കളിച്ചും
തൈര്‍ക്കുടമുടച്ചും ചിരിച്ചും…
ഉണ്ണിയായി… ഉണ്ണിക്കണ്ണനായി…..
‘വിശ്വപിതാവാം നീയീ ഞങ്ങടെ
കൊച്ചുകിടാവായി വന്നല്ലോ
ഞങ്ങടെ പുണ്യമിതല്ലെന്നാലോ
നിന്‍ കരളേലും കാരുണ്യം….’
വൈലോപ്പിള്ളി ശ്രീധരമേനോന്‍
ജന്മാഷ്ടമി ആശംസകൾ
Discussion about this post