കൊച്ചി: വികസിത ഭാരതത്തിലേക്കുള്ള ഭാരതീയരുടെ മന്ത്രമാണ് വന്ദേ മാതരമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ . വന്ദേമാതരം സാർദ്ധശതി ആഘോഷസമിതിയുടെ നേതൃത്വത്തിൽ വന്ദേമാതരത്തിന്റെ 150-ാം ജയന്തി ആഘോഷം തൃപ്പൂണിത്തുറ സ്റ്റാച്യുവിലെ ശ്രീ ശാസ്താ മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ സാമ്പത്തിക പുരോഗതി ലക്ഷ്യം വയ്ക്കുന്ന ‘വികസിത് ഭാരത്’ പദ്ധതിയിൽ ഓരോ പൗരനും പങ്കാളികളാകണമെന്ന് ഗവർണർ അഭ്യർത്ഥിച്ചു. കോളനിവാഴ്ചയുടെ അവശേഷിപ്പുകൾ ഇല്ലാതാക്കുന്ന ‘ഡീകൊളോണൈസേഷൻ’ പ്രക്രിയയുടെ പാതയിലാണ് രാജ്യം ഇപ്പോൾ സഞ്ചരിക്കുന്നത്. സ്വദേശി ജീവിതചര്യ ആക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസ് അഖില ഭാരതീയ സഹപ്രചാർ പ്രമുഖ് പ്രദീപ് ജോഷി മുഖ്യപ്രഭാഷണം നടത്തി. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഭാരതം അനുഭവിച്ച ദുരവസ്ഥയിൽ മനംനൊന്താണ് ബങ്കിം ചന്ദ്ര ചാറ്റർജി വന്ദേമാതരം രചിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ നിരവധി രാഷ്ട്രങ്ങൾ തകർച്ച നേരിടുമ്പോഴും ഭാരതത്തെ ഒറ്റക്കെട്ടായി നിലനിർത്തുന്നത് വന്ദേമാതരം മുന്നോട്ടുവെക്കുന്ന വികാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ വന്ദേമാതരം ആലാപന മത്സരത്തിലെ വിജയികളായ വിദ്യാർത്ഥികൾക്ക് ഗവർണർ ഉപഹാരങ്ങൾ വിതരണം ചെയ്തു. അഡ്വ. രഞ്ജിനി സുരേഷും ശാലിനിയും അവതരിപ്പിച്ച വന്ദേമാതരം നൃത്താവിഷ്കാരവും, ആർ.എൽ.വി. ശ്രീനാഥും സംഘവും അവതരിപ്പിച്ച ദേശഭക്തിഗാന സുധയും ചടങ്ങിന് മിഴിവേകി.
ആഘോഷസമിതി അധ്യക്ഷൻ എം.ആർ.എസ്. മേനോൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ജയന്തൻ നമ്പൂതിരി സ്വാഗതവും തൃപ്പൂണിത്തുറ നഗരസഭാ അധ്യക്ഷൻ അഡ്വ. പി.എൽ. ബാബു ആശംസയും നേർന്നു. രമേശ് ലക്ഷ്മൺ നന്ദി രേഖപ്പെടുത്തി.















Discussion about this post