ഭോപാല്‍(മധ്യപ്രദേശ്): മഹര്‍ഷിമാരും ആചാര്യന്മാരും മാത്രമല്ല ഭാരതത്തിലെ സാധാരണക്കാരന്‍ വരെ എല്ലാ ജീവജാലങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്ന ആദര്‍ശചിന്തയുടെ പ്രയോക്താക്കളാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി. ആദിശങ്കരന്റെ അദ്വൈതചിന്ത ജീവിതമാക്കിയവരാണ് ഭാരതീയരെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭാഷാ മഞ്ച് സംഘടിപ്പിച്ച മാതൃഭാഷാ മഹോത്സവത്തിന്റെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതവും ഭാരതീയരും ഒന്നാണെന്നതാണ് മാതൃഭാഷാ മഹോത്സവത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അത് പ്രസംഗങ്ങളിലൂടെയല്ല, അനുഭവത്തിലൂടെയാണ് പ്രകടമാകേണ്ടത്. വൈവിധ്യമാര്‍ന്ന ആരാധനാരീതികള്‍, അനേകം ഭാഷകള്‍, നിരവധി ജാതി വിഭാഗങ്ങള്‍, പ്രദേശങ്ങള്‍ എന്നിവ ഉണ്ടായിരുന്നിട്ടും ഭാരതീയ സമൂഹം ഒന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഎച്ച്ഇഎല്‍ ദസറ ഗ്രൗണ്ടില്‍ നടന്ന മാതൃഭാഷാ ഉത്സവത്തിന്റെ സമാപന ദിവസം സാംസ്‌കാരിക വൈവിധ്യങ്ങള്‍ അടയാളപ്പെടുത്തുന്ന പ്രദര്‍ശനത്തോടെയാണ് ആരംഭിച്ചത്. പ്രഭു ഝൂലേലാലിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള നൃത്ത നാടകം, ബിര്‍സ മുണ്ടയുടെ ജീവിതരേഖ പറയുന്ന നാടകം എന്നിവ അരങ്ങേറി. സന്ത് രവിദാസിന്റെ ചരിത്രം രേഖപ്പെടുത്തിയ പ്രദര്‍ശിനി, രാമജന്മഭൂമി ക്ഷേത്ര വിജയയാത്ര അവതരിപ്പിച്ച ഹ്രസ്വചിത്ര പ്രദര്‍ശനം എന്നിവയും അവതരിപ്പിച്ചു.














Discussion about this post