കോഴിക്കോട്: ഭാരതത്തിലെ രാഷ്ട്രീയ രംഗം കുറ്റമറ്റതും മൂല്യവത്തുമാകണമെങ്കില്‍ വ്യക്തിഗുണമുള്ളവര്‍ ആ രംഗത്തേക്ക് കടന്നുവരണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ആര്‍എസ്എസ് ശതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ‘പ്രേരണ’ പരിപാടിയില്‍ ഉത്തരകേരള പ്രാന്തത്തിലെ ക്ഷണിക്കപ്പെട്ട യുവജനങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തില്‍ മോശപ്പെട്ട വൈറസ് ബാധയുണ്ട്. അത് എല്ലാ പാര്‍ട്ടികളിലുമുണ്ട്. ആ വൈറസുകളെ ഇല്ലായ്മ ചെയ്യാന്‍ കഴിയണം. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പരിഷ്‌കരണവും വിവരാവകാശ നിയമവും മാധ്യമങ്ങളുടെ ഇടപെടലുമൊക്കെ ഒരു പരിധിവരെ രാഷ്ട്രീയരംഗത്തെ മൂല്യച്യുതി കുറയ്ക്കാന്‍ സഹായകമാകുന്നുണ്ട്.
സംവരണം ചരിത്രപരമായ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലി, ജനപ്രതിനിധികളുടെ തെരഞ്ഞെടുപ്പ് എന്നീ രംഗങ്ങളിലാണ് സംവരണം നിലനില്‍ക്കുന്നത്. സാമൂഹ്യനീതി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വ്യവസ്ഥ നിലനിര്‍ത്തുന്നത്. സാമൂഹ്യ അസമത്വം ഇല്ലാതാകുന്നതു വരെ സംവരണം തുടരേണ്ടതുണ്ട്. ഭാരതത്തിന്റെ വൈജ്ഞാനിക പാരമ്പര്യത്തെ തിരിച്ചുപിടിക്കണം. വൈദേശികാശയങ്ങളുടെ കടന്നുകയറ്റത്തിലൂടെ നമ്മുടെ വൈജ്ഞാനിക പാരമ്പര്യത്തെ വിസ്മൃതിയിലേക്ക് തള്ളിവിടുകയായിരുന്നു. ഭാരതീയ വിജ്ഞാനത്തിന് ഊന്നല്‍ നല്‍കുന്ന പ്രത്യേക ചെയറുകള്‍ എല്ലാ സര്‍വ്വകലാശാലകളിലും ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മതപരവും ആചാരപരവുമായ കാര്യങ്ങളില്‍ ആര്‍എസ്എസ് നേരിട്ട് ഇടപെടാറില്ല. രാഷ്ട്രമാണ് സംഘത്തിന്റെ പ്രഥമ പരിഗണനയിലുള്ളത്. വിവിധ തരത്തിലുള്ള ആരാധനാ പദ്ധതികള്‍ ഭാരതത്തിന്റെ വൈവിധ്യമാണ്. ഏത് തരത്തിലുള്ള ആരാധനയായാലും അതൊന്നും മനുഷ്യനും പ്രകൃതിക്കും എതിരാവരുത് എന്നതാണ് സംഘത്തിന്റെ നിലപാട്. ഋഷിമാരോടും ദേവഗണങ്ങളോടും പിതൃക്കളോടും ജീവജാലങ്ങളോടും മനുഷ്യരോടുമുള്ള പഞ്ചഋണങ്ങള്‍ക്ക് പുറമെ ഭാരതീയ സംസ്‌കാരത്തില്‍ സമാജഋണം കൂടിയുണ്ട്. സമൂഹത്തിനോടുള്ള ബാധ്യതയാണത്. അതിനാണ് ആര്‍എസ്എസ് പ്രാധാന്യം നല്‍കുന്നത്. സമാജഋണം നിറവേറ്റാന്‍ സംഘം ചെയ്യുന്നത് സ്വയംസേവകരെ സൃഷ്ടിക്കലാണ്. സ്വയംസേവകര്‍ സമൂഹത്തിന്റെ എല്ലാ തുറകളിലും പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തന മേഖലകള്‍ വ്യത്യസ്തമാണ്, എന്നാല്‍ സ്വയംസേവകരുടെ അടിസ്ഥാന ആശയം മാറുന്നില്ല. ഇന്ന് ഭാരതം ഉയര്‍ച്ചയിലേക്ക് കുതിക്കുകയാണ്. പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന് നിരവധി വെല്ലുവിളികളെ നേരിടേണ്ടി വരും. രാഷ്ട്രശരീരത്തിനുള്ള വിറ്റാമിനുകളാണ് ആര്‍എസ്എസ്സിലൂടെ ലഭ്യമാക്കുന്നതെന്നും സര്‍കാര്യവാഹ് പറഞ്ഞു.
ഉത്തരകേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, കോഴിക്കോട് വിഭാഗ് സംഘചാലക് യു. ഗോപാല്‍ മല്ലര്‍, അഡ്വ. ജയപ്രകാശ് എന്നിവര്‍ സംബന്ധിച്ചു.















Discussion about this post