തൃശൂര്‍: കലയുടെയും സാഹിത്യത്തിന്റെയും രംഗത്ത് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെല്ലാം ചെയ്യുന്നത് തപസാണെന്ന് സംഗീത സംവിധായകന് ഔസേപ്പച്ചന്. എല്ലാവര്ക്കും ആനന്ദം ഉണ്ടാകണം എന്നതാണ് ആ തപസിന്റെ ലക്ഷ്യം. എന്നാല്‍ പലപ്പോഴും അത് മനസിലാക്കപ്പെടാതെ പോകുന്നുവെന്നും ഔസേപ്പച്ചന് പറഞ്ഞു. തപസ്യ കലാസാഹിത്യവേദി സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് തൃശൂരില്‍ സംഘടിപ്പിച്ച കലാസാധകസംഗമത്തില്‍ സംഗീതപ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍, വീണ വിദ്വാന് എ. അനന്തപത്മനാഭന്, ഗായകന് പ്രദീപ് സോമസുന്ദരം, മൃദംഗവിദ്വാന്‍ തൃശൂര്‍ എച്ച്. ഗണേഷ്, സോപാന സംഗീതജ്ഞന് ജ്യോതിദാസ് ഗുരുവായൂര്‍, ഇലഞ്ഞിത്തറമേളം പ്രമാണി കിഴക്കൂട്ട് അനിയന് മാരാര്‍, കുറുങ്കുഴല്‍ വിദ്വാന് വെളപ്പായ നന്ദന്, തിരുനല്ലൂര്‍ മോഹനന് എന്നിവരെ വേദിയില്‍ ആദരിച്ചു. തൃശ്ശിവപുരം മോഹനചന്ദ്രന് അധ്യക്ഷനായി. തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, സംസ്ഥാന സെക്രട്ടറി മണി എടപ്പാള്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ചന്ദ്രമോഹന് കുമ്പളങ്ങാട് സ്വാഗതവും ഡോ. അഞ്ജലി മേനോന് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് യുദ്ധക്കെടുതികളുടെയും അതിജീവനത്തിന്റെയും കഥ പറഞ്ഞ തമിഴ് നാടകം യാക്കൈകളരി അരങ്ങേറി. ദേശീയ നാടകോത്സവത്തിനും കലാസാധക സംഗമത്തിനും ഇന്ന് തിരശ്ശീല വീഴും. പ്രശസ്ത റഷ്യന്‍ നാടകകൃത്ത് ആന്റണ്‍ ചെക്കോവിന്റെ ചെറിത്തോട്ടമാണ് ഇന്ന് അരങ്ങേറുന്ന നാടകം. മേള കലാരംഗത്തെ പ്രതിഭകളായ പെരുവനം കുട്ടന് മാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, പരയ്ക്കാട് തങ്കപ്പന് മാരാര്‍, പെരുവനം സതീശന് മാരാര്‍, ശങ്കരംകുളങ്ങര രാധാകൃഷ്ണന്, തിരുവില്വാമല ഹരി എന്നിവരെ ഇന്ന് ആദരിക്കും. കലാമണ്ഡലം വിവേക് ചന്ദ്രന് നയിക്കുന്ന പഞ്ചതായമ്പക വൈകിട്ട് 5ന് നടക്കും.















Discussion about this post