പിറവം: എല്ലാവര്‍ക്കും സന്തോഷം നല്‍കുന്നതും എല്ലാവരെയും പ്രചോദിപ്പിക്കുന്നതുമാണ് ആത്മീയതയെന്ന് ചിന്മയ മിഷന്‍ മുന്‍ ആഗോള അധ്യക്ഷനും ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല മുന്‍ ചാന്‍സലറുമായ സ്വാമി തേജോമയാനന്ദ.
ചിന്മയ മിഷന്റെ 75-ാം വാര്‍ഷികോത്സവമായ ചിന്മയ അമൃതോത്സവത്തിന്റെ ഭാഗമായി ഓണക്കൂര്‍ ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാലയില്‍ നടക്കുന്ന മൂന്ന് ദിവസത്തെ അന്താരാഷ്‌ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ദേശസ്‌നേഹവും ദേശീയതയും ആര്‍ക്കും എതിരല്ലന്നും ലോകത്തിന്റെ മുഴുവന്‍ സമാധാനവും പുരോഗതിയുമാണ് ലക്ഷ്യമാക്കേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
രാവിലെ വെളിയനാട് ചിന്മയ അന്തര്‍ദേശീയ കേന്ദ്രത്തിലെ ആചാര്യന്‍ സ്വാമി ശാരദാനന്ദ സരസ്വതി ഗുരുപാദുക പൂജ നടത്തി. തുടര്‍ന്ന് നടന്ന സമ്മേളനം സെന്‍ട്രല്‍ സംസ്‌കൃത സര്‍വകലാശാല വിസി പ്രൊഫ. ശ്രീനിവാസ വര്‍ക്കേഡി ഉദ്ഘാടനം ചെയ്തു.
പാരമ്പര്യ വിജ്ഞാന ശാഖയുടെ പ്രചരണ പര്യായമായി ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല മാറിയെന്ന് അദ്ദേഹം പറഞ്ഞു. സ്വാമി ചിന്മയാനന്ദയുടെ കാഴ്ചപ്പാടുകള്‍ ലോക പുരോഗതി ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല വിസി പ്രൊഫ. മനോജ് കുമാര്‍ അറോറ, പ്രൊഫ. ലക്ഷ്മി മഹകലിക്കര്‍ എന്നിവര്‍ സംസാരിച്ചു. വേദാന്ത പണ്ഡിതന്‍ പ്രൊഫ. അനന്ദാനന്ദ രാംബച്ചന്‍, ചിന്മയ അന്താരാഷ്‌ട്ര കേന്ദ്രം പ്രസിഡന്റ് സ്വാമി അദ്വയാനന്ദ, സ്വാമി ശാരദാനന്ദ സരസ്വതി, പ്രൊഫ. മഹാദേവന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.
ആത്മീയത, ദേശസ്‌നേഹം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ചിന്മയ മിഷന്‍ സ്ഥാപകന്‍ സ്വാമി ചിന്മയാനന്ദയുടെ സംഭാവനകള്‍ കേന്ദ്രീകരിച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.














Discussion about this post