ന്യൂദല്‍ഹി: മതപരിവര്‍ത്തനത്തിനെതിരെ തനിമയുടെ സംരക്ഷണം ആഹ്വാനം ചെയ്ത് ലക്ഷക്കണക്കിന് ഗോത്രവര്‍ഗജനത ചെങ്കോട്ടയില്‍ ഒത്തുചേര്‍ന്നു. ഭഗവാന് ബിര്‍സാമുണ്ടയുടെ ഉല്ഗുലാന് പ്രസ്ഥാനത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ വനവാസി മുന്നേറ്റത്തിനാണ് രാജ്യതലസ്ഥാനം വേദിയാകുന്നതെന്ന് സമ്മേളനത്തെ അഭിവാദ്യം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഗോത്രജനതയുടെ മഹാകുംഭമായി ഈ മഹാറാലി ചരിത്രത്തിലിടം പിടിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഗോത്രസംസ്കൃതിയുടെ നിലനില്‍പ്പിനും തനിമയുടെ സംരക്ഷണത്തിനും വേണ്ടിയുള്ള മുന്നേറ്റമാണിത്. പ്രഭു ബിര്‍സ മുണ്ടയെ ഞാന്‍ കണ്ടിട്ടില്ല, പക്ഷേ ഈ മഹാറാലിയിലെ പങ്കെടുക്കുന്ന ഓരോരുത്തരിലും അദ്ദേഹത്തിന്റെ പ്രതിച്ഛായ പ്രതിഫലിക്കുന്നു. അവരെ അഭിവാദ്യം ചെയ്യുന്നു. ജലം, വനം, ഭൂമി എന്നിവയെ സംരക്ഷിക്കാന്‍ പ്രഭു ബിര്‍സ മുണ്ട ആഹ്വാനം ചെയ്ത സമഗ്രവിപ്ലവം ഓരോ പൗരനും ഏറ്റെടുക്കണം. പ്രകൃതി ആരാധനയാണ് സനാതന സംസ്കാരത്തിന്റെ അടിത്തറയെന്നത് മറന്നുകൂടാ. പൊതുസിവില്‍ നിയമത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കുന്നത് ഒരുതരത്തിലും വനവാസി സമൂഹത്തെ ബാധിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു.
മതപരിവര്‍ത്തനനീക്കങ്ങള്‍ ഗോത്രസമൂഹത്തെ ബാധിച്ച മാരകമായ അര്‍ബുദമാണെന്ന് ജനജാതി സുരക്ഷാ മഞ്ച് ദേശീയ സംയോജകന്‍ ഗണേഷ് റാം ഭഗത് പറഞ്ഞു. മതപരിവര്‍ത്തനം ഒരുതരത്തിലും അംഗീകരിക്കില്ലെന്നതിന്റെ അടയാളമാണ് ഇ ജനസാഗരം. മതംമാറ്റം സംസ്കാരത്തെ ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഭാരതത്തിന്റെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനുമായി അടരാടിയ വീരചരിത്രമാണ് വനവാസി സമൂഹത്തിന്റേതെന്ന് സഹ സംയോജകന്‍ ഡോ. രാജ് കിഷോര്‍ ഹന്‍സ്ദ ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള എഴുനൂറിലേറെ വരുന്ന ഗോത്രസമൂഹങ്ങള്‍ ബ്രിട്ടീഷുകാരെ നേരിടാന്‍ ഒരുമിച്ചതാണ് ആ ചരിത്രം. ഈ ജനത സനാതനധര്‍മ്മത്തിന്റെ അടിവേരാണെന്ന് അദ്ദേഹം പറഞ്ഞു.
മിഷനറിമാരുടെ നിര്‍ദ്ദേശപ്രകാരമാണ് ബിര്‍സ മുണ്ടയെ തടവിലാക്കിയതെന്ന് ട്രൈബല്‍ കമ്മീഷന് ഉപദേഷ്ടാവും മുന്‍ ജഡ്ജിയുമായ പ്രകാശ് ഉയികി പറഞ്ഞു. ജയിലിലായിരിക്കുമ്പോള്‍ പോലും ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ ഭയന്നു. മതപരിവര്‍ത്തനം തടയാന്‍ ഓരോ സമൂഹവും നടപടി എടുക്കണം. മതംമാറിയവര്‍ക്ക് സംവരണത്തിന്റെ ഇരട്ടി ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 341 പ്രകാരമുള്ള സംവരണം നിര്‍ത്തലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജനജാതി സുരക്ഷാമഞ്ച് നേതാക്കളായ ടെക്കി ഗുബിന്‍, ഹര്‍ഷ് ചൗഹാന്, ബുധാരി താതി, വനവാസി കല്യാണ്‍ ആശ്രമം ദേശീയ പ്രസിഡന്റ് സത്യേന്ദ്ര സിങ് എന്നിവരും സംസാരിച്ചു.























Discussion about this post