കോഴിക്കോട്: തിരുവനന്തപുരം കടയ്‌ക്കാവൂരിനടുത്ത് മഹാകവി കുമാരനാശാന്‍ പിറന്നുവീണ കായിക്കരയിലെ തറവാടിരുന്ന സ്ഥലത്ത് മീന്‍ ചന്ത തുടങ്ങാനുള്ള ചിലരുടെ ശ്രമങ്ങള്‍ സാംസ്‌കാരിക കേരളത്തിന് കടുത്ത അപമാനമാണെന്ന് തപസ്യ കലാസാഹിത്യ വേദി അഭിപ്രായപ്പെട്ടു.
ഭാരതീയ സംസ്‌കാരത്തിന്റെ ഉജ്ജ്വല വക്താവും, കേരളത്തിലെ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ മുന്നണി പോരാളിയും സാഹിത്യനായകനുമായിരുന്ന കുമാരനാശാന്‍ പിറന്നുവീണ മണ്ണില്‍ ആ മഹാപുരുഷന്റെ ഓര്‍മകളെ അവഹേളിക്കുന്ന വിധത്തില്‍ ആരെങ്കിലും പെരുമാറുന്നത് അങ്ങേയറ്റം അപലപനീയമാണ്. ആധുനിക കേരളത്തിന്റെ സൃഷ്ടിക്കുവേണ്ടി എഴുത്തിലൂടെയും പ്രവൃത്തിയിലൂടെയും പോരാടിയ മഹാത്മാവിന്റെ ആത്മാവ് ഈ നന്ദികേടില്‍ വേദനിക്കും. മതിയായ രേഖകളില്ലാതെ സ്ഥലം കൈവശപ്പെടുത്തിയ ചിലരാണ് സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് കരിവാരി തേയ്‌ക്കുന്ന ഈ പ്രവൃത്തി ചെയ്യുന്നത്.
ഇടതുപക്ഷ ഭരണമുള്ള പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് മഹാകവിയുടെ തറവാടിരുന്ന ഭൂമി ഒരു മതശക്തി കൈയടക്കിയിരിക്കുന്നതെന്നാണ് വാര്‍ത്തകള്‍. അധാര്‍മികമായ മതപരിവര്‍ത്തനങ്ങളെ എഴുത്തിലൂടെയും പ്രവൃത്തിയിലൂടെയും ചെറുത്തയാളാണ് കുമാരനാശാന്‍. ഹിന്ദുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ, ഇന്നും കേരളത്തിന്റേയും ഭാരതത്തിന്റെയും മനസാക്ഷിയെ നടുക്കുന്നതുമായ 1921 ലെ മാപ്പിള ലഹളക്കെതിരെ ദുരവസ്ഥ എന്ന കാവ്യത്തിലൂടെ ധീരമായി പോരാടിയ ചരിത്രവും ആശാനുണ്ട്. ഈ രണ്ട് കാര്യങ്ങളിലും ശ്രീനാരായണ ഗുരുദേവന്റെ പിന്തുണയുണ്ടായിരുന്നു. ഇക്കാരണത്താല്‍ സംഘടിത മതശക്തികള്‍ മഹാകവിക്കെതിരെ രംഗത്തുവന്നിരുന്നു. ഇവരുടെ പിന്മുറക്കാരാണ് ഇപ്പോള്‍ അശാന്‍ പിറന്നുവീണ മണ്ണും പിടിച്ചെടുക്കുന്നത്.
മതിയായ രേഖകളില്ലാതെ സ്ഥലം കൈവശപ്പെടുത്തിയ ചിലരാണ് സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് കരിവാരി തേയ്‌ക്കുന്ന ഈ പ്രവൃത്തി ചെയ്യുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.
കുമാരനാശാന്റെ ജന്മഗൃഹം നിലനിന്നിരുന്ന ഭൂമി വീണ്ടെടുത്ത് ഉചിതമായ സ്മാരകം നിര്‍മിക്കാന്‍ എഴുത്തുകാരടക്കമുള്ള സാംസ്‌കാരിക നായകര്‍ മുന്നിട്ടിറങ്ങണം. മഹാകവിയുടെ ഓര്‍മകളുറങ്ങുന്ന ഭൂമി സംരക്ഷിക്കാന്‍ രൂപീകരിച്ചിട്ടുള്ള സംരക്ഷണ സമിതിക്ക് എല്ലാ പിന്തുണയും നല്‍കുന്നതായി തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രനും അറിയിച്ചു.
















Discussion about this post