പാലക്കാട് : കൊല്ലങ്കോട്ടെ ആദ്യകാല സ്വയംസേവകനും കൊല്ലങ്കോട് താലൂക്കിന്റെ മാനനീയ സംഘചാലകവുമായിരുന്ന കെ. ഗംഗാധരൻ (88) അന്തരിച്ചു. കൊല്ലങ്കോട് സംഘജില്ലയിലെ നിരവധി കാര്യകർത്താക്കൾക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന ഒരു വലിയ ശക്തികേന്ദ്രമായിരുന്നു ഗംഗാധരൻ. ദീർഘകാലം കൊല്ലങ്കോട് താലൂക്ക് കാര്യാലയം പ്രവർത്തിച്ചിരുന്നത് അദ്ദേഹം സൗജന്യമായി വിട്ടുനൽകിയ കെട്ടിടത്തിലായിരുന്നു.
കേസരി വാരികയുടെയും ജന്മഭൂമി ദിനപത്രത്തിന്റെയും പ്രചാരണത്തിന് നേതൃത്വം നൽകിയ അദ്ദേഹം പല വർഷങ്ങളിലും സൈക്കിളിൽ നേരിട്ടെത്തിയാണ് പത്രങ്ങൾ വായനക്കാരിൽ എത്തിച്ചിരുന്നത്. കൊല്ലങ്കോട് പ്രദേശത്തെ മികച്ച കർഷകൻ കൂടിയായിരുന്നു അദ്ദേഹം.
കൊല്ലങ്കോട് പുലിക്കോട് അയ്യപ്പൻ ക്ഷേത്രം രക്ഷാധികാരി, പുളിമന്ദം ദേശം പ്രസിഡന്റ്, പുളിമന്ദം എൻ.എസ്.എസ് കരയോഗം സെക്രട്ടറി, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം, കർഷകമോർച്ച സംസ്ഥാന ട്രഷറർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മുതലിയാർ കുളത്തിന് സമീപത്തുള്ള ശ്മശാനത്തിൽ നടക്കും. ഭാര്യ: മാലതി. മക്കൾ: ശിവകുമാർ, സ്മിത.
















