ന്യൂദല്‍ഹി: ലോകത്തെവിടെയായാലും ജനിച്ച നാടിന്റെ സംസ്‌കൃതി പെരുമാറ്റത്തില്‍ കാത്തുസൂക്ഷിക്കാന്‍ കഴിയണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലോകം കൊതിക്കുന്ന വിജ്ഞാനമാണ് ഭാരതീയജീവിതാനുഭവങ്ങള്‍ നമുക്ക് തരുന്നത്. അവയെ ശീലമാക്കിയാല്‍ മുഴുവന്‍ ലോകത്തിനും വഴികാട്ടാന്‍ നമ്മുടെ യുവത്വത്തിന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഐഐഎല്‍എംഎം സര്‍വകലാശാലയും ബനിയന്‍ ട്രീ സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍, പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു സര്‍സംഘചാലക്.
മസ്തിഷ്‌ക ചോര്‍ച്ച ഒരു പ്രശ്‌നമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. വിദേശത്ത് പോവുകയും അവിടെനിന്ന് എല്ലാം നേടുകയും ചെയ്യുന്നതിനെപ്പറ്റിയുള്ള സങ്കല്പങ്ങള്‍ തെറ്റല്ല. എന്നാല്‍ നമ്മുടെ തനിമ ഈ രാജ്യത്ത് വേരൂന്നിയതാണ്. നമ്മളെ നമ്മളാക്കിയത് ഭാരതമാണ്. ഇന്നാട്ടിലെ ഭക്ഷണവും വെള്ളവുമാണ് നമ്മുടെ ശരീരം. ശരീരത്തിന് ആവശ്യമായത് മാത്രമെടുത്ത് ശേഷിക്കുന്നത് സമൂഹത്തിനും രാജ്യത്തിനും സമര്‍പ്പിക്കാന്‍ നമ്മള്‍ തയ്യാറാകണം. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഒരു തൊഴില്‍ നേടിയെടുക്കല്‍ മാത്രമല്ല, മനുഷ്യസ്‌നേഹവും വികാസവുമാണെന്ന് അദ്ദേഹം പറഞ്ഞു.

അടുത്തിടെ പുറത്തിറങ്ങിയ ‘ഹനുമാന്‍ അംശ് എന്ന സിനിമയില്‍ നീബ് കരോരി ബാബയുണ്ട്. സ്റ്റീവ് ജോബ്സിനെപ്പോലുള്ളവര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നു. സ്വാമി വിവേകാനന്ദന്റെ ഗുരുവായ രാമകൃഷ്ണ പരമഹംസനും ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിരുന്നില്ല. എന്നിട്ടും ഭാരതത്തിലെ ആചാര്യന്മാര്‍ ലോകത്തിന്റെ ഗുരുക്കന്മാരായി ഉയര്‍ന്നു. അവരുടെയുള്ളിലെ മാനവികതയുടെ നിലവാരം ഉന്നതമായിരുന്നു. ആധുനിക വിദ്യാഭ്യാസത്തോടൊപ്പം, മാനുഷിക ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ പ്രാധാന്യമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
ലോകത്തിന് വേണ്ടി നമുക്ക് പൂര്‍ത്തിയാക്കാനുള്ള ദൗത്യം ഉപാധികളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ അറിവ് എല്ലാവരിലേക്കും എത്തിക്കുക എന്നതാണ്. വിഭവസമ്പന്നമായിരുന്ന കാലത്തും ഭാരതം സൂപ്പര്‍ പവര്‍ എന്നല്ല, വിശ്വഗുരു എന്നാണ് പുകള്‍പെറ്റിരുന്നത്. പ്രപഞ്ചസ്‌നേഹത്തിന്റെ ഈ ദര്‍ശനമാണ് ഭാരതത്തിന്റെ തനിമ, സര്‍സംഘചാലക് പറഞ്ഞു.
ഐഐഎല്‍എം ചെയര്‍മാന്‍ അനില്‍ റായ് അദ്ധ്യക്ഷനായിരുന്നു.

















