യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അന്യൂദല്ഹി : അശോക് സിംഗാളിന്റെ ജീവിതത്തില്‍നിന്ന് ഭാരതീയ യുവാക്കള്‍ പ്രേരണ ഉള്‍ക്കൊള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭാരത് മണ്ഡപത്തില്‍ അശോക് സിംഗാള്‍ ജന്മശതാബ്ദി ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ഭാരതീയ സാംസ്കാരിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി അശോക് സിംഗാള്‍ സമ്പൂര്‍ണ ജീവിതവും സമര്‍പ്പിച്ചു. രാമജന്മഭൂമി പ്രസ്ഥാനത്തിനും സാംസ്കാരിക പുനരുജ്ജീവനത്തിനുമായുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത അവിസ്മരണീയമാണെന്ന് അമിത് ഷാ പറഞ്ഞു. യുവതലമുറയ്ക്ക് ആ ആദര്‍ശങ്ങള്‍ മനസ്സിലാക്കാനുള്ള സുപ്രധാന അവസരമാണ് ഈ ശതാബ്ദി ആഘോഷമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുകമ്പയും ആശയദൃഢതയും ആള്‍രൂപം പ്രാപിച്ച വ്യക്തിത്വമായിരുന്നു അശോക് സിംഗാളിന്റേതെന്ന് അനുസ്മരണ ഭാഷണത്തില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ചൂണ്ടിക്കാട്ടി. ചിന്തയിലെ ഉറച്ച നിലപാടും മറ്റുള്ളവരുടെ കഷ്ടപ്പാടുകളോടുള്ള അപാരമായ സംവേദനക്ഷമതയും കൊണ്ട് ശ്രദ്ധേയനായിരുന്നു അദ്ദേഹം. എടുത്ത തീരുമാനങ്ങളില്‍ അശോക്ജി ഉറച്ചുനിന്നു. ഏറ്റെടുത്ത ദൗത്യം എത്ര പ്രയാസകരമെന്നതിനേക്കാള് അത് എങ്ങനെ നിറവേറ്റാം എന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. ദൃഢനിശ്ചയങ്ങളെ സംഘടിതവും സുസ്ഥിരവുമായ പ്രവര്‍ത്തനങ്ങളാക്കി മാറ്റാനുള്ള അസാമാന്യമായ കഴിവിനുടമയായിരുന്നു അശോക്ജിയെന്ന് സര്‍കാര്യവാഹ് ഓര്‍മ്മിച്ചു.
മഹാമണ്ഡലേശ്വര്‍ സ്വാമി പരമാനന്ദ ഗിരി മഹാരാജ് പരിപാടിയില്‍ സംസാരിച്ചു. ‘മര്യാദ പുരുഷോത്തം ശ്രീരാം കേ ദിവ്യ പദചിഹ്ന് എന്ന കോഫി ടേബിള്‍ പുസ്തകം പ്രകാശനം ചെയ്തു. വിശ്വഹിന്ദു പരിഷത്തും അശോക് സിംഗാള്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.


















