ചെന്നൈ։ നവമ്പര്‍ 28 ശനിയാഴ്ച സിആര്‍പിഎഫ് ഉള്‍പ്പെടെയുള്ള കേന്ദ്രസേനയുടെ സംരക്ഷണത്തില്‍ തിരുപ്പറകുണ്ഡ്രത്തെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. മുരുകന്റെ ജന്മദിനമായ തൃക്കാര്‍ത്തിക നാളായ നവമ്പര്‍ 24ന് ദീപം തെളിയിക്കണമെന്ന സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് ജോസഫ് വിജയിന്റെ സര്‍ക്കാര്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നവമ്പര്‍ 27ന് വാദം കേട്ട സുപ്രീംകോടതി ഡിവിഷന് ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
അഭിഭാഷകനായ രാമ സുബ്ബു (അഡ്വക്കേറ്റ് വി. രാമസുബ്ബു) ആണ് മധുരയിലെ തിരുപ്പറങ്കുണ്ഡ്രം മലമുകളിലുള്ള ‘ദീപത്തൂണിൽ’ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ജോസഫ് വിജയ് സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. അഡ്വ. സായി ദീപകാണ് സുപ്രീംകോടതിയില്‍ ഹര്ജിക്കാരന് വേണ്ടി വാദിച്ചത്.
സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് പാലിക്കാത്ത ജോസഫ് വിജയ് സര്‍ക്കാരിന്റെ ഭാഗമായ മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണ, പോലീസ് കമ്മീഷണർ എസ്. രാജേന്ദ്രൻ, എച്ച്.ആർ. ആൻഡ് സി.ഇ. (HR&CE) കമ്മീഷണർ ഡോ. ടി.ജി. വിനയ്, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ജി. സെൽവി എന്നിവര്‍ക്കെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യനോട്ടീസ് അയച്ചു. “തമിഴ്നാട്ടിൽ, പ്രത്യേകിച്ചും മധുര ജില്ലയിൽ, ഭരണപരമായ അരാജകത്വം നിലനിൽക്കുന്നതായി തോന്നുന്നു. ഉദ്യോഗസ്ഥർ പ്രവർത്തിച്ചത് തങ്ങളുടെ രാഷ്ട്രീയ മേലാധികാരികളുടെ നിർദ്ദേശപ്രകാരമാണെന്ന് കരുതേണ്ടിയിരിക്കുന്നു.”- ഇതായിരുന്നു കോടതിയുടെ ഒരു ശക്തമായ നിരീക്ഷണം.
മുരുകമലയുടെ മുകളില്‍ മുരുകന്റെ ദീപത്തൂണില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള സിക്കന്തര്‍ ഷാ ദര്‍ഗയ ഉള്ളതിനാല്‍ കാര്‍ത്തിക ദീപം കൊളുത്തിയാല്‍ സമുദായിക കലാപമുണ്ടാകുമെന്ന ദുര്‍ബലമായ ഒരു പൊലീസ് റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുകയായിരുന്നു. പിന്നീട് 10000 ഓളം പൊലീസുകാരെ തിരുപ്പറകുണ്ഡ്രത്ത് വിന്യസിക്കുകയും ചെയ്തു. അവിടെക്ക് ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നത് കാണാന്‍ പുറപ്പെട്ട മുരുകഭക്തരെ മുഴുവന്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഏതാനും മണിക്കൂര്‍ മുന്‍പ് വരെ ദീപത്തൂണില്‍ ദീപം തെളിയിക്കുമെന്ന വ്യാജപ്രസ്താവന നടത്തി ജില്ലാ കളക്ടര്‍ നിഷാന്ത് കൃഷ്ണയും എച്ച്.ആർ. ആൻഡ് സി.ഇ. (HR&CE) കമ്മീഷണർ ഡോ. ടി.ജി. വിനയും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ജി. സെൽവിയും മുരുകഭക്തരെ വഞ്ചിക്കുകയായിരുന്നു. അവസാനനിമിഷം മലയുടെ അടിവാരത്തിലുള്ള ഉച്ചപ്പിള്ളയാര്‍ കോവിലില്‍ മാത്രം ദീപം തെളിയിക്കുകയായിരുന്നു. നവമ്പര്‍ 27 വെള്ളിയാഴ്ച കോടതിയലക്ഷ്യക്കേസില്‍ വാദം കേട്ട സുപ്രീംകോടതി ഈ വഞ്ചനാപരമായ നടപടിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.













