ന്യൂദൽഹി: മറ്റൊരാളുടെ ദുരിതങ്ങൾ ദൂരെയകറ്റാൻ നമ്മെ പ്രചോദിപ്പിക്കുന്ന വികാരമാണ് കരുണയെന്നും അത് വിശ്വവ്യാപക സ്വഭാവവിശേഷമായി മാറേണ്ടതുണ്ടെന്നും ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഭഗവാൻ ശ്രീരാമന്റെ സ്വഭാവം കാരുണ്യവും ശ്രേയസ്സും പൊതുനന്മയും നിറഞ്ഞതാണ്. രാമനും രാവണനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസവും ഇതുതന്നെയാണ്. രാവണൻ ‘ഞാൻ’, ‘എന്റേത്’ എന്നീ അഹങ്കാരത്താൽ സങ്കുചിതനായിരുന്നു. രാമന്റെ ജീവിതമാകട്ടെ കാരുണ്യത്തിന്റെയും നീതിനിഷ്ഠമായ പെരുമാറ്റത്തിന്റെയും ആദർശമാണ് അവതരിപ്പിത്, സർസംഘചാലക് പറഞ്ഞു. നോബൽ സമ്മാന ജേതാവും എഴുത്തുകാരനുമായ കൈലാഷ് സത്യാർത്ഥിയുടെ ‘കരുണാനായക് രാം’ എന്ന പുസ്തകം ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിലെ ഭീം ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

അനുകമ്പ സവിശേഷമായ ഗുണമല്ല, മറിച്ച് മനുഷ്യത്വത്തിന്റെ സ്വാഭാവിക വികാരമാണ്. മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ നമ്മുടേതായി അനുഭവിക്കുകയും അത് കുറയ്ക്കാൻ നമ്മുടെ കഴിവിനുള്ളിൽനിന്ന് പ്രവർത്തിക്കുകയും ചെയ്യുമ്പോൾ അത് പ്രകടമാകുന്നു. സഹതാപം പ്രകടിപ്പിക്കലല്ല കാരുണ്യം. ജനക്ഷേമത്തിന് സമർപ്പിക്കാനും പ്രവർത്തിക്കാനും നമ്മെ പ്രചോദിപ്പിക്കുന്ന സ്വഭാവമാണ് അത്. നമ്മുടെ സന്തോഷം സമൂഹത്തിന്റെയും പ്രകൃതിയുടെയും ലോകത്തിന്റെയും സന്തോഷവുമായി ബന്ധപ്പെട്ടിരിക്കുന്നത് കരുണയുടെ സാന്നിധ്യം കൊണ്ടാണ്.

രാമനിൽ വിശ്വസിക്കുന്നത് കൊണ്ടുമാത്രം കാര്യമില്ല. അദ്ദേഹത്തിൽനിന്ന് പ്രേരണ ഉൾക്കൊള്ളണം. കടമയോടുള്ള സമർപ്പണവും കരുണയും നമ്മുടെ സ്വന്തം ജീവിതത്തിൽ നടപ്പിലാക്കുന്നതിലാണ് യഥാർത്ഥ ഭക്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂട്ടാൻ രാജകുമാരി സോനം ഡെച്ചൻ വാങ്ചുക്ക്, കേന്ദ്ര സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്, കൈലാഷ് സത്യാർത്ഥി, ഡോ. സച്ചിദാനന്ദ് ജോഷി, പ്രസാധകൻ പ്രഭാത് കുമാർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
















