തിരുവനന്തപുരം: സുഗത സ്മൃതികളില്‍ ‘സുഗതം സുജീവനം’ പദ്ധതിയുമായി സേവാഭാരതി. വനവാസി ഊരുകളിലെ അരക്ഷിതജീവിതം നേരിട്ടറിഞ്ഞ് സുഗതകുമാരി മുന്നോട്ടുവെച്ച പദ്ധതികളിലൊന്നിനാണ് സേവാഭാരതി ജീവന് നല്‍കുന്നത്. കേരളത്തിലെ വനവാസി ഊരുകളിലെത്തി വൈദ്യസഹായം ഉറപ്പാക്കുന്ന പദ്ധതിക്ക് ‘സുഗതം’ എന്നാണ് പേരിട്ടിരിക്കുന്നത്. ആദ്യഘട്ടം എന്ന നിലയില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ പദ്ധതി നടപ്പാക്കും. സുഗതം പദ്ധതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് രാജ്ഭവനില്‍ ഉദ്ഘാടനം ചെയ്തു. സുഗതകുമാരിയുടെ മകളും കവിയുമായ ലക്ഷ്മിദേവി ആശംസകളുമായെത്തി.
സന്ദര്‍ശനവേളകളില്‍ സുഗതകുമാരി പങ്കുവെച്ച ആശയങ്ങളില്‍ നിന്നാണ് സേവാഭാരതി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. എഴുത്തുകാരിയുടെ ആറന്മുളയിലെ തറവാട്ടില്‍ പിന്നീട് സാംസ്കാരികപ്രവര്‍ത്തകര്‍ ഒരുമിച്ചുകൂടിയപ്പോള്‍ ഈ ആശയം നടപ്പാക്കാനുള്ള ചുമതല സേവാഭാരതി ഏറ്റെടുക്കുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വനവാസി ഊരുകളുള്ള 25 പഞ്ചായത്തുകളില്‍ സേവാഭാരതിയുടെ സുഗതം മൊബൈല്‍ മെഡിക്കല്‍ സംവിധാനം എത്തും. ഒരു ഡോക്ടറുടെയും നഴ്സിന്റെയും സേവനം ഉറപ്പാക്കുന്നതാണ് പദ്ധതി. മൂന്ന് ജില്ലകളിലെയും പ്രമുഖ ആശുപത്രികളുമായും വിദഗ്ധരായ ഡോക്ടര്‍മാരുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്യുക്ക് ഹീല്‍ എന്ന പ്രസ്ഥാനമാണ് സുഗതം പദ്ധതിക്കായുള്ള മെഡിക്കല്‍ വാന്‍ സേവാഭാരതിക്ക് നല്‍കിയത്. ഒരാഴ്ച ഒരു ഊരില്‍ എന്ന നിലയിലാവും ആരോഗ്യസേവനം നടത്തുന്നത്. ചികിത്സയും മരുന്നും അവിടെത്തന്നെ നല്‍കും. ഗുരുതര രോഗമുള്ളവര്‍ക്കും കൂടുതല്‍ ചികിത്സ ആവശ്യമുള്ളവര്‍ക്കും അതാത് ജില്ലകളില്‍ത്തന്നെ പ്രമുഖ ആശുപത്രികളില്‍ ചികിത്സ സൗജന്യനിരക്ക് ഉറപ്പാക്കും. എല്ലാ ഊരുകളിലും ആരോഗ്യപൂര്‍ണമായ ജീവിതം സാധ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സേവാഭാരതി പദ്ധതി നടപ്പാക്കുന്നത്.
Discussion about this post