പ്രൊഫ. പി.ജി. ഹരിദാസ്
ഇടപഴകിയിരുന്നവര്‍ക്കെല്ലാം അവിസ്മരണീയമായ അനുഭവങ്ങള്‍ സമ്മാനിച്ച പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ മാഷ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ആറുവര്‍ഷമാവുകയാണ്. അറിവിന്റെ ആഴങ്ങള്‍ കാട്ടിത്തന്ന മാഷിന് ഏറെ പറയാനുണ്ടായിരുന്നു. ഈ സൂചന നല്‍കുന്ന ആത്മഗതങ്ങള്‍ അവസാനനാളുകളിലുണ്ടായിരുന്നു. ഇത് നമ്മില്‍ വല്ലാത്തൊരു നഷ്ടബോധം നിറയ്‌ക്കുന്നു.
തപസ്യ കലാസാഹിത്യവേദി വിശ്വംഭരന്‍ മാഷിനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. ജ്ഞാനതപസ്വിയായ അദ്ദേഹം പകര്‍ന്നുതന്ന അറിവും അതു സൃഷ്ടിച്ച അനുഭൂതിയും അനിഷേധ്യമാണെങ്കിലും, മാഷിന്റെ സിദ്ധിവൈഭവത്തെ പൂര്‍ണമായി ഉപയോഗിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ എന്ന സന്ദേഹം ഇപ്പോഴും ബാക്കിനില്‍ക്കുന്നു. തപസ്യയുടെ പ്രവര്‍ത്തകരില്‍ ശക്തമായ സാംസ്‌കാരികോര്‍ജം നിറയ്‌ക്കുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചത്. ഋഷിപരിവേഷത്തോടെ വിശ്വംഭരന്‍ മാഷ് സംസാരിക്കുമ്പോള്‍ അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്തവിധം ആശയാവിഷ്‌കാരത്തിന്റെ വേദിയായി അത് മാറുകയായിരുന്നു.
ഒരു സന്ദര്‍ഭം ഓര്‍മവരികയാണ്. കൊടുങ്ങല്ലൂരില്‍ നടക്കുന്ന പഠനശിബിരം. തപസ്യ നടത്തിയ മഹാതീര്‍ത്ഥയാത്രയുടെ സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ രണ്ട് തീര്‍ത്ഥാടനങ്ങള്‍- ‘നഗരതീരയാത്ര’യും ‘സഹ്യസാനുയാത്ര’യും തീരുമാനിക്കപ്പെട്ടിരിക്കുന്നു. ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും യാത്രയുടെ ആശയ പശ്ചാത്തലം പൂര്‍ണമാകാത്ത അവസ്ഥയിലാണ്. ഇതിനെക്കുറിച്ച് വിശദീകരിക്കാന്‍ വന്ന വിശ്വംഭരന്‍ മാഷ് അദ്ഭുതകരമായിട്ടാണ് വിഷയം കൈകാര്യം ചെയ്തത്.
തീര്‍ത്ഥം എന്നത് ലൗകികജീവിതത്തിന് അതീതമായ അനുഭൂതി പകരുന്നതാണെന്ന് പറഞ്ഞുതുടങ്ങിയ മാഷ് തീര്‍ത്ഥാടനത്തിന്റെ നൈതികതയെക്കുറിച്ചും രാഷ്‌ട്രീയത്തെക്കുറിച്ചും, ഓരോ തീര്‍ത്ഥാടനത്തിലും വെളിപ്പെടുന്ന സാംസ്‌കാരികമായ നിധിനിക്ഷേപങ്ങളെക്കുറിച്ചും വിശദീകരിച്ചു. വ്യാസന്‍ വിഭാവനം ചെയ്ത ധാര്‍മികമായ ഭരണത്തെയും ഉത്തമ ഭരണാധികാരിയെയും അവതരിപ്പിച്ചു. എന്തിനാണ് ഒരു സംഘടന തീര്‍ത്ഥാടനം നടത്തുന്നത് എന്നതിനുള്ള ഉത്തരം വ്യക്തമാക്കുകയായിരുന്നു. നവീനമായ ചിന്തകളെ വളര്‍ത്തുവാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു മാഷിന്റെ ഓരോ പ്രഭാഷണവും.
സീത പതിവ്രതയാണെന്ന് രാജാവിന്റെ മുഖത്തുനോക്കി വാല്മീകി മഹര്‍ഷിക്ക് പറയാന്‍ സാധിച്ചത് ഋഷി ആര്‍ജിച്ച ധാര്‍മികബലംകൊണ്ടാണെന്ന് മാഷ് പറയാറുണ്ട്. ഇതേ ധാര്‍മിക ബലമായിരുന്നു വിശ്വംഭരന്‍ മാഷിന്റെയും പ്രേരകശക്തി. ആരേയും ഒന്നിനേയും കൂസാതെ അദ്ദേഹം നടത്തിയ സാഹസികമായ പോരാട്ടങ്ങള്‍ ആരെയെങ്കിലും തോല്‍പ്പിക്കാനായിരുന്നില്ല. വിശ്വസിച്ച അടിസ്ഥാന ജീവിതമൂല്യങ്ങളുടെ വിജയത്തിനായിരുന്നു.
തപസ്യ അധ്യക്ഷനായിരുന്ന പി. നാരായണക്കുറുപ്പ് പറയുന്നത് വളരെ ശ്രദ്ധേയമാണ്: ”നിത്യജീവിതവുമായി താരതമ്യപ്പെടുത്തി ആത്മീയ സമസ്യകളുടെ ഗുണദോഷ വിവേചനം നടത്തുക എന്ന അസാമാന്യമായ നിരൂപക പക്ഷം ഒരുപക്ഷേ മലയാളത്തില്‍ ആദ്യമായി നാം കാണുന്നത് വിശ്വംഭരന്‍ മാഷിലാണ്. വേദസാരാധിഷ്ഠിതമായി കഥകള്‍ രചിക്കാന്‍ കഴിവുള്ള ഋഷികവികളെക്കുറിച്ച് സാധാരണക്കാരെ പഠിപ്പിക്കുവാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗമില്ലെന്ന് മനസ്സിലാക്കുമ്പോഴാണ് മാഷിന്റെ മഹാഭാരത വ്യാഖ്യാനത്തിന്റെയും മഹാഭാരതദര്‍ശന ചര്‍ച്ചയുടെയും ഗാംഭീര്യം വെളിപ്പെടുത്തുന്നത്.” ഡോ. എം. ലീലാവതിയും മാഷിന്റെ ഇതിഹാസ വ്യാഖ്യാനത്തിലെ നിലപാടുകളെയും കഥാപാത്ര വിശകലന രീതികളെയും പ്രശംസിച്ചിട്ടുണ്ട്. ‘പുരാണേതിഹാസ രഹസ്യങ്ങളുടെ താക്കോല്‍’ നല്‍കിയാണ് വിശ്വംഭരന്‍ മാഷ് നമ്മെ വിട്ടുപിരിഞ്ഞത്.
മാഷിന്റെ അനുസ്മരണ പരിപാടി തപസ്യ കലാസാഹിത്യവേദി ഈവരുന്ന നവംബര്‍ 10ന് തൃപ്പൂണിത്തുറയില്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രമുഖര്‍ പങ്കെടുക്കുന്ന തുറവൂര്‍ വിശ്വംഭരന്‍ അവാര്‍ഡ്ദാനം, അനുസ്മരണ പ്രഭാഷണം തുടങ്ങിയവ ഇതിന്റെ ഭാഗമായുണ്ടാവും.
Discussion about this post