ഹരികുമാര്‍ ഇളയിടത്ത്
ഓടനാടെന്നും ഇരവിപട്ടണമെന്നും കായംകുളമെന്നും അറിയപ്പെട്ടിരുന്ന നാട്ടുരാജ്യത്തിന്റെ പതിനാലാം നൂറ്റാണ്ടുമുതലെങ്കിലും തലസ്ഥാനമായിരുന്ന എരുവയിലെ കൊട്ടാരത്തിനു വിളിപ്പാടകലെയായിരുന്നു കുറ്റിത്തറയില്‍ എന്ന ഈഴവ ഭവനം. മാത്രമല്ല, രാജാവിന്റെ ഉപാസനാമൂര്‍ത്തിയുടേതെന്നു കരുതപ്പെടുന്ന എരുവയില്‍ ക്ഷേത്രവും വിളിപ്പാടകലെത്തന്നെയായിരുന്നു. വിഖ്യാതമായ കായംകുളം കമ്പോളത്തിലേക്ക് കുറ്റിത്തറവീട്ടില്‍നിന്ന് അധികദൂരമില്ലായിരുന്നു. ആയോധനക്കളരിയിലും കയര്‍, കുരുമുളക് വ്യവസായത്തിലും അവര്‍ക്ക് പ്രാമുഖ്യമുണ്ടായിരുന്നു. കായംകുളം രാജാവിന്റെ അധീനതയിലായിരുന്ന എരുവ ശ്രീകൃഷ്ണ ക്ഷേത്രത്തിലും കുറ്റിത്തറയില്‍ കുടുംബക്കാര്‍ക്ക് ചില അനുഷ്ഠാനപരമായ ബന്ധങ്ങള്‍ ഉണ്ടായിരുന്നു. എരുവ ക്ഷേത്രത്തിലെ വിഷുവുത്സവത്തിന് കിഴിപ്പണം വെയ്‌ക്കുന്നതു കുറ്റിത്തറയില്‍ നിന്നായിരുന്നു. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളുടെയും വിശേഷ പൂജാദികളുടെയും പ്രസാദം കുറ്റിത്തറയില്‍ എത്തിക്കുന്ന പതിവ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളില്‍ പോലുമുണ്ടായിരുന്നു. അത്രമേല്‍ സാമൂഹികമായ പ്രാധാന്യമുള്ള കുടുംബത്തിലെ ഗോവിന്ദപ്പണിക്കര്‍ എന്ന ചേകവരായിരുന്നു നവോത്ഥാന ചരിത്രത്തിലെ അഗ്രഗാമികളിലൊരാളായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പിതാവ്. മാതാവാകട്ടെ തേവിയമ്മയെന്നു വാമൊഴിയിലറിയപ്പെടുന്ന മഹതിയും. തൃക്കുന്നപ്പുഴക്കു തെക്കുപടിഞ്ഞാറുള്ള ഒരു പ്രദേശമായിരുന്നു ആറാട്ടുപുഴ. അവിടെ, പ്രതാപിയായിരുന്ന വലിയ കടവില്‍ പെരുമാളച്ഛന്റെ മകളായിരുന്നു അവര്‍. ഇവരുടെ ഏറ്റവും ഇളയ മകനായിട്ടാണ് പണിക്കര്‍ ജനിക്കുന്നത് (1825 ജനുവരി 7). പ്രസവാനന്തരം പതിമൂന്നാമത്തെ ദിവസം ആ അമ്മ ഇഹലോകം വെടിഞ്ഞു. പിന്നീട്, അമ്മമ്മയും അപ്പൂപ്പനും മൂത്ത സഹോദരിയുമൊക്കെയായിരുന്നു അദ്ദേഹത്തെ വളര്‍ത്തിയത്. ഇടപ്പളളി രാജാവിന്റെ അധീനതയിലായിരുന്നു അക്കാലത്ത് തൃക്കുന്നപ്പുഴ. ഇടപ്പള്ളി കൊട്ടാരത്തിലെ മാധവന്‍ നമ്പൂതിരിയെന്നയാളാണ് വേലായുധന്‍ എന്നു പേരിട്ടതെന്ന് അറയ്‌ക്കല്‍ മാനുവല്‍ എന്ന കുടുംബ ചരിത്രത്തില്‍ കാണുന്നു.
ബാല്യം
അന്നത്തെ പതിവനുസരിച്ച് ബാല്യത്തില്‍തന്നെ തമിഴും മലയാളവും വേലായുധനെ വീട്ടുകാര്‍ നല്ലതുപോലെ അഭ്യസിപ്പിച്ചു. പതിനാറാം വയസ്സില്‍ മംഗലം കല്ലിശ്ശേരി ഭവനത്തിലേക്ക് വേലായുധന്‍ താമസം മാറ്റി. അവിടെ കളരിയും അഭ്യാസമുറകളും മെയ് വഴക്കവും അഭ്യസിച്ചു. വൈദ്യത്തിലും ജ്യോതിഷത്തിലും പരിശീലനം നേടുന്നതും ഇക്കാലത്താണ്. പിന്നീട് മരണം വരെ അദ്ദേഹത്തിന്റെ താമസം കല്ലിശ്ശേരിയിലായിരുന്നു. ‘കല്ലിശ്ശേരിലച്ഛന്‍’ എന്ന പേരും അതോടൊപ്പം അദ്ദേഹത്തിനു കിട്ടി. ‘കാര്യം കല്ലിശ്ശേരിലച്ഛനോടും പറയാം’എന്നൊരു ശൈലിയും ഒപ്പം ഓണാട്ടുകരഭാഷയില്‍ പ്രയോഗത്തിലായി. അദ്ദേഹത്തിന്റെ കാര്‍ക്കശ്യത്തെ വെളിവാക്കുന്ന മറ്റൊരുചൊല്ലും ആറാട്ടുപുഴക്കാരുടെ മനസ്സിലുണ്ട്. ‘വേലായുധപ്പണിക്കരുടെ കഞ്ഞികുടിച്ചാല്‍ അകത്തുദീനം, കുടിച്ചില്ലെങ്കില്‍ പുറത്തുദീനം’എന്നാണ് ആ ചൊല്ല്. തൊഴിലാളികള്‍ തന്റെ വീട്ടില്‍ എത്തിയാല്‍ വയറുനിറയെ ആഹാരം കഴിക്കണം. മതിയെന്നു പറഞ്ഞാലേ അദ്ദേഹത്തിനു തൃപ്തിയാവൂ. വരുന്നവര്‍ ‘മൂക്കുമുട്ടെ തിന്നണം’. ഇതറിയാവുന്ന ആളുകള്‍ കല്ലിശ്ശേരിയിലെ പുരമേച്ചില്‍ വരാന്‍ കാത്തിരിക്കും. അന്ന് അവര്‍ക്ക് കെങ്കേമമായി മൃഷ്ടാന്നം ലഭിക്കും. വിഭവങ്ങള്‍ക്കും ഒട്ടും കുറവുണ്ടാവില്ല (സോമരാജന്‍, 68, മംഗലം, ആറാട്ടുപുഴ).
വിവാഹം
അന്നത്തെ പതിവനുസരിച്ച്, ഇരുപതാം വയസ്സില്‍ അദ്ദേഹം വിവാഹിതനായി. ആയുധക്കളരിയും സേനാനായകരും ആത്മീയ ഗുരുക്കന്മാരും ജ്ഞാനികളുമുണ്ടായിരുന്ന ഓണാട്ടുകരയിലെ പ്രസിദ്ധ ഈഴവതറവാടായ വാരണപ്പള്ളിയിലെ വെളുമ്പിയെന്ന യുവതിയായിരുന്നു അദ്ദേഹത്തിന്റെ സൗഭാഗ്യവതിയായ വധു. ആ ദാമ്പത്യത്തില്‍, കുഞ്ഞച്ചപ്പണിക്കര്‍, കുഞ്ഞുപിള്ള പണിക്കര്‍, കേശവ പണിക്കര്‍, കുഞ്ഞുപണിക്കര്‍, കുഞ്ഞുപണിക്കര്‍, വെളുത്തകുഞ്ഞ് പണിക്കര്‍, കുഞ്ഞു കൃഷ്ണപ്പണിക്കര്‍ എന്നിങ്ങനെ ഏഴു പുത്രന്മാരും പിറന്നു. അവരില്‍ പലരും കവികളും കലാകാരന്മാരുമായിരുന്നു. ഇന്നുചിലര്‍ അവകാശപ്പടുംപോലെ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്ക് പെണ്‍മക്കള്‍ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ ചരിത്രമെഴുതിയ വിഖ്യാതനായ എഴുത്തുകാരനും ഗാന്ധിയനും മാതൃഭൂമി പത്രാധിപരുമായിരുന്ന എ.പി ഉദയഭാനുവും, ആദ്യകാല ജീവചരിത്രകാരനായ ആറാട്ടുപുഴ സ്വദേശി പി. ഒ. കുഞ്ഞുപണിക്കനും, പുരാവസ്തുവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഡോ. ആറാട്ടുപുഴ സുകുമാരനും, ‘നമ്മുടെ സാഹിത്യകാരന്മാര്‍’ എന്ന ഗ്രന്ഥകാരനായ പള്ളിപ്പാടു കുഞ്ഞുകൃഷ്ണനും, ചരിത്രകാരനായ പുതുപ്പള്ളി രാഘവനും പണിക്കരുടെ മക്കളുടെ പേരുവിവരങ്ങള്‍ കൃത്രമായി രേഖപ്പെടുത്തിയിട്ടുണ്ട്.
പൊതുരംഗത്ത്
1852 ഫെബ്രുവരി 18 ന് (1027 കുംഭം) തിരുവോണദിവസം (27ാം വയസ്സില്‍) മംഗലം ഇടയ്‌ക്കാട്ട് ശിവക്ഷേത്രം (ജ്ഞാനേശ്വരം ക്ഷേത്രം) സ്ഥാപിച്ച് പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിക്കുന്നതോടെയാണ് ഗൃഹസ്ഥനും വ്യവസായിയും ധനികനുമെന്നതിനപ്പുറം വേലായുധപ്പണിക്കര്‍ സാമൂഹികമായ പരിവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദുവാകുന്നത്. ജോനകരുടെയും പോര്‍ച്ചുഗീസുകാരുടെയും കച്ചവട താല്പര്യങ്ങള്‍ക്കും കിടമത്സരങ്ങള്‍ക്കും ഇടയില്‍ മതഭേദം വന്നും പ്രാണഭേദം വന്നും ഛിഹ്നഭിന്നമായിപ്പോകുമായിരുന്ന മുക്കുവരും ഈഴവരുമടങ്ങുന്ന തീരദേശത്തെ പിന്നാക്ക ജനതയെ ഏകീകരിക്കുന്നതിലും കെട്ടുറപ്പോടെ നിലനിര്‍ത്തുന്നതിലും ആ ക്ഷേത്രനിര്‍മ്മാണം ചരിത്രപരമായ പങ്കുവഹിച്ചിട്ടുണ്ട്. തീരപ്രദേശത്ത് തനിക്കുള്ള മേല്‍ക്കൈ നിലനിര്‍ത്താനും കള്ളിക്കാട്ടെയും പെരുമ്പള്ളിയിലെയും കനകക്കുന്നിലെയും ജോനക മുതലാളിമാരെ അക്കാര്യത്തില്‍ മറികടക്കാനും ക്ഷേത്രപ്രതിഷ്ഠയിലൂടെ വേലായുധപ്പണിക്കര്‍ക്ക് കഴിഞ്ഞു. മാത്രമല്ല, പില്ക്കാലത്ത് വേലായുധപ്പണിക്കര്‍ നടത്തിയ പലവിധപോരാട്ടങ്ങളിലും, തുറന്ന സമരമുഖങ്ങളിലും ഈ ജനതയുടെ അകമഴിഞ്ഞ പിന്തുണ അദ്ദേഹത്തിന് ലഭിക്കുന്നുമുണ്ട്. പത്തിയൂരിലെ പണിമുടക്കു സമരം (1866) വിജയിപ്പിക്കുന്നതില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ ആറാട്ടുപുഴയിലെയും പരിസര പ്രദേശങ്ങളിലെയും ചൊടിയും ചുണയുമുള്ള പാര്‍ശ്വവല്‍കൃതരായ മുഴുവന്‍പേരുടെയും പിന്തുണയും പങ്കാളിത്തവും ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
പണിക്കരുടെ പോരാട്ടങ്ങള്‍
നിരന്തരമായ പോരാട്ടമായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതത്തെ ഐതിഹാസികമാക്കിയത്. അഥവാ, അനീതികള്‍ക്കെതിരെയുള്ള കരുത്തുറ്റ ചെറുത്തുനില്പിന്റെ മറുപേരായിരുന്നു വേലായുധപ്പണിക്കര്‍ എന്നത്. കായംകുളത്തെ മുഷ്‌കരന്മാരുമായി കമ്പോളത്തില്‍ ഏറ്റുമുട്ടിയ ഏത്താപ്പ് സമരം (1858), പന്തളത്തെ കരുത്തരെ മുട്ടുകുത്തിച്ച മൂക്കുത്തി സമരം (1860), പത്തിയൂരിലെ അച്ചിപ്പുടവ സമരമെന്ന ചരിത്രത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി പണിമുടക്ക് സമരം (1866) തുടങ്ങിയവ സംഭവബഹുലമാണ്. പണിക്കര്‍ക്കു പേരിട്ട അതേ ഇടപ്പള്ളി കൊട്ടാരത്തിലെ ഇളമുറക്കാരനായ രാമന്‍മേനോന്‍, ‘ഹോയ്’വിളികേട്ടിട്ടും തനിക്ക് സൗകര്യം തന്ന് വഴിമാറിനടക്കാത്തതിന്റെ പേരില്‍ ഇടഞ്ഞതും, പണിക്കര്‍ മേനോന്റെ കരണം പുകച്ചതും അതിന്റെ പേരില്‍ ജയില്‍വാസം അനുഭവിച്ചതും ചരിത്രമാണ് (1867). പണിക്കരുടെ ജയില്‍വാസം തങ്ങളെപ്പോലുള്ളവര്‍ക്കുകൂടി വഴിനടക്കാന്‍ വേണ്ടിയായിരുന്നുവെന്നാണ് ആറാട്ടുപുഴയിലെ ആവേദകരുടെ പക്ഷം. അക്കാലത്ത് ജയില്‍ മോചിതനായ പണിക്കരെ സ്വീകരിച്ചാനയിക്കാന്‍ വലിയതോതില്‍ തങ്ങളുടെ പൂര്‍വ്വികര്‍ തടിച്ചുകൂടിയത് അക്കാരണത്താലാണെന്നാണ് അവര്‍ കരുതുന്നത്.
കടല്‍ക്കൊള്ളക്കാരുടെ ശത്രു
അക്കാലത്തേ കടല്‍ക്കൊള്ളക്ക് ദുഷ്‌ക്കീര്‍ത്തിയുള്ള നാടായിരുന്നു കായംകുളം. കീരിക്കാട്ടുകാരായിരുന്നു കടല്‍ക്കൊള്ളക്ക് നേതൃത്വം. അവര്‍ക്ക് ‘ഒത്ത തണ്ടി’തന്നെയായിരുന്നു പണിക്കരും കൂട്ടരും. 1850 കാലമായപ്പോഴേക്കും കടല്‍ക്കൊള്ളക്കാരുടെ നേതൃനിരയില്‍ കൊച്ചുണ്ണിയുമെത്തി. ആ സംഘമാണ് പത്മനാഭസ്വാമിക്ഷേത്രത്തിലെ മുറജപത്തിനു പോവുകയായിരുന്ന തരണനല്ലൂര്‍ നമ്പൂതിരിമാരില്‍ നിന്നും ‘സാളഗ്രാമം’ കൈക്കലാക്കിയത്. സ്വര്‍ണ്ണത്തിനോ രത്‌നത്തിനോ ലഭിക്കുന്ന വാണിജ്യമൂല്യം തീരെയില്ലാത്ത ഒരു കഷണം കല്ലാണ് സാളഗ്രാമം. അതിന്റെ ആകെ മൂല്യം ഭക്തര്‍ അതിലര്‍പ്പിക്കുന്ന വൈശിഷ്ട്യമാണ്. കൊള്ളക്കാര്‍ക്ക് അത് വെറും പാറക്കഷണമോ ഉരുളന്‍ കല്ലോ മാത്രമാണ്. വിശേഷപ്പെട്ട ഒരു മതചടങ്ങ് മുടങ്ങുന്നതിലൂടെ രാജഭരണത്തെ താഴ്‌ത്തിക്കെട്ടുകയും ജനതയില്‍ അരക്ഷിതബോധം സൃഷ്ടിക്കകയും ചെയ്യാനാണ് കൊള്ളക്കാര്‍ ആഗ്രഹിച്ചതെന്നു വ്യക്തം.
സാളഗ്രാമം വീണ്ടെടുക്കാന്‍ മഹാരാജാവിന് പണിക്കരെ ആശ്രയിക്കേണ്ടിവന്നു. രാമന്‍മേനോന്‍ വിഷയത്തില്‍ പണിക്കരെ ശിക്ഷിച്ച അതേ രാജാവുതന്നെ പണിക്കരോട് സഹായംതേടിയെന്നത് ചരിത്രത്തിലെ കൗതുകങ്ങളില്‍ ഒന്നായി. ശത്രുക്കളെ അവരുടെ പാളയത്തില്‍ കയറി നേരിടാനുള്ള ആ അവസരം പണിക്കര്‍ സമര്‍ത്ഥമായി ഉപയോഗിച്ചു. അവിശ്വസനീയ വേഗത്തില്‍ പണിക്കര്‍ കൊള്ളക്കാരെ തകര്‍ത്ത് വിജയം നേടിയെടുക്കുകയും ചെയ്തു. അങ്ങനെ, സാളഗ്രാമം കായംകുളത്തെ കടല്‍ക്കൊള്ളക്കാരില്‍നിന്നും വേലായുധപ്പണിക്കര്‍ സാഹസികമായിത്തന്നെ വീണ്ടെടുത്തു (1869). അതോടെ അദ്ദേഹം ആയില്യം തിരുനാള്‍ (18601880) മഹാരാജാവിന്റെ പ്രീതിക്കു പാത്രമാവുകയും അദ്ദേഹത്തില്‍ നിന്നും ‘കുഞ്ഞന്‍’ എന്ന ബഹുമതി നേടിയെടുക്കുകയും ചെയ്തു. നേരത്തേതന്നെ പണിക്കരോട് ശത്രുതയുണ്ടായിരുന്ന മുസ്ലിം മതത്തില്‍പ്പെട്ട കവര്‍ച്ചക്കാര്‍ക്ക് ഒരു ഇരുട്ടടികൂടിയായിരുന്നു പണിക്കരുടെ ഈ വിജയം. അതോടെ അവരുടെ പകയുടെ ആഴംകൂടി. രണ്ടുവട്ടം തന്നോടിടഞ്ഞ കായംകുളം കൊച്ചുണ്ണിയെ ‘ഒളിസേവ’യ്‌ക്കിടയില്‍ പുല്ലുകുളങ്ങരയില്‍ നിന്നും പിടികൂടി തടങ്കലിലാക്കിയതിനു പിന്നില്‍ പണിക്കരുടെ ബുദ്ധിയും കായികമായ പിന്തുണയുമുണ്ടായിരുന്നു. ഇതും അവര്‍ക്ക് പണിക്കരോടുള്ള ശത്രുതയുടെ ആക്കം കൂട്ടി.
ക്രൂരമായ കൊലപാതകം
പണിക്കരുടേത് നിഷ്ഠൂരമായ കൊലപാതകമായിരുന്നുവെന്നതിന് സംശയമില്ല. ഇരുളിന്റെ മറപറ്റിയാണ് ശത്രുക്കള്‍ അദ്ദേഹത്തെ വകവരുത്തിയത്. കൊല്ലത്തേക്കുള്ള യാത്രക്കിടയിലാണ് തണ്ടുവള്ളത്തില്‍ വെച്ച് അദ്ദേഹം കൊലക്കത്തിക്കിരയാകുന്നത്. ആറാട്ടുപുഴയിലെ ആദ്യ ബി.എ ബിരുദക്കാരനായ പി.ഒ. കുഞ്ഞുപണിക്കര്‍ ‘കുലദ്രോഹി’യെന്നു വിശേഷിപ്പിച്ച കിട്ടനാണ് പണിക്കരെ കൊല്ലുന്നത് (എസ്എന്‍ഡിപി കനകജൂബിലി പതിപ്പ്, 1953). പണിക്കരുടെ അടുത്ത ബന്ധുവായിരുന്ന അയാള്‍ പൊന്നാനിയില്‍പ്പോയി മതംമാറി തൊപ്പിയിട്ട് ഹൈദരായി. കൃത്യവിലോപത്തിനും വിശ്വാസവഞ്ചനയ്‌ക്കും മുമ്പൊരിക്കല്‍ പണിക്കരില്‍നിന്നും കടുത്ത ശിക്ഷക്കു വിധേയനായ വ്യക്തിയായിരുന്നു അയാള്‍. പണിക്കരോടുള്ള പഴയപകയുടെ കണക്കുതീര്‍ക്കാന്‍ അയാള്‍ എതിരാളികളുടെ പാളയത്തില്‍ കരുത്തുറ്റ ആയുധമായിത്തീര്‍ന്നു.
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ചെറുമകനും കവിയുമായിരുന്ന പുതുപ്പള്ളി പി. കെ പണിക്കരുടെ മകനാണ് മുന്‍ ധനകാര്യമന്ത്രി അഡ്വ. ഹേമചന്ദ്രന്‍. കോണ്‍ഗ്രസ്സിന്റെ മുന്‍നേതാവും എസ്.എന്‍.ഡി.പി യോഗം മുന്‍ ഭാരവാഹിയുമായിരുന്നു അദ്ദേഹം. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കൊലപാതകത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തി: ‘ആറാട്ടുപുഴ പ്രദേശത്ത് മുസ്ലിങ്ങള്‍ ഈഴവരെ മതപരിവര്‍ത്തനം ചെയ്യിച്ചിരുന്നു. പണിക്കര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. പണിക്കരുടെ എതിര്‍പ്പിനെ നേരിടാന്‍ മുസ്ലിങ്ങളും തയ്യാറായി. മതപരിവര്‍ത്തനം ചെയ്തവരെ തിരഞ്ഞു പിടിച്ചാണ് പണിക്കര്‍ ആക്രമണം നടത്തിയത്. പണിക്കരെ എങ്ങനെയും വധിക്കണമെന്ന് അവര്‍ തീരുമാനിച്ചു. അവര്‍ തക്കംപാര്‍ത്തു നടന്നു. 1874 ജനുവരി 3ാം തീയതി തണ്ടുവെച്ച ബോട്ടില്‍ കൊല്ലത്തേക്കു പോകുംവഴി കായംകുളം കായലില്‍വെച്ച് തൊപ്പിയിട്ട കിട്ടന്‍ (അയാള്‍ മതപരിവര്‍ത്തനം ചെയ്ത ആളായിരുന്നു) കൂട്ടരുമൊത്ത് അദ്ദേഹത്തെ ആക്രമിച്ച് വള്ളത്തിലിട്ട് കുത്തിക്കൊന്നു’ (അരുവിപ്പുറം ശതാബ്ദി പതിപ്പ്, 1988). 1974 ജനുവരി 3നായിരുന്നു ദാരുണമായി അദ്ദേഹം കൊലചെയ്യപ്പട്ടത്.
പണിക്കരുടെ ഐതിഹാസിക ജീവിതത്തില്‍ അവിസ്മരണീയ സാന്നിധ്യമായിരുന്ന രണ്ടുപേരെ കൂടി പരാമര്‍ശിക്കാതെ ഈ സ്മരണ അവസാനിപ്പിക്കാനാവില്ല. മംഗലത്തെ ശിവപ്രതിഷ്ഠാനന്തരം ക്ഷേത്രപൂജാദികള്‍ക്ക് നേതൃത്വം നല്‍കിയ കണ്ടിയൂര്‍ വിശ്വനാഥ ഗുരുക്കളും ശ്രീനാരായണ ഗുരുവിന്റെ ഗുരുവായിരുന്ന കുന്നംപള്ളി രാമന്‍പിള്ള ആശാനുമായിരുന്നു അവര്‍. ഏതാണ്ട് 2000 മാണ് വരെ വീരശൈവവിഭാഗത്തില്‍പ്പെടുന്ന വിശ്വനാഥഗുരുക്കളുടെ പിന്മുറക്കാരാണ് ആറാട്ടുപുഴ മംഗലം ജ്ഞാനേശ്വര ക്ഷേത്രത്തില്‍ ശാന്തികര്‍മ്മം നിര്‍വഹിച്ചിരുന്നത്.
കുമ്മമ്പള്ളി രാമന്‍പിള്ള ആശാന്‍ അക്കാലത്തെ വിഖ്യാതനായ പണ്ഡിതന്‍ കൂടിയായിരുന്നു. വര്‍ക്കല മാഹാത്മ്യം തുടങ്ങിയ കൃതികള്‍ അദ്ദേഹത്തിന്റെ പ്രശസ്തി വര്‍ദ്ധിപ്പിച്ചു. ചില ആട്ടക്കഥകളും അദ്ദേഹത്തിന്റെതായിട്ടുണ്ട്. നല്ലൊരു കഥകളി നടന്‍ കൂടിയായിരുന്നു അദ്ദേഹം. ജാതി മേധാവിത്വത്തെ വെല്ലുവിളിച്ച് പണിക്കര്‍ രൂപീകരിച്ച കഥകളി സംഘത്തില്‍ നടനെന്ന നിലയില്‍ കുമ്മമ്പള്ളി ആശാനും പ്രധാന പങ്കു വഹിച്ചിരുന്നതായി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പിന്മുറക്കാരനായ എം. ഒ. പുഷ്പാംഗദന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
2024 ജനുവരി 3ന് വേലായുധ പണിക്കരുടെ ദാരുണാന്ത്യത്തിന് 150 വര്‍ഷം തികഞ്ഞു. ഈ ജനുവരി ഏഴാം തീയതി അദ്ദേഹത്തിന്റെ 199ാമത് ജയന്തിയുമാണ്.
(പ്രാദേശിക ചരിത്രാന്വേഷകനാണ് ലേഖകന്‍)
Discussion about this post