ഡോ സച്ചിദാനന്ദ ജോഷി
(ഗ്രന്ഥകാരനും എഴുത്തുകാരനും ഐജിഎൻസിഎയുടെ മെമ്പർ സെക്രട്ടറിയുമാണ് ലേഖകൻ)
1909 നവംബര്‍ 20-നാണ് കര്‍മ്മയോഗിന്‍ എന്ന ആനുകാലിക പ്രസിദ്ധീകരണത്തില്‍ വന്ദേമാതരത്തിന്റെ വിവര്‍ത്തനം പ്രത്യക്ഷപ്പെടുന്നത്. പക്ഷേ, അതിനും രണ്ടുപതിറ്റാണ്ടോളം മുന്‍പു തന്നെ ‘വന്ദേമാതരം’ എന്ന ഗാനം ദേശീയ ഐക്യത്തിന്റെ ആത്മാവില്‍ ഇഴചേര്‍ന്നു കഴിഞ്ഞിരുന്നു. 1875 നവംബര്‍ 7നാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ തൂലികയിലൂടെ ആ ഗാനം പിറവിയെടുത്തത്. മഹാസമ്മേളനങ്ങളില്‍ ആലപിക്കപ്പെടുകയും വീടുകളില്‍ മര്‍മ്മരമായി പടരുകയും ചെയ്ത ഈ ഗാനം പ്രവിശ്യകള്‍ക്കും വിശ്വാസങ്ങള്‍ക്കും അതീതമായി ഉയരാന്‍ കോടിക്കണക്കിന് ജനഹൃദയങ്ങള്‍ക്ക് പ്രേരണയായി. ഒരുമിച്ച് ഒരൊറ്റ സ്വപ്‌നം കാണാന്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ വരികള്‍ ജനതയോട് ആഹ്വാനം ചെയ്തു. പുതു തലമുറകള്‍ക്കും ലോകത്തിനും ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള മുറവിളി ശ്രവിക്കാനുള്ള മാധ്യമമായി അരബിന്ദോയുടെ ഇംഗ്ലീഷ് വിവര്‍ത്തനം മാറി.
വന്ദേമാതരത്തിന്റെ കര്‍മ്മയോഗിനിലെ പ്രസിദ്ധീകരണം ഒരു ഗാനത്തിന്റെ കേവലമായ വിവര്‍ത്തനത്തിലുപരി: രണ്ട് പതിറ്റാണ്ടു കാലം എല്ലാ വിഭജനങ്ങളെയും അതിജീവിച്ച് ഭാരതത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്തിയ ആശയത്തിന് ശബ്ദവും ദര്‍ശനവും നല്‍കി മഹാപ്രസ്ഥാനമായി ക്രോഡീകരിച്ചു.
1896-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കല്‍ക്കട്ട സമ്മേളനത്തില്‍ രവീന്ദ്രനാഥ ടാഗോര്‍ ആലപിച്ചപ്പോഴാണ്, ഒരു സങ്കീര്‍ത്തനം പോലെയുള്ള വന്ദേമാതരത്തിന്റെ ആരോഹണം ഇദംപ്രഥമമായി ജനങ്ങള്‍ ശ്രവിച്ചത്. ആ വൈകുന്നേരം, സദസ് ഏകമന്ത്രത്താല്‍ മുഖരിതമായി- നിഷേധാത്മകതയുടേതല്ല, മറിച്ച് ഭാവാത്മകമായ ഭക്തിയുടെതായിരുന്നു ആ സ്വരങ്ങള്‍. പത്ത് വര്‍ഷത്തിന് ശേഷം 1905-ല്‍ നടന്ന വിഭജനത്താല്‍ ബംഗാള്‍ നടുങ്ങിപ്പോയപ്പോള്‍, ടാഗോറിന്റെ അനന്തരവന്‍ അബനീന്ദ്രനാഥ ടാഗോര്‍ ഭാരതമാതാവിന്റെ ചിത്രം വരച്ചു – ഒരു കെട്ട് ധാന്യക്കറ്റയും ഒരു പുസ്തകവും ഒരു രുദ്രാക്ഷമാലയും പിടിച്ചു നില്‍ക്കുന്ന, കാവി വസ്ത്രം ധരിച്ച ഒരു വനിത- ബങ്കിം ചന്ദ്രന്റെ വാക്കുകളുടെ ദൃശ്യാവിഷ്‌കാരമായിരുന്നു അത്. ഒരു കവിയുടെ കേവലമായ ഭാവന മാത്രമായിരുന്നില്ല ഈ ഗാനം; മാതൃരാജ്യത്തിന്റെ അതിജീവനത്തിനുള്ള ഉണര്‍ത്തുപാട്ടും അതിനെ സംരക്ഷിക്കാനുള്ള തീവ്രമായ ഇച്ഛാശക്തിയെ പോഷിപ്പിക്കുന്ന ആത്മാവിന്റെ നൊമ്പരപ്പെടുത്തുന്ന മുറവിളിയുമായിരുന്നു അത്. വര്‍ഷങ്ങളായി ഉള്ളില്‍ തങ്ങിനിന്ന ആഗ്രഹത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു അത്. ബ്രിട്ടീഷ് ‘രാജ്ഞി നീണാള്‍ വാഴട്ടെ’ എന്ന് പാടാന്‍ ഭരണാധികാരികള്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്ന കാലഘട്ടത്തിലാണ്, ബങ്കിം ചന്ദ്ര ചാറ്റര്‍ജി ഒറ്റ രാത്രി കൊണ്ട് ഈ ഗാനം രചിച്ചത്. പതിറ്റാണ്ടുകളുടെയും, നൂറ്റാണ്ടുകളുടെയും, കഷ്ടപ്പാടുകളുടെ കാവ്യാത്മക ആവിഷ്‌കാരമായിരുന്നു അത്. വേദന കടിച്ചമര്‍ത്തി ദീര്‍ഘ സുഷുപ്തിയിലാണ്ടുപോയ ഒരു ജനതയെ ഉണര്‍ത്താനുള്ള തീക്ഷ്ണമായ ആഹ്വാനമായിരുന്നു അത്.
കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ മുതല്‍ ലാഹോറിലെ തൂക്കുമരങ്ങള്‍ വരെ, വന്ദേമാതരം ധീരമായ ചെറുത്തുനില്‍പ്പിന്റെ നിശ്വാസമായി മാറി. ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ബടുകേശ്വര്‍ ദത്ത് തുടങ്ങി ഒട്ടേറെ ധീരദേശാഭിമാനികള്‍ വന്ദേമാതരം മുഴക്കിക്കൊണ്ട് സധൈര്യം മരണത്തിലേക്ക് നടന്നു നീങ്ങി. സുഭാഷ് ചന്ദ്രബോസ് അതിനെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സഞ്ചലന ഗാനമാക്കി. പണ്ഡിതരും കര്‍ഷകരും ഹിന്ദുക്കളും മുസ്ലീങ്ങളും എന്ന് വേണ്ട, എല്ലാ മതങ്ങളിലെയും വിശ്വാസങ്ങളിലെയും ജനങ്ങള്‍ പ്രാര്‍ത്ഥനയുടെയും ചെറുത്തുനില്പിന്റെയും ആവിഷ്‌ക്കാരമായി ഈ ഗാനത്തെ നെഞ്ചേറ്റി.
വന്ദേമാതരം ആദ്യം വിവര്‍ത്തനം ചെയ്തത് അരബിന്ദോ ആയിരുന്നില്ല. ഭാരതീയരും ഇംഗ്ലീഷുകാരുമായ ഒട്ടേറെ പണ്ഡിതര്‍ ഈ ഗാനം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. ഉറുദു ഉള്‍പ്പെടെയുള്ള വിവിധ ഭാരതീയ ഭാഷകളിലേക്കും ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന ബ്രിട്ടീഷുകാരന്‍ ഡബ്ല്യു.എച്ച്. ലീ 1906-ല്‍ ഇത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. വന്ദേമാതരം എന്ന വാക്ക് ഉച്ചരിക്കുന്നത് പോലും നിരോധിക്കപ്പെട്ട കാലത്ത്, അത് അജ്ഞാതമായി വിവര്‍ത്തനം ചെയ്യപ്പെട്ടു. ഏതായാലും, ബംഗാളിയിലെ മൂലകൃതിയോടൊപ്പം ചേര്‍ത്തിരിക്കുന്നത് അരബിന്ദ ഘോഷിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമാണ്. തലമുറകളിലൂടെയും ഭൂപ്രദേശങ്ങളിലൂടെയും പ്രയാണം ചെയ്ത്, ഭാരതീയ രാഷ്‌ട്ര ജീവിതത്തിന്റെ സമസ്ത തലങ്ങളിലൂടെയും സഞ്ചരിച്ച്, ഭാരതീയരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ മറ്റൊരു ഗാനവുമില്ല. അടിമത്തത്തിന്റെയും കഷ്ടപ്പാടുകളുടെയും, പരിഷ്‌കരണത്തിന്റെയും വിപ്ലവത്തിന്റെയും കാലഘട്ടങ്ങളില്‍ വന്ദേമാതരം തുല്യശോഭയോടെ നിലനിന്നു – രോഷ പ്രകടനത്തിന്റെ മുദ്രാവാക്യമായിട്ടല്ല, സ്നേഹത്തിന്റെ അഭിവാദ്യമായിട്ട്.
കാലാതിവര്‍ത്തിയായ അതിന്റെ സ്വാധീനം മനസ്സിലാക്കാന്‍, ഒരാള്‍ അതിന്റെ പ്രഭവകേന്ദ്രത്തിലേക്ക് – ഭാരതത്തിന്റെ ഭാഗധേയത്തെ മാറ്റിമറിച്ച
ഭാസുരമായ കാലഘട്ടത്തിലേക്ക്, ബംഗാളിലെ ഒരു സാധാരണ കുടുംബത്തിലേക്ക് മടങ്ങിച്ചെല്ലണം. കല്‍ക്കട്ട സര്‍വകലാശാലയിലെ ആദ്യ ബിരുദധാരികളില്‍ ഒരാളായ ബങ്കിം ചന്ദ്ര ചാറ്റര്‍ജി (18381894) ഡെപ്യൂട്ടി മജിസ്‌ട്രേറ്റായും ഡെപ്യൂട്ടി കളക്ടറായും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തു. അദ്ദേഹത്തിന്റെ ജോലി ബ്രിട്ടീഷ് ആര്‍ക്കൈവുകളിലേക്കും ഗസറ്റുകളിലേക്കും അദ്ദേഹത്തിന് പ്രവേശനം നല്‍കി – വിസ്മരിക്കപ്പെട്ടു പോയ ഒരു ഇതിഹാസത്തെ വെളിപ്പെടുത്തുന്ന രേഖകള്‍: ധാക്കയിലും ഉത്തര ബംഗാളിലും സാമ്രാജ്യത്വ ശക്തികളുടെ അടിച്ചമര്‍ത്തലിനെതിരെ പരിവ്രാജകരായ സംന്യാസിമാര്‍ ഉയര്‍ത്തിയ സംന്യാസി കലാപം (1763-1780) സംബന്ധിച്ച രേഖകള്‍ അദ്ദേഹത്തിന് ലഭിച്ചു. ആ പരിത്യാഗത്തിന്റെ കഥയാണ് ബങ്കിം ബാബുവിന്റെ പില്‍ക്കാല നോവലായ ആനന്ദമഠത്തിന് പ്രചോദനമായത്. എന്നാല്‍ നോവലിന് മുമ്പ്തന്നെ ആ ഗാനം പിറന്നു. 1870-കളോടെ, ബ്രിട്ടീഷ് സാമ്രാജ്യം അതിന്റെ രാജകീയ ഉപചാരങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയിരുന്നു – ഔദ്യോഗിക ഒത്തുചേരലുകളിലും സ്‌കൂളുകളിലും ‘ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ’ എന്ന് ഭാരതീയര്‍ ഉദ്‌ഘോഷിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ തുടങ്ങി. ബങ്കിമിനെ സംബന്ധിച്ചിടത്തോളം, ഇത് കേവലം രാഷ്‌ട്രീയ നിര്‍ബന്ധമായല്ല – ആത്മീയ കീഴടങ്ങലായി അനുഭവപ്പെട്ടു. ഒരു വൈദേശിക പരമാധികാരിയുടെ മുന്നില്‍ കുമ്പിടാന്‍ അഭിമാനബോധമുള്ള സാംസ്‌ക്കാരിക ധാരയെ പരിശീലിപ്പിക്കുന്ന നടപടിയായി അത് അദ്ദേഹത്തിന് അനുഭവപ്പെട്ടു.
1875 നവംബര്‍ 7 ഞായറാഴ്ച – അക്ഷയ നവമി ദിനത്തില്‍ കൊല്‍ക്കത്തയ്‌ക്കടുത്തുള്ള സ്വവസതിയില്‍ വച്ച് നിശബ്ദ കലാപത്തിന്റെ ആ നിമിഷത്തിലാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി തന്റെ തൂലിക ചലിപ്പിച്ചത്. അദ്ദേഹത്തിന്റെ സമകാലികര്‍ ‘അതീന്ദ്രിയമായ മാനസികാവസ്ഥ’ എന്ന് വിശേഷിപ്പിക്കും വിധം, ഒറ്റയിരിപ്പില്‍ അദ്ദേഹം വന്ദേമാതരം എഴുതിത്തീര്‍ത്തു. ആ ഗാനം രചിക്കപ്പെടുകയായിരുന്നില്ല, അത് അദ്ദേഹത്തിലേക്ക് അവതരിക്കുകയായിരുന്നു. മറ്റുള്ളവര്‍ രാജ്ഞിക്കുവേണ്ടി പാടിയപ്പോള്‍, അദ്ദേഹം മാതൃരാജ്യത്തിനുവേണ്ടി പാടി. സാമ്രാജ്യത്വ കല്‍പ്പനയ്‌ക്ക് ആത്മനിവേദനത്തിലൂടെ മറുപടി നല്‍കി. മറ്റുള്ളവര്‍ രാജാവിനെ വണങ്ങിയപ്പോള്‍, ബങ്കിം ചന്ദ്ര മാതൃഭൂമിയെ വണങ്ങി. അതായിരുന്നു അദ്ദേഹത്തിന്റെ കലാപം. ഉറയൂരിയ വാളിനെ അതിജീവിക്കുന്ന ഗാനം പിറന്നു വീണു. വാളുകള്‍ അതിജീവിക്കില്ലെന്നും വാക്കുകള്‍ ചിരന്തനമാണെന്നും ഉള്ള പൂര്‍ണ്ണബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
ഒരു മണിക്കൂര്‍നേരത്തെ ക്ഷോഭ പ്രകടനത്തിനായല്ല, ഉണര്‍വ്വിന്റെ യുഗത്തിനു വേണ്ടി രചിക്കപ്പെട്ടതാണ് വന്ദേമാതരം. ഒരു ഭരണാധികാരിയെയല്ല, ഒരു രാഷ്‌ട്രത്തെയാണ് അത് അഭിസംബോധന ചെയ്തത. രാജ്യത്തെ നദികള്‍, വയലേലകള്‍, വൃക്ഷവാടികകള്‍, മന്ദമാരുതന്‍ എന്നിവയെയാണ് അഭിസംബോധന ചെയ്തത്. രാഷ്‌ട്രീയ പരമാധികാരം നേടിയെടുക്കുന്നതിന് വളരെ മുമ്പുതന്നെ ഭാരതത്തിന്റെ ആത്മീയ പരമാധികാരത്തെ വീണ്ടെടുത്ത ഗീതമായിരുന്നു അത്. ആനന്ദമഠം വായനക്കാരിലേക്ക് എത്തിയതോടെ, നോവലിലെ ആ ഗാനം രാജ്യത്തിന്റെ സിരകളിലേക്ക് അതിവേഗം പടര്‍ന്നു. 1896 ലെ കല്‍ക്കട്ട കോണ്‍ഗ്രസില്‍, ടാഗോറിന്റെ ശബ്ദം അതിന് ചിറകുകള്‍ നല്‍കി. ഒരു ദശാബ്ദത്തിനുള്ളില്‍, 1905 ലെ സ്വദേശി പ്രസ്ഥാനത്തിന്റെ കാലഘട്ടത്തില്‍ ഉള്‍പ്പെടെ, ബംഗാളിലെ തെരുവോരങ്ങളില്‍ ആ ഗാനം
പ്രതിധ്വനിച്ചു. അന്ന് നിഷേധത്തിന്റെ അടയാളമായിരുന്നു വന്ദേമാതരം. ബ്രിട്ടീഷുകാര്‍ അത് നിരോധിച്ചു; വിദ്യാര്‍ത്ഥികളെ പുറത്താക്കി; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഈ അടിച്ചമര്‍ത്തലുകളെല്ലാം ഗാനത്തോടുള്ള ആദരവ് വര്‍ദ്ധിപ്പിച്ചു. കല്‍ക്കട്ടയില്‍ കോരിച്ചൊരിയുന്ന മഴയത്ത് നഗ്നപാദരായി നിന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അത് ഉച്ചത്തില്‍ ആലപിച്ചു. ധാക്കയിലെ വനിതകള്‍ അത് സാരിയില്‍ എംബ്രോയ്ഡറി ചെയ്തു.
‘ഭാരതത്തിന്റെ പുനര്‍ജന്മത്തിന്റെ മന്ത്രം’ എന്ന് അരബിന്ദ ഘോഷ് ഇതിനെ വിശേഷിപ്പിച്ചു. അത് കേള്‍ക്കുന്നത് ‘ഭാരതത്തിന്റെ ശ്വാസം ശ്രവിക്കുന്നതിന് തുല്യം’ എന്ന് സിസ്റ്റര്‍ നിവേദിത എഴുതി. സാര്‍വത്രികമായ സ്വീകാര്യതയായിരുന്നു ഗാനത്തിന്റെ ശക്തി. അത് അനുഭവവേദ്യമാകാന്‍ സംസ്‌കൃതം അറിയേണ്ടതില്ലായിരുന്നു. 1920കളിലും 30കളിലും വന്ദേമാതരം ധീരതയുടെ സംഹിതയായി മാറി. ഭഗത് സിങ്ങിനെപ്പോലുള്ള വിപ്ലവകാരികള്‍ ജയില്‍ മുറികളിലെ ചുവരുകളില്‍ ആ ഗാനം കൊത്തിവച്ചു. ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിന്റെ ഇടനാഴികളില്‍, വേദനയുടെ സങ്കീര്‍ത്തനം കണക്കെ അത് പ്രതിധ്വനി
ച്ചു. സുഭാഷ് ചന്ദ്രബോസ് അതിനെ ഐഎന്‍എയുടെ യുദ്ധകാഹളമാക്കി. സൈനികര്‍ക്ക്, ഈ മന്ത്രം മധുര ഗീതമായിരുന്നില്ല, ആജ്ഞയായിരുന്നു. സമ്മേളനങ്ങളില്‍ സംയമനം പാലിക്കാന്‍ ഉപദേശിച്ച മഹാത്മാഗാന്ധി പോലും, വന്ദേമാതരത്തിന്റെ പവിത്രയെ അംഗീകരിച്ചു. ‘ത്യാഗത്താല്‍ വിശുദ്ധീകരിക്കപ്പെട്ട ഗാനം’ എന്ന് വിശേഷിപ്പിച്ചു.



















Discussion about this post