ന്യൂദല്‍ഹി: പാകിസ്ഥാന്റെ കശ്മീര്‍ക്കൊതിക്ക് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ പെണ്‍പുലികള്‍ ലോകത്തെ വിസ്മയിപ്പിക്കുന്നു. നയതന്ത്രതലത്തിലെ ഇന്ത്യന്‍ കരുത്തിന്റെ അടയാളമായി മാറുകയാണ് വിദേശകാര്യരംഗത്തെ ഈ ചടുലയൗവനങ്ങള്‍. കിട്ടുന്ന എല്ലാ വേദികളിലും ഇന്ത്യയ്ക്കെതിരെ നുണപ്രചാരണം നടത്തുകയും കശ്മീരിനുമേല്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ വായടപ്പിക്കുന്ന മറുപടിയുമായാണ് വിദേശകാര്യരംഗത്തെ പെണ്‍കരുത്ത് രംഗം കീഴടക്കുന്നത്.
ഇത്തവണ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഇന്ത്യയ്ക്കെതിരെ വിഷം ചീറ്റിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ ആഞ്ഞടിച്ച സ്‌നേഹ ദുബെയാണ് ഇപ്പോഴത്തെ താരം
2016 ല്‍ ഇനാം ഗംഭീര്‍
അന്ന് നവാസ് ഷെരീഫായിരുന്നു മറുപുറത്ത്. ഇന്ത്യന്‍ യുവ നയതന്ത്രജ്ഞ ഇനാം ഗംഭീര്‍ ഐക്യരാഷ്ട്രസഭയില്‍ ഷെരീഫിനെയും പാകിസ്ഥാനെയും നിര്‍ത്തിപ്പൊരിച്ചു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 71 -ാമത് സെഷന്റെ പൊതു ചര്‍ച്ചയില്‍, പാക്കിസ്ഥാന്റെ നുണകള്‍ അവര്‍ പൊളിച്ചടുക്കി . പതിവുപോലെ അന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കശ്മീര്‍ രാഗം ആലപിച്ചതായിരുന്നു പ്രകോപനം.
ഇനാംപറഞ്ഞു, ‘ഭീകരവാദത്തെ സ്പോണ്‍സര്‍ ചെയ്യുന്നത് പാക്കിസ്ഥാന്റെ എന്നത്തെയും നയമാണ്. ഇതിന്റെ ഫലങ്ങള്‍ അയല്‍പക്കങ്ങള്‍ക്കപ്പുറം പോലും ദൃശ്യമാണ്. പ്രാചീന ഇന്ത്യയിലെ അറിവിന്റെ കേന്ദ്രമായിരുന്നു പണ്ട് തക്ഷശില, എന്നാല്‍ ഇപ്പോള്‍ അവിടെ ഭീകരരുടെ താവളമായിരുക്കുന്നു. സെപ്റ്റംബര്‍ 11 ന് അമേരിക്കയ്ക്കെതിരായ ഭീകരാക്രമണത്തെക്കുറിച്ച് ഷെരീഫ് പറയുന്നത് കേട്ടു. തീവ്രവാദികളുടെ ജന്മനാട് മനുഷ്യാവകാശത്തെക്കുറിച്ച് പ്രസംഗിക്കുന്നതെത്ര വിരോധാഭാസമാണ്’
2017 ല്‍ പൗലോമി ത്രിപാഠി
വ്യാജ ചിത്രങ്ങളിലൂടെ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനായിരുന്നു ഇക്കുറി പാകിസ്ഥാന്റെ ശ്രമം. ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധി മലീഹ ലോധി ഒരു പലസ്തീന്‍ സ്ത്രീയുടെ ഫോട്ടോ കാണിച്ചിട്ടാണ് ഉണ്ടയില്ലാ വെടിയുതിര്‍ത്തത്. ഇതൊരു കശ്മീരി സ്ത്രീയാണെന്നും ഇന്ത്യന്‍ സൈന്യം ‘പെല്ലറ്റ് ഗണ്‍’ ഉപയോഗിച്ച് അവര്‍ക്കെതിരെ വെടിയുതിര്‍ത്തെന്നും അയാള്‍ അലമുറയിട്ടു.
ഇന്ത്യന്‍ നയതന്ത്രജ്ഞ പൗലോമി ത്രിപാഠി യഥാര്‍ത്ഥ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി പാകിസ്ഥാനെ നാണം കെടുത്തി. ഒരു കൈയില്‍ ഇന്ത്യന്‍സൈനിക ഉദ്യോഗസ്ഥനായ ധീരബലിദാനി ഉമര്‍ ഫയാസിന്റെ ചിത്രവും മറുകൈയില്‍ പാക് പ്രതിനിധി മലീഹ ലോധിയുടെ ചിത്രവും ത്രിപാഠി ഉയര്‍ത്തിപ്പിടിച്ചു. ഉമര്‍ ഫയാസ് പാക്ക് സ്‌പോണ്‍സേര്‍ഡ് ഭീകരതയുടെ ഇരയാണെന്നും ലോധി നുണയനായ വേട്ടക്കാരനാണെന്നും പൗലോമി അന്ന് തുറന്നടിച്ചു.
2019 ല്‍ വിദിശ മൈത്ര
ഇക്കുറി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് യുഎന്നില്‍ കശ്മീര്‍ മുദ്രാവാക്യം ഉയര്‍ത്തി നാണം കെട്ടത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ നിര്‍ത്തലാക്കിയ വര്‍ഷമായിരുന്നു അത്. ഐഎഫ്എസ് ഓഫീസര്‍ വിദിശ മൈത്രയുടേതായിരുന്നു ഊഴം. ‘ഭീകരതയുടെ ഫാക്ടറി’ എന്ന് കുപ്രസിദ്ധമായ ഒരു രാജ്യത്തോട് മനുഷ്യാവകാശത്തെക്കുറിച്ച് പ്രസംഗിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വിദിശ പറഞ്ഞു.
അല്‍ഖ്വയ്ദ, ഐസ് തുടങ്ങിയ ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഒരാള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ലോകത്തിലെ ഏക രാജ്യം പാകിസ്ഥാനാണെന്ന് അവര്‍ തുറന്നടിച്ചു. ഐക്യരാഷ്ട്രസഭ നിരോധിച്ച 25 ഭീകര സംഘടനകളുടെ ഒളിത്താവളങ്ങള്‍ പാകിസ്ഥാനില്‍ ഉണ്ടെന്നത് നിഷേധിക്കാനാകുമോ എന്ന് വെല്ലുവിളിച്ചു. ഭീകരര്‍ക്ക് കാവല്‍ നിന്നിട്ട് മനുഷ്യാവകാശങ്ങളുടെ ചാമ്പ്യനാകാന്‍ ശ്രമിക്കുകയാണ് പാകിസ്ഥാനെന്ന് പരിഹസിച്ചു
2021 ല്‍ സ്‌നേഹ ദുബെ
ഇക്കുറിയും ഇമ്രാന്‍ ഖാന്‍ തന്നെ. താലിബാന് വേണ്ടിയായിരുന്നു വാദം. പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ ഇരയാണെന്ന് ഇമ്രാന്‍ വിലപിച്ചു. പതിവുപോലെ കശ്മീരെന്ന് നിലവിളിച്ചു. മറുപടി പറയേണ്ട ചുമതല യുഎന്‍ ദൗത്യത്തിലെ പ്രഥമ സെക്രട്ടറി സ്‌നേഹ ദുബെയ്ക്ക്. അഗ്‌നിശമന ഉപകരണമായി വേഷംമാറി തീയിടുന്ന രാജ്യമാണതെന്ന് സ്‌നേഹ ആഞ്ഞടിച്ചു. തങ്ങളുടെ അയല്‍വാസികളെ മാത്രമേ ഉപദ്രവിക്കുകയുള്ളൂ എന്ന പ്രതീക്ഷയില്‍ ഭീകരരെ പാകിസ്ഥാന്‍ സ്വന്തം വളപ്പില്‍ വളര്‍ത്തുകയാണ്. 9/11 ഭീകരാക്രമണം നടന്നിട്ട് 20 വര്‍ഷമായി. ഈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനില്‍ അഭയം പ്രാപിച്ചത് ലോകം മറന്നിട്ടില്ല. പാക് നേതൃത്വം അദ്ദേഹത്തെ രക്തസാക്ഷിയായി മഹത്വവല്‍ക്കരിക്കുകയാണ്. കശ്മീരില്‍ നിന്നെത്രയും വേഗം പിന്മാറുന്നതാണ് പാകിസ്ഥാന് നല്ലതെന്ന് ഓര്‍മ്മിപ്പിക്കാനും സ്‌നേഹ മറന്നില്ല.
Discussion about this post