ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. നാലിന് വിമാനത്താവള പരിസരത്ത് ബിജെപി പൊതുയോഗം. തുടർന്ന് സിയാൽ കൺവൻഷൻ ഹാളിൽ വച്ച് കേരളത്തിലെ റെയിൽവേ വികസന പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും.
എറണാകുളം ജംക്ഷൻ, ടൗൺ, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനമാണ് നടത്തുന്നത്. നേരത്തെ ഷിപ് യാഡിൽ വച്ചു നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി പ്രത്യേകമായി നടത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്നു കാലടിയിൽ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശനം. രാത്രി താജ് മലബാറിൽ ബിജെപി കോർ കമ്മിറ്റി യോഗം.
രണ്ടിനു രാവിലെ 9.30ന് കൊച്ചിയിലെ കൊച്ചിൻ ഷിപ്പ് യാഡിൽ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻ എസ് വിക്രാന്ത് പ്രധാനമന്ത്രി കമ്മിഷൻ ചെയ്യും. ഇന്ത്യൻ നാവികസേനയുടെ സ്വന്തം യുദ്ധക്കപ്പൽ രൂപകൽപന ബ്യൂറോ (ഡബ്ല്യുഡിബി) രൂപകല്പന ചെയ്ത ഐഎൻഎസ് വിക്രാന്ത് കൊച്ചിൻ ഷിപ്പ്യാർഡാണു നിർമിച്ചത്.
ഇന്ത്യയിൽ നിർമിച്ച ഏറ്റവും വലിയ കപ്പലാണിത്. രാജ്യത്തെ പ്രമുഖ വ്യവസായസ്ഥാപനങ്ങളും നൂറിലധികം എംഎസ്എംഇ കളും നിർമിച്ചുനൽകിയ ഒട്ടേറെ തദ്ദേശീയ ഉപകരണങ്ങളും യന്ത്രങ്ങളും കപ്പലിലുണ്ട്. വിക്രാന്ത് കമ്മിഷൻ ചെയ്യുന്നതോടെ പ്രവർത്തനക്ഷമമായ രണ്ടു വിമാനവാഹിനിക്കപ്പലുകൾ ഇന്ത്യക്കു സ്വന്തമാകും. പുതിയ നാവിക പതാക (നിഷാൻ) ചടങ്ങിൽ പ്രധാനമന്ത്രി അനാഛാദനം ചെയ്യും.
തുടർന്ന് മംഗളൂരുവിലേക്കു പോകുന്ന പ്രധാനമന്ത്രി അവിടെ 3,800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.
ന്യൂ മംഗളൂരു തുറമുഖ അതോറിറ്റിയുടെ 280 കോടി രൂപയുടെ പദ്ധതിയുടെയും തുറമുഖത്ത് 1000 കോടിയോളം രൂപയുടെ 5 പദ്ധതികളുടെയും തറക്കല്ലിടലും. മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് ഏറ്റെടുത്തിരിക്കുന്ന ബിഎസ് 6 നവീകരണ പദ്ധതി, കടൽ വെള്ളത്തിൽ നിന്നു ഉപ്പു വേർതിരിക്കുന്നതിനുള്ള പ്ലാന്റ് എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
Discussion about this post