ന്യൂദല്‍ഹി: ബോളിവുഡ് താരം രാജുശ്രീവാസ്തവ(58) അന്തരിച്ചു. ഒരുമാസത്തിലേറെയായി ദല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആഗസ്ത് 10നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൈനേ പ്യാര് കിയ, ബാസിഗര്‍, ബോംബെ ടു ഗോവ, ആംദാനി അത്തണ്ണി ഖര്‍ച്ച റുപയ്യ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലൂടെ കരിയര്‍ ആരംഭിച്ച സത്യപ്രകാശ് ശ്രീവാസ്തവയെന്ന രാജു ശ്രീവാസ്തവ വളരെ വേഗമാണ് ഹിന്ദി സിനിമകളുടെ അനിവാര്യഘടകമായത്. ഹാസ്യതാരമെന്ന നിലയില്‍ പേരെടുത്ത അദ്ദേഹം ടിവി ഷോകളിലും നിറഞ്ഞു നിന്നു.
ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച്, ചാമ്പ്യന്‍സ്, കോമഡി കാ മഹാ മുക്കാബല, കോമഡി നൈറ്റ്സ് വിത്ത് കപില്‍ തുടങ്ങിയ ഷോകളിലൂടെ ജനങ്ങള്‍ക്ക് പ്രിയങ്കരനായ അദ്ദേഹം നാച്ച് ബാലെ എന്ന പ്രശസ്തമായ ഡാന്‍സ് ഷോയില്‍ ഭാര്യ ശിഖയ്ക്കൊപ്പം പങ്കെടുത്ത് ശ്രദ്ധേയനായി. അമിതാഭ് ബച്ചന് അവതരാകനായ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു. 2014-ല്‍ കാണ്‍പൂരില്‍ നിന്ന് സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി നോമിനേഷന് നല്‍കിയെങ്കിലും തെരഞ്ഞെടുപ്പിന് മുന്‍പ് പത്രിക പിന്‍വലിച്ചു. പിന്നീട് ബിജെപിയില്‍ ചേര്‍ന്ന രാജു ശ്രീവാസ്തവയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി നാമനിര്‍ദ്ദേശം ചെയ്തു. അന്താര, ആയുഷ്മാന്‍ എന്നിവര്‍ മക്കളാണ്
Discussion about this post