ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിലെ ബജറ്റിന് മുന്നോടിയായുള്ള ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. ബജറ്റിൽ അവതരിപ്പിക്കേണ്ട നിർദ്ദേശങ്ങൾക്കായി വിവിധ മേഖലകളിലുള്ള വിദഗ്ധരുമായി ധനമന്ത്രി നിർമലാ സീതാരാമൻ സംവദിക്കും. വെർച്വൽ രീതിയിലാകും പ്രീ-ബഡ്ജറ്റ് മീറ്റിംഗ് നടക്കുകയെന്ന് ധനമന്ത്രാലയം അറിയിച്ചു.
ഇന്ന് വ്യവസായ പ്രമുഖർ, കാലാവസ്ഥ വ്യതിയാനം, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വിദഗ്ധർ എന്നിവരുമായാണ് ചർച്ച നടത്തുന്നതെന്ന് ധനമന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. നവംബർ 22-ന് കൃഷി, കാർഷിക-സംസ്‌കരണ വ്യവസായം, സാമ്പത്തിക മേഖല, മൂലധന വിപണിയിലെ പ്രതിനിധികൾ എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.
തുടർന്ന് 24-ന് ആരോഗ്യം, വിദ്യാഭ്യാസം, ജലം, ശുചിത്വം എന്നിവയുൾപ്പെടെ സാമൂഹിക മേഖലയിലെ വിദഗ്ധരെയും വ്യാപാര സ്ഥാപങ്ങളിലെയും പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. നവംബർ 28-ന് ട്രേഡ് യൂണിയൻ പ്രതിനിധികളുമായും കേന്ദ്ര ധനമന്ത്രി ഓൺലൈനായി കൂടികാഴ്ച നടത്തും.
വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ചെലവുകൾ സംബന്ധിച്ചും ഫണ്ടിന്‍റെ ആവശ്യകത സംബന്ധിച്ചും യോഗങ്ങളിൽ ചർച്ച ചെയ്യും. 2023 ജനുവരി 10-നകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്. രണ്ടാം മോദി സർക്കാരിന്‍റെ അഞ്ചാം ബജറ്റാണിത്. നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്പൂർണ്ണ ബജറ്റുമാകും ഇത്.
Discussion about this post