ഭുവനേശ്വർ: ഒഡീഷയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 68,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. സംസ്ഥാനത്ത് മൊത്തം 18 പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.
സംബാൽപൂരിലെ ഐഐഎമ്മിന്റെ 400 കോടി രൂപയുടെ കാമ്പസ് ഉദ്ഘാടനം ചെയ്തതിനു പുറമേ, സംസ്ഥാനത്ത് വൈദ്യുതി, റോഡുകൾ, റെയിൽവേ തുടങ്ങി വിവിധ മേഖലകളിലായി നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ മോദി അനാവരണം ചെയ്തു. 2021ൽ മോദി ഐഐഎം കാമ്പസിന് തറക്കല്ലിട്ടിരുന്നു.
ഈ പദ്ധതികൾ ഒഡീഷയിലെ യുവാക്കൾക്ക് പ്രയോജനം ചെയ്യുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കേന്ദ്രം ഒഡീഷയെ എല്ലാ മേഖലയിലും പിന്തുണയ്‌ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ മേഖലയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്ന പുരി -സോനേപൂർ -പുരി പ്രതിവാര എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുകയും ജാർസുഗുഡ ഹെഡ് പോസ്റ്റ് ഓഫീസ് ഹെറിറ്റേജ് ബിൽഡിംഗ് രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു.
ജഗദീഷ്പൂർ-ഹാൽദിയ, ബൊക്കാറോ-ധാമ്ര പൈപ്പ് ലൈൻ പദ്ധതിയുടെ (ജെഎച്ച്ബിഡിപിഎൽ) 412 കിലോമീറ്റർ ധമ്ര–അംഗൽ പൈപ്പ് ലൈൻ വിഭാഗവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി ഊർജ ഗംഗ’യുടെ കീഴിൽ ഏകദേശം 2,450 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ പദ്ധതി ഒഡീഷയെ നാഷണൽ ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിക്കും.
ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, ഗവർണർ രഘുബർ ദാസ്, കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, ബിശ്വേശ്വര് ടുഡു, അശ്വിനി വൈഷ്ണവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Discussion about this post