ന്യൂദല്‍ഹി: ഭീകരവാദത്തെ ചെറുക്കുന്നതില്‍ ഇരട്ടനിലപാട് സ്വീകരിക്കുന്നത് നിര്‍ത്താന്‍ ലോകരാജ്യങ്ങള്‍ തയാറാകണമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. കസാഖിസ്ഥാനിലെ അസ്താനയില്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (SCO) സംഘടിപ്പിച്ച സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 140 പേരുടെ ജീവനെടുത്ത, മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാള്‍ ഭീകരാക്രമണത്തെ അദ്ദേഹം അപലപിച്ചു.
മാര്‍ച്ച് 22ന് മോസ്‌കോയിലുണ്ടായ ഭീകരാക്രമണം തീര്‍ത്തും അപലപനീയമാണ്. ഭീകരവാദ ഭീഷണിയെ നേരിടാന്‍ റഷ്യന്‍ ഫെഡറേഷനിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഭാരതം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും റഷ്യന്‍ സുരക്ഷാ ഉപദേഷ്ടാവ് നിക്കോളായ് പത്രുഷേവിനോട് അജിത് ഡോവല്‍ പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ഭീകരതയടക്കം ഏതൊരു ഭീകരപ്രവര്‍ത്തനവും ന്യായീകരിക്കാന്‍ കഴിയാത്തതാണ്. ആര്, എവിടെനിന്ന്, ആര്‍ക്കുവേണ്ടി, ഏത് സാഹചര്യത്തില്‍ ചെയ്തതായാലും അതിനെ ന്യായീകരിക്കാനാകില്ല.
എന്തുവില കൊടുത്തും ഭീകരതയെ ഫലപ്രദമായി അതിവേഗം നേരിടണം. ഭീകരവാദത്തെ ചെറുക്കുന്നതില്‍ ഇരട്ടനിലപാട് സ്വീകരിക്കുന്നത് നിര്‍ത്താന്‍ രാജ്യങ്ങള്‍ തയാറാകണം. ഭീകരവാദത്തിനായി ഫണ്ട് സ്വരൂപിക്കുന്നവരും, സ്‌പോണ്‍സര്‍മാരും, സഹായികളും നിയമത്തിന്റെ മുന്നിലെത്തണമെന്നും ഡോവല്‍ ചൂണ്ടിക്കാട്ടി.
ഭീകരസംഘടനകളും തുടര്‍ച്ചയായ ഭീഷണിയാണ്. അല്‍- ഖ്വയ്ദയും അവരുടെ ഉപസംഘടനകളും, ഇസ്ലാമിക് സ്റ്റേറ്റ്, പാകിസ്ഥാന്‍ ആസ്ഥാനമായ ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നിവയുള്‍പ്പെടെ ഐക്യരാഷ്‌ട്രസഭാ സുരക്ഷാ കൗണ്‍സില്‍ പട്ടികപ്പെടുത്തിയ ഭീകരസംഘടനകള്‍ നിരന്തരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. അതിര്‍ത്തി കടന്നുള്ള ആയുധക്കടത്തിനും ലഹരിക്കടത്തിനുമായി ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളെയാണ് ഭീകരര്‍ പ്രയോജനപ്പെടുത്തുന്നത്. ഇതിനെയും പ്രതിരോധിക്കേണ്ടതുണ്ട്, അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ ഭീകരവാദ ശ്യംഖലയെക്കുറിച്ചും അവിടുത്തെ സുരക്ഷാ പ്രശ്‌നങ്ങളെ കുറിച്ചും അദ്ദേഹം ആശങ്കയറിയിച്ചു. അഫ്ഗാനിലേക്ക് മാനുഷിക സഹായങ്ങളെത്തിക്കുക, വിശ്വാസ്യതയും ഉത്തരവാദിത്തവുമുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കുക എന്നിവയ്‌ക്കാണ് എസ്‌സിഒ പ്രാധാന്യം നല്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
Discussion about this post