ന്യൂദല്‍ഹി: നാല് ലേബര്‍ കോഡുകള്‍ നടപ്പാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ബിഎംഎസ് സ്വാഗതം ചെയ്തു. ഇക്കാര്യത്തില്‍ ബിഎംഎസ് ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിക്കുമെന്ന് കേന്ദ്രതൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ബിഎംഎസ് പ്രതിനിധി സംഘത്തിന് ഉറപ്പുനല്‍കിയതായും ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്രഹിംതെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
തൊഴിലാളികളുടെ അന്തസ്, സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ലേബര്‍ കോഡുകള്‍ നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തൊഴില്‍മന്ത്രിക്കും ബിഎംഎസ് അഭിനന്ദനം അറിയിച്ചു. ചില ആശങ്കകള്‍ ഉള്‍പ്പെടെ തൊഴില്‍ സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്‍സുഖ് മാണ്ഡവ്യയുമായി ബിഎംഎസ് ഉന്നതതല പ്രതിനിധിസംഘം ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ആശങ്കകള്‍ പരിഹരിക്കുമെന്നും ആവശ്യമെങ്കില്‍ പാര്‍ലമെന്റില്‍ ഭേദഗതികള്‍ അവതരിപ്പിക്കുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായും രവീന്ദ്രഹിംതെ അറിയിച്ചു.
ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഉടന്‍ വിളിച്ചുകൂട്ടുക, ഇപിഎഫ് പരിധി 15,000 രൂപയില്‍ നിന്ന് 30,000 രൂപയായി ഉയര്‍ത്തുക, ഇഎസ്ഐ പരിധി 21,000 രൂപയില്‍ നിന്ന് 42,000 രൂപയായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളും പ്രതിനിധിസംഘം മുന്നോട്ടുവെച്ചു. മുന്‍ പ്രസിഡന്റ് സി.കെ. സജി നാരായണന്‍, വൈസ് പ്രസിഡന്റ് എസ്. മല്ലേശം, സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രന്‍, സെക്രട്ടറിമാരായ ഗിരീഷ് ആര്യ, രാംനാഥ് ഗണേശെ, നോര്‍ത്ത് സോണ്‍ സംഘടനാ സെക്രട്ടറി പവന്‍ കുമാര്‍ എന്നിവരാണ് പ്രതിനിധിസംഘത്തില്‍ ഉണ്ടായിരുന്നത്.













Discussion about this post