മീററ്റ്(യുപി): സംഘം ഒരുമയെക്കുറിച്ച് പറയുകയല്ല, ഒരുമയില്‍ ജീവിക്കുകയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മാധവ്കുഞ്ജ് ശതാബ്ദി നഗറില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ദേശീയ, അന്തര്‍ദേശീയ കായികതാരങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.ആര്‍എസ്എസ് ശാഖയില്‍ അര മണിക്കൂര്‍ സമയം കായികവിനോദത്തിന് വേണ്ടിയാണ് ചെലവിടുന്നതെന്നും എന്നാല്‍ കായികസംഘടനയുടെ കാഴ്ചപ്പാടിലൂടെ സംഘത്തെ അറിയാമെന്നല്ലെന്നും സര്‍സംഘചാലക് പറഞ്ഞു.
സംഘത്തെ സമഗ്രമായി അറിയാന്‍ കഴിയണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭാരതീയമായ വീക്ഷണമാണ് സംഘം പുലര്‍ത്തുന്നത്. ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കുള്ളില്‍ ഭാരതത്തെ ഒതുക്കി നിര്‍ത്താന്‍ കഴിയില്ല. ഹിന്ദു എന്നത് ഒരു മതമോ വിഭാഗമോ അല്ല, അത് ഭാരതീയന്റെ സ്വഭാവമാണ്. വിവിധതയിലെ ഏകതയാണ് അതിന്റെ ആധാരം. സാംസ്‌കാരികമായ ഏകതയാണ് എല്ലാ വ്യത്യസ്തതകള്‍ക്കിടയിലും നമ്മളെ ഒരുമിപ്പിക്കുന്നത്.
പരമ്പരാഗത കായിക വിനോദങ്ങളെ അംഗീകരിക്കുകയും ഗ്രാമീണ കായികതാരങ്ങളെ പിന്തുണയ്ക്കുകയും കഴിവുകള്‍ കണ്ടെത്തി സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി സര്‍സംഘചാലക് പറഞ്ഞു. സംഘം നേരിട്ടല്ല ഇതൊന്നും ചെയ്യുന്നത്. അതിനായി കായികമേഖലയിലെ സ്വയംസേവകര്‍ ഒരുമിച്ചുചേര്‍ന്ന് വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് പദ്ധതി തയ്യാറാക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ക്രീഡാഭാരതി മുന്‍കൈയെടുത്ത് നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചപരിവര്‍ത്തനത്തിലൂടെ മയക്കുമരുന്ന് പോലുള്ള അപകടത്തില്‍ നിന്ന് യുവാക്കളെ മോചിപ്പിക്കണം. ജീവിതത്തില്‍ മൂല്യങ്ങളില്ലാതാകുന്നതാണ് ഇത്തരം വിപത്തുകള്‍ക്ക് കാരണം. മൂല്യങ്ങള്‍ വീട്ടില്‍ മാത്രമല്ല, വിദ്യാലയങ്ങളിലും സമൂഹത്തിലും പുലരണം. ധാര്‍മ്മിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണം.
ഭാരതം ഹിന്ദുരാഷ്ട്രമാണ്. ഈ നാടിന്റെ തനിമയും സംസസ്‌കൃതിയും ഹിന്ദുവാണ്. നമ്മളൊരു കുടുംബമാണ് എന്നതാണ് അതിന്റെ അടിസ്ഥാനമെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു.
മേജര്‍ ധ്യാന്‍ചന്ദ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മേജര്‍ ദീപ്ചന്ദ്ര അഹലാവത് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രകാര്യവാഹ് ഡോ. പ്രമോദ് കുമാര്‍, ക്ഷേത്ര സഹസംഘചാലക് പ്രൊഫ. നരേന്ദ്ര കുമാര്‍ തനേജ എന്നിവരും പങ്കെടുത്തു.

















Discussion about this post