ഭരത്പൂര്‍(രാജസ്ഥാന്‍): ഒരമ്മയുടെ മക്കളെന്ന നിലയില്‍ ഒരുമയോടെയും പരസ്പര വിശ്വാസത്തോടെയും കുടുംബ മനോഭാവത്തോടെയും ജീവിച്ചാല്‍, ഭാരതം സ്വയമേവ ശക്തവും സമ്പന്നവുമായ ഒരു രാഷ്ട്രമായിത്തീരുമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ആര്‍എസ്എസിന്റെ പ്രാഥമിക ലക്ഷ്യം സംഘടിതവും ഏകാത്മകവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ്. ഏതൊരു രാഷ്ട്രത്തിന്റെയും പുരോഗതി ഉറപ്പാക്കുന്നത് സാമ്പത്തിക വികസനം മാത്രമല്ല, സാമൂഹിക ഐക്യവും ആത്മവിശ്വാസവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിസാമഡയിലെ ഖോര്‍ ശ്രീ ശ്യാം മഹാരാജ് ക്ഷേത്ര സമുച്ചയത്തില്‍ നടന്ന മഹാഹിന്ദുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

ജാതി, ഭാഷ, പ്രദേശം, മതം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം സമൂഹത്തെ ശിഥിലമാക്കും. ഭാരതത്തിന്റെ ചരിത്രത്തിലുടനീളം എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രനിര്‍മ്മാണത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അത് തിരിച്ചറിഞ്ഞ് നമ്മള്‍ ഒന്നാകണം. പ്രകൃതിയെ ബഹുമാനിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. എന്നാല്‍ ആധുനിക ജീവിതശൈലി പരിസ്ഥിതിയെ തകര്‍ക്കുന്നു. ജലസ്രോതസ്സുകളുടെ മലിനീകരണവും മരങ്ങള്‍ നശിപ്പിക്കുന്നതും പ്ലാസ്റ്റിക്കിന്റെ വര്‍ധിച്ച ഉപയോഗവും ആശങ്കാജനകമാണ്. ജലസംരക്ഷണം, വൃക്ഷത്തൈ നടീല്‍, ശുചിത്വം എന്നിവ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറണം. ഓരോ പൗരനും അവരുടെ ഗ്രാമങ്ങള്‍, അയല്‍പക്കങ്ങള്‍, നഗരങ്ങള്‍ എന്നിവ വൃത്തിയായും ഹരിതമായും സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണം.
ഭാരതത്തിന്റെ ശക്തി അതിന്റെ കാര്‍ഷിക സമ്പ്രദായം, കുടില്‍ വ്യവസായങ്ങള്‍, ഗ്രാമ വ്യവസായങ്ങള്‍, നാടന്‍ കലകള്‍, ഭാഷാ വൈവിധ്യം എന്നിവയിലാണെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലികള്‍ക്കിടയില്‍, നമ്മുടെ സാംസ്‌കാരിക സ്വത്വത്തെയും പ്രാദേശിക വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

കുടുംബ മൂല്യങ്ങള്‍ സമൂഹത്തിന് സ്ഥിരത നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. അണുകുടുംബങ്ങളുടെയും കുടിയേറ്റത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന പ്രവണത സാമൂഹിക ഘടനയെ ബാധിക്കുന്നു. കുടുംബങ്ങളില്‍ ധാര്‍മ്മിക മൂല്യങ്ങള്‍, അച്ചടക്കം, സാംസ്‌കാരിക അവബോധം എന്നിവ വളര്‍ത്തിയെടുക്കണം. പൊതു സ്വത്ത് സംരക്ഷിക്കുക, നിയമങ്ങള്‍ പാലിക്കുക, എന്നിവ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സന്ത് കാഠിയ മഹാരാജ്, സന്ത് സത്യപാല്‍ ഗിരി, സന്ത് മോഹന്‍ദാസ്, സോണില ഗൗര്‍ എന്നിവര്‍ പരിപാടിയില്‍ വിശിഷ്ടാതിഥികളായി.















Discussion about this post